കേന്ദ്രീകൃത വിദ്യാഭ്യാസ സംവിധാനം ഒരുക്കാൻ സമസ്ത

മലപ്പുറം : ദേശീയതലത്തിൽ കേന്ദ്രീകൃത വിദ്യാഭ്യാസ സംവിധാനമൊരുക്കാൻ സമസ്ത. മത–ഭൗതിക വിദ്യാഭ്യാസം ഏകോപിപ്പിച്ച് തയാറാക്കിയ പ്രത്യേക കരിക്കുലം ചട്ടക്കൂട് ചർച്ച ചെയ്യാൻ വിദഗ്ധരുൾപ്പെടുന്ന അക്കാദമിക ശിൽപശാല ഉടൻ നടത്തും. കരിക്കുലം പിന്തുടരാൻ താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്ന് പിന്നീട് അപേക്ഷ ക്ഷണിക്കും.

ഇവ പരിശോധിച്ച് അഫിലിയേഷൻ നൽകും. സനദ് സമസ്ത തന്നെ നേരിട്ടു വിതരണം ചെയ്യുന്ന വിധത്തിലാണ് സംവിധാനം.നേരത്തേ സമസ്ത കേന്ദ്ര മുശാവറയെടുത്ത തീരുമാനം നടപ്പാക്കുന്നത് സംബന്ധിച്ച് ഇന്നലെ ചേർന്ന ഇസ്‌ലാമിക മത വിദ്യാഭ്യാസ ബോർഡ് യോഗം ചർച്ച ചെയ്തു. ഈ കേന്ദ്രീകൃത സംയോജിത വിദ്യാഭ്യാസ സംവിധാനം എത്രയും വേഗം നടപ്പാക്കാനാണ് തീരുമാനം.

സംവിധാനത്തിന്റെ താൽക്കാലിക ആസ്ഥാനം കോഴിക്കോട്ടെ സമസ്ത കാര്യാലയത്തിലാകും. വിപുലമായ ആസ്ഥാനം സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കും. പുതിയ കരിക്കുലം അനുസരിച്ച് നൽകുന്ന ബിരുദത്തിന് പ്രത്യേക പേരും നിശ്ചയിച്ചേക്കും. രാജ്യത്തെ വിവിധ ഭാഷകളിലും പാഠപുസ്തകങ്ങളുണ്ടാകുമെന്നാണ് സൂചന.

ശിൽപശാലയിൽ മത–ഭൗതിക രംഗത്തെ പ്രഗല്ഭരെയും വിദ്യാഭ്യാസ ബോർഡ് ഭാരവാഹികളെയും ഉൾപ്പെടുത്തും. ദേശീയ തലത്തിൽ സമസ്തയുടെ വിദ്യാഭ്യാസ പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് സംവിധാനമെന്ന് നേതാക്കൾ പറഞ്ഞു.

Comments are closed.