അരീക്കോട് : ചാലിയാർ കേന്ദ്രീകരിച്ചുള്ള അനധികൃത മണൽക്കടത്തിനെതിരേ എ.എസ്.പി. വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിൽ പോലീസ് നടപടി കർശനമാക്കി. കഴിഞ്ഞ രണ്ടരമാസത്തിനിടെ 28 വാഹനങ്ങളാണ് പോലീസ് പിടികൂടിയത്. അരീക്കോട്, വാഴക്കാട്, കൊണ്ടോട്ടി സ്റ്റേഷനുകളിലായാണ് ഇത്രയും വാഹനങ്ങൾ പിടികൂടിയത്. മാർച്ചിൽ മാത്രം അരീക്കോട്ട് നാലു വാഹനങ്ങളും വാഴക്കാട്ടും കൊണ്ടോട്ടിയിലും രണ്ടുവീതം വാഹനങ്ങളും പിടികൂടിയിട്ടുണ്ട്. വേനൽക്കാലമായതോടെ ചാലിയാറിൽനിന്ന് എളുപ്പത്തിൽ മണലെടുക്കാം. അനധികൃത മണലിന് ഡിമാൻഡ് കൂടിയിട്ടുമുണ്ട്.
9000 മുതൽ 12000 രൂപവരെ ഈടാക്കിയാണ് അനധികൃത മണൽ എത്തിച്ചുനൽകുന്നത്. വാഹനത്തിന്റെ മുന്നിലും പിന്നിലും അകമ്പടിവാഹനങ്ങളും പ്രധാന കവലകളിൽ വിവരംനൽകാൻ സ്ഥിരം സംവിധാനവുമെല്ലാം ഒരുക്കിയാണ് മണൽ കടത്തുന്നത്.
വാഹനത്തിലുള്ളവരെ മാത്രമല്ല, മണൽക്കടത്തുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളെയും പോലീസ് ഓരോ കേസിലും പിടികൂടുന്നുണ്ട്. ആർ.സി. ഉടമയടക്കം കേസിൽ പ്രതിയാകും. മണൽക്കടത്തുമായി ബന്ധപ്പെട്ട് ഈ വർഷം ഇതുവരെ എഴുപതോളംപേരെ പിടികൂടിയതായി എ.എസ്.പി. വിജയ് ഭാരത് റെഡ്ഡി പറഞ്ഞു.
Comments are closed.