സൗദിയും ഇറാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുനസ്ഥാപിക്കുന്നു

റിയാദ്: സൗദിയും ഇറാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുനസ്ഥാപിക്കുന്നു. ഇരു രാജ്യങ്ങളിലും 2 മാസത്തിനുള്ളില്‍ എംബസികള്‍ തുറക്കാന്‍ ധാരണയായി. ഏറെ നാളുകള്‍ക്ക് ശേഷമാണ് സൗദിയും ഇറാനും തമ്മിലുള്ള ഉയഭയകക്ഷി ബന്ധം പുനസ്ഥാപിക്കുന്നത്.

ചൈനയുടെ മധ്യസ്ഥതയില്‍ നടന്ന 120 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് സൗദിയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇരു രാജ്യങ്ങളിലും 2 മാസത്തിനുള്ളില്‍ എംബസികള്‍ തുറക്കും. ഇരു രാജ്യങ്ങളുടെയും പരമാധികാരം പരസ്പരം അംഗീകരിക്കാനും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കാനും ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ് മുന്‍കയ്യെടുത്ത് നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തും. സുരക്ഷ, വാണിജ്യം, നിക്ഷേപം, സാങ്കേതിക വിദ്യ, കായികം, ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ സൗദിയും ഇറാനും തമ്മില്‍ നേരത്തെ ഉണ്ടായിരുന്ന സഹകരണം പുനസ്ഥാപിക്കുമെന്നും ധാരണാ പത്രത്തില്‍ പറയുന്നു.

സൗദി, ഇറാന്‍ നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്നതോടെ മേഖലയിലെ സംഘര്‍ഷാവസ്ഥയ്ക്ക് ഒരു പരിധിവരെ പരിഹാരമാകും എന്നാണ് പ്രതീക്ഷ. യമനിലെ ഹൂതികള്‍ക്ക് പിന്നിലും സൗദിക്ക് നേരെയുള്ള ഭീകരാക്രമണങ്ങള്‍ക്ക് പിന്നിലും ഇറാനാണ് എന്നായിരുന്നു സൗദിയുടെ ആരോപണം. മാര്‍ച്ച് 6 മുതല്‍ 10 വരെ ചൈനലില്‍ വെച്ചായിരുന്നു മധ്യസ്ഥ ചര്‍ച്ച നടന്നത്. മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കാരണമാകുന്ന പുതിയ നീക്കത്തെ വിവിധ ലോക രാജ്യങ്ങള്‍ സ്വാഗതം ചെയ്തു.

Comments are closed.