അരീക്കോട്: പരീക്ഷ ചൂടിനിടയിലും ആവേശം ഒട്ടും കുറയാതെ അവിൽ പാടത്ത് കൊയ്ത്തുത്സവം. സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിക്കൂട്ടമാണ് പഠനത്തിരക്കിനിടയിലും വെള്ളേരി ചാലിപ്പാടത്തെ തങ്ങളുടെ അവിൽപാടത്ത് നെല്ല് പാകമായപ്പോൾ കൊയ്ത്തിനിറങ്ങിയത്. മലപ്പുറം ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ സഹകരണത്തോടെയാണ് കുട്ടികൾ കൃഷിയിറക്കിയിരുന്നത്.
പരീക്ഷാ കാലമായതിനാൽ കുട്ടികളെ സഹായിക്കാൻ രക്ഷിതാക്കളും കൊയ്ത്തുത്സവം കെങ്കേമമാക്കാൻ ആസ്ട്രേലിയയിൽ നിന്നുള്ള അതിഥിയും കൂടിയെത്തിയതോടെ പാടത്ത് ആവേശം ഇരട്ടിയായി. ഇന്റർനാഷണൽ ബിസിനസ് ഡെവലപ്മെന്റ് ഡിവിഷൻ മാനേജർ കൂടിയായ വാർണർ ബാഹർ (ആസ്ട്രേലിയ) ആണ് കൊയ്ത്തുത്സവത്തിന് ഇത്തവണ വിശിഷ്ടാതിഥിയായി എത്തിയത്. കേരളത്തിലെ പൊതു വിദ്യാഭ്യാസരീതിയും അനുബന്ധ പ്രവർത്തനങ്ങളും അതിഥിക്ക് നന്നായി ബോധിച്ചു. കൃഷി ഒരു പഠന പ്രവർത്തനമായി കാണുന്നത് മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നെൽപ്പാടത്ത് കുട്ടികൾ തീർത്ത മാതൃക മുതിർന്നവർ പിൻപറ്റണമെന്നതാണ് ഈ കൊയ്ത്തുത്സവം നൽകുന്ന പാഠം. യുവതലമുറയിൽ കൃഷിയോടുള്ള സമീപനം മാറ്റാൻ തന്നെ ഇത്തരം പ്രവർത്തനങ്ങൾക്കാകുമെന്നു അദ്ദേഹം പറഞ്ഞു.
‘പൊൻമണി’ ഇനത്തിൽപെട്ട വിത്താണ് ഇപ്രാവശ്യം കൃഷി ചെയ്തത്.യുവകർഷകനും അരീക്കോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ നൗഷർ കല്ലടയുടെ വെള്ളേരിയിലെ ചാലിപ്പാടത്തെ ഒരേക്കർ വയലിലാണ് സ്കൂളിലെ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ കൃഷി ഇറക്കിയത്. വിദ്യാർത്ഥികൾക്കൊപ്പം അതിഥിയും നെല്പാടത്തേക്കിറങ്ങിയതോടെ കൊയ്തുപാട്ടിന്റെ ഈരടികൾ ഉയർന്നു. പാട്ടിന്റെ താളത്തിനൊത്ത് അവർ നെല്ല് കൊയ്തു. ഇടകാലത്ത് നമുക്ക് നഷ്ടപ്പെട്ട നമ്മുടെ കാർഷിക സംസ്കാരത്തിലേക്കുള്ള തിരിച്ചുപോക്കിന്റെ വിളംബരമായി ചാലി പാടത്തെ കൊയ്ത്തുത്സവം. രാവിലെ 8 മണിക്കായിരുന്നു കൊയ്ത്തുത്സവം. വിദ്യാർത്ഥികളും, രക്ഷിതാക്കളും,അധ്യാപകരും, നാട്ടുകാരും ചേർന്ന് കൊയ്ത്തുത്സവം അവിസ്മരണീയമാക്കി.
കഴിഞ്ഞ ആറു വർഷമായി കുട്ടികൾ ഇവിടെ കൃഷിയിറക്കുന്നുണ്ട്. ബിരിയാണിപ്പാടം ഒരുക്കി അതിൽ നിന്നുള്ള വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. വിളവെടുത്ത നെല്ല് അരിയാക്കി സ്‌കൂൾ ഉച്ചഭക്ഷണപദ്ധതിയിലേക്ക് നല്കുകയാണ് പതിവ്. എന്നാൽ ഈ വർഷം അവിൽപ്പാടം ആണ് കുട്ടികൾ ഒരുക്കിയത്. മുൻവർഷങ്ങളിൽ കൃഷി മന്ത്രി പി പ്രസാദ്, മുൻ മന്ത്രിമാരായ വി എസ് സുനിൽ കുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി, മുൻ ജില്ലാ കളക്ടർ ഗോപാലകൃഷ്ണൻ, വി ടി ബൽറാം തുടങ്ങിയവർ കൊയ്ത്തുത്സവങ്ങളിൽ അതിഥികളായി എത്തിയിരുന്നു.
സ്കൂളിന്റെ ‘സുഭിക്ഷം’ പദ്ധതി പ്രകാരം വെള്ളേരി യെ ‘മാതൃകാ ഹരിത ഗ്രാമം’ ആയി പ്രഖ്യാപിചിരുന്നു. പ്രദശത്തെ 2500 കുടുംബങ്ങൾക്ക് കൃഷിക്കും കുടിവെള്ളത്തിനും വേണ്ടി വിദ്യാർത്ഥികൾ കടുങ്ങല്ലൂർ തോടിനു കുറുകെ ‘തടയണ’ നിർമിച്ചത് കഴിഞ്ഞ വർഷത്തിലായിരുന്നു. വ്യത്യസ്ത പ്രോഗ്രാമുകൾ നടത്തി മാതൃകയാവുകയാണ് സ്കൂളിലെ എൻ.എസ്. എസ് യൂണിറ്റ്. മലപ്പുറം ജില്ലയിലെ കഴിഞ്ഞ വർഷത്തെ മികച്ച എൻ.എസ്.എസ് യൂണിറ്റായി സ്‌കൂളിനെയും, പ്രോഗ്രാം ഓഫീസറായി സ്കൂളിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മുഹ്സിൻ ചോലയിലിനെ തിരഞ്ഞെടുത്തിരുന്നു. ജന പ്രതിനിധികളായ ഷിബിൻ ലാൽ, സാദിൽ. കെ, കൃഷി ഓഫീസർ നജ്മുദ്ധീൻ, സ്കൂൾ മാനേജർ കെ അബ്ദുസ്സലാം, സെക്രട്ടറി എൻ. അബ്ദുല്ല, സ്കൂൾ പ്രിൻസിപ്പാൾ മുനീബ്റഹ്മാൻ കെ ടി, ഹെഡ്മാസ്റ്റർ സി പി അബ്ദുൽ കരീം, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മുഹ്സിൻ ചോലയിൽ, അലുംനി അസോസിയേഷൻ ജനറൽ സെക്രട്ടറി എം പി ബി ശൗക്കത്ത്, എം ടി എ പ്രസിഡന്റ് റജീന സയ്യിദലി എന്നിവർ പങ്കെടുത്തു.
Comments are closed.