മലപ്പുറം: വേനൽ കടുത്തതിന് പിന്നാലെ ജില്ലയിൽ തീപിടിത്തം വർദ്ധിച്ചതോടെ ഫയർഫോഴ്സ് നെട്ടോട്ടത്തിലാണ്. അപകടസ്ഥലത്തെത്തി തീണയക്കുമ്പോഴേക്കും അടുത്ത വിളിയെത്തും. അരക്കോടിയോളം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട വകുപ്പിലുള്ളത് 161 പേർ മാത്രം!. സീനിയർ ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർമാരുടെയും ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർമാരുടെയും ഡ്രൈവർമാരുടെയും വലിയ കുറവ് മൂലം അമിത ജോലിഭാരത്തിനൊപ്പം സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാൻ കഴിയാതെ കുഴങ്ങുകയാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ.
നിലമ്പൂർ, തിരുവാലി, മഞ്ചേരി, മലപ്പുറം, പെരിന്തൽമണ്ണ, തിരൂർ, താനൂർ, പൊന്നാനി എന്നിവിടങ്ങളിലാണ് ജില്ലയിൽ ഫയർസ്റ്റേഷനുകൾ ഉള്ളത്. വിവിധ തസ്തികകളിലായി 62 ഒഴിവുകളുണ്ട്. ഫയർ റെസ്‌ക്യൂ ഓഫീസർമാരുടെ 48 ഒഴിവുകളും സീനിയർ ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർമാരുടെ മൂന്ന് ഒഴിവുകളും ഡ്രൈവർമാരുടെ 11 ഒഴിവുകളുമാണ് നികത്തപ്പെടാതെ കിടക്കുന്നത്. കൂടാതെ അരീക്കോട് ജില്ലയിലെ പ്രധാന നഗരങ്ങളിൽ ഫയർ ആൻഡ് റെസ്ക്യൂ സംവിധാനം ഇല്ലാത്തത് വലിയ ദുരിതമാണ് ഉണ്ടാക്കുന്നത്. ചാലിയാർ നദീതീരത്തുള്ള പട്ടണങ്ങളിൽ തീപിടുത്തം കൂടാതെ പ്രളയ കാലങ്ങളിൽ അനുബന്ധ ദുരന്തനിവാരണവും അത്യാവശ്യമാണ്. ചാലിയാറിൽ കാണാതാകുന്നവരെ തിരയുന്നതിന് പോലും സന്നദ്ധ സംഘടനകളെയും മറ്റുമാണ് ആശ്രയിക്കുന്നത്.
ജനസംഖ്യയിൽ മുന്നിലുള്ള മലപ്പുറം ഏറ്റവും കുറവ് ഫയർ സ്റ്റേഷനുകളുള്ള ജില്ലകളുടെ പട്ടികയിലാണ്. നിലമ്പൂർ, മഞ്ചേരി, തിരുവാലി, താനൂർ ഫയർ സ്റ്റേഷനുകൾക്ക് സ്വന്തമായി കെട്ടിടമില്ല. കാലാവസ്ഥ വ്യതിയാനം മൂലം അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോൾ ഒരേസമയം നാലും അഞ്ചും സ്ഥലങ്ങളിൽ നിന്നൊക്കെ തീയണയ്ക്കാനുള്ള സഹായാഭ്യർത്ഥനകളാണ് വരാറുള്ളത്. മലപ്പുറം ഫയർ സ്റ്റേഷൻ പരിധിയിൽ മാത്രം പ്രതിദിനം പത്ത് കേസുകളോ അതിൽ കൂടുതലോ വരുന്നുണ്ട്. ജീവനക്കാരുടെ അഭാവം കാരണം എല്ലായിടത്തും എത്താൻ കഴിയാത്തതിനാൽ തൊട്ടടുത്ത ഫയർ സ്റ്റേഷനുകളെ പലപ്പോഴും ആശ്രയിക്കേണ്ടി വരുന്നുണ്ട്. ചില സമയങ്ങളിൽ തൊട്ടടുത്ത സ്‌റ്റേഷനിലും ആളില്ലെങ്കിൽ സിവിൽ ഡിഫൻസിനെ ദൗത്യമേൽപ്പിക്കും. മറ്റ് ചിലപ്പോൾ അപകടം നടന്ന പ്രദേശത്തെ നാട്ടുകാരെ വിളിച്ച് തീ കെടുത്താൻ പറയേണ്ടതായും വരും.
മതിയായ ജീവനക്കാർ ഇല്ലാത്തതിനാൽ പല ഉദ്യോഗസ്ഥരും അധികസമയം ജോലി ചെയ്താണ് നിലവിലെ പ്രതിസന്ധിയെ തരണം ചെയ്യുന്നത്. തീ തുടക്കത്തിൽ തന്നെ കെടുത്താൻ ശ്രമിക്കാതിരിക്കുകയും ജനവാസ മേഖലയ്ക്ക് ഭീഷണിയാവുന്ന ഘട്ടം വരുമ്പോൾ ഫയർ ഫോഴ്‌സിനെ വിളിക്കുന്ന പ്രവണതയുമുണ്ട്.
Comments are closed.