‘വനാവകാശരേഖ പോരാ,ഞങ്ങൾക്ക് പട്ടയം തരൂ…’ സഞ്ചരിക്കുന്ന അദാലത്തിൽ പരാതികളുടെ കെട്ടഴിച്ച് ആദിവാസികൾ

അരീക്കോട്: ഏറനാട് താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റിയുടെ സഞ്ചരിക്കുന്ന അദാലത്തിൽ പരാതികളുടെ കെട്ടഴിച്ച് ആദിവാസികൾ. വനഭൂമിയിൽ വർഷങ്ങളായി കുടിലുകെട്ടി, കൃഷിചെയ്തുപോരുന്നവർക്ക് പട്ടയം അനുവദിക്കണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം. ഇപ്പോൾ കൈവശമുള്ള വനാവകാശരേഖകൊണ്ട് യാതൊരു ഉപകാരവുമില്ലെന്നും അവർ പരാതിപ്പെട്ടു.

ഊർങ്ങാട്ടിരി ഗ്രാമപ്പഞ്ചായത്തിലെ കക്കാടംപൊയിൽ കരിമ്പ് ആദിവാസി കോളനിയിൽ 22 കുടുംബങ്ങളാണ് താമസിക്കുന്നത്. വെണ്ടക്കാംപൊയിലിൽ 21 കുടുംബങ്ങളും പൊട്ടാടിയിൽ പത്തും നെല്ലായിൽ മൂന്നു കുടുംബങ്ങളും താമസിക്കുന്നു. വന്യജീവികൾ വരുത്തുന്ന കൃഷിനാശം, നീർച്ചോലയിലെ വെള്ളം വന്യജീവികളും മറ്റും മലിനപ്പെടുത്തുന്നതിനാലുണ്ടായ കുടിവെള്ളപ്രശ്നം എന്നിവയും ഉന്നയിച്ചു. തൊട്ടടുത്ത ചീങ്കണ്ണിപ്പാലിയിൽ നിർമിച്ച പഞ്ചായത്ത് കുളത്തിൽനിന്ന്‌ വെള്ളമെത്തിക്കണമെന്നും ആവശ്യപ്പെട്ടു. തൊഴിലുറപ്പ് ദിവസങ്ങൾ വെട്ടിക്കുറച്ചതും ഇവരുടെ സങ്കടമായി.

കൊടുമ്പുഴ, കല്ലറ കോളനിയിലേക്കുള്ള ദുർഘടംപിടിച്ച വഴി വാഹനസഞ്ചാരത്തിനു യോഗ്യമാക്കണമെന്നും നടപ്പാലം വേണമെന്നുമുള്ള ആവശ്യങ്ങൾ മൂപ്പൻ ഗോപാലകൃഷ്ണൻ ഉന്നയിച്ചു. പ്രളയത്തിലും മറ്റും വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് സർക്കാർ നൽകുന്ന സഹായധനം ഉപയോഗപ്പെടുത്താനാകാത്ത പ്രശ്‌നങ്ങളും അദാലത്തിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞതായി അതോറിറ്റി സംഘാംഗങ്ങൾ പറഞ്ഞു. നടവഴിക്ക് സ്ഥലംകിട്ടാത്തതും ബാങ്ക് വായ്‌പ തിരിച്ചടവും റേഷൻകാർഡുകൾ മുൻഗണനയിലേക്കു മാറ്റുന്നതും തെരുവുനായ, നീർനായ എന്നിവ കടിച്ചതിന് സാമ്പത്തികസഹായം കിട്ടാത്തതും പരാതികളായി വന്നു.

ജില്ലാ പ്രിൻസിപ്പൽ ആൻഡ്‌ സെഷൻസ് ജഡ്‌ജി എസ്. മുരളീകൃഷ്ണ ഫ്ലാഗ്ഓഫ് ചെയ്ത മൊബൈൽ അദാലത്ത് ഏറനാട് താലൂക്കിലെ നഗര-ഗ്രാമപ്പഞ്ചായത്തുകളിലെ വിവിധ പട്ടികജാതി-വർഗ കോളനികളിലൂടെ അഞ്ചുദിവസം സഞ്ചരിച്ച് സമാപിച്ചു. പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറും. എല്ലാ കേന്ദ്രങ്ങളിലും നിയമാവബോധ ക്ലാസെടുത്തു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി കെ. നൗഷാദലി, ജവാദ്, വി. അരുൺ, പി. വാസുദേവൻ, പാനൽ അഭിഭാഷകരായ എം.ടി. ഷാക്‌സ്‌, ആശിജ, ഷാൻബേബി, മുജീബ്റഹ്‌മാൻ, പാരാലീഗൽ വൊളൻറിയർമാരായ കെ. അമ്പിളി, രവീന്ദ്രൻ മംഗലശ്ശേരി, എം. സാജിത, എൻ. മജീദ്, റുഖിയ അഷ്റഫ്, കെ.പി. മാധവൻ, എം. ശബ്ന എന്നിവർ നേതൃത്വംനൽകി.

(ചിത്രം പ്രതീകാത്മകം)

Comments are closed.