പോലീസും വാഹനവകുപ്പും പ്രതിസന്ധിയുണ്ടാക്കുന്നു : സങ്കടക്കെട്ടഴിച്ച് വൈദ്യുതി ഓട്ടോറിക്ഷക്കാർ

അരീക്കോട് : മോട്ടോർ വാഹനവകുപ്പും പോലീസും പെട്രോൾ ഓട്ടോ ഡ്രൈവർമാരും പ്രതിസന്ധികളുണ്ടാക്കി ബുദ്ധിമുട്ടിക്കുന്നൂവെന്ന് വൈദ്യുതി ഓട്ടോറിക്ഷാ ഡ്രൈവർമാർ. മലപ്പുറം പ്രസ്‌ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ കേരള ഇലക്‌ട്രിക്‌ റിക്ഷ ഡ്രൈവേഴ്‌സ് യൂണിയൻ (കെ.ഇ.ആർ.ഡി.യു.) ഭാരവാഹികളാണ് സങ്കടക്കെട്ടഴിച്ചത്. സ്വയംതൊഴിൽ കണ്ടെത്തുന്നതിന് ഇലക്‌ട്രിക് ഓട്ടോറിക്ഷകൾ വാങ്ങിയവരാണ് അധികൃതരിൽനിന്ന് നിരന്തരം പീഡനങ്ങൾ നേരിടുന്നതായി ആരോപിച്ച് രംഗത്തുവന്നത്.

പാരിസ്ഥിതിക മലിനീകരണം കുറയ്ക്കുക ലക്ഷ്യമിട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഏറെ പ്രോത്സാഹനംനൽകുന്ന മേഖലയാണിത്. എന്നാൽ, ഈ രംഗത്തിറങ്ങിയ തൊഴിൽരഹിതർ ഇപ്പോൾ പോലീസിൽനിന്ന്‌ പെട്രോൾ, ഡീസൽ ഓട്ടോ ഡ്രൈവർമാരിൽനിന്ന്‌ കടുത്ത പീഡനമാണ് നേരിടുന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.

മറ്റ് വാഹനങ്ങൾക്കുവേണ്ട മലിനീകരണ പരിശോധന വൈദ്യുതി വാഹനങ്ങൾക്ക് ആവശ്യമില്ല. എന്നാൽ, ഈ പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതിന്റെ പേരിൽ ഇത്തരം ഓട്ടോറിക്ഷകൾക്ക് പോലീസ് പിഴയിടുന്നു. അരീക്കോട് പോലീസ് ഇങ്ങനെ 250 രൂപ ഈടാക്കിയിട്ടുണ്ട്. നമ്പർ പ്ലേറ്റുകളിലെ മഞ്ഞ നിറം മാറി വെള്ളയാവുന്നതിന്റെ പേരിലും പിഴ ഈടാക്കി. ആർ.ടി.ഒ. തരുന്ന നമ്പർ പ്ലേറ്റുകൾക്ക് ഗുണമേന്മയില്ലാത്തതിനാലാണ് മഞ്ഞക്കളർ മായുന്നതെന്നും അവർ കുറ്റപ്പെടുത്തി. വൈദ്യുതി ഓട്ടോറിക്ഷകൾക്ക് ഹാൾട്ടിങ് പെർമിറ്റും ഡ്രൈവർക്ക് യൂണിഫോമും വേണ്ടെന്നാണു നിയമം. എന്നാൽ ഇതിന്റെ പേരിലും ഇപ്പോൾ പിഴ ഈടാക്കുന്നുണ്ട്. കേരളത്തിൽ എവിടെയും ഓടാൻ അനുമതിയുണ്ടെങ്കിലും അതിനും അധികൃതർ സമ്മതിക്കുന്നില്ല. അധികാരികളിൽ നിന്ന് ഇത്തരം ഭീഷണികൾ ഉയരുന്നതിന് പിന്നാലെയാണ് മറ്റ് ഓട്ടോ ഡ്രൈവർമാർ സ്റ്റാൻഡുകളിൽ കയറ്റില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രശ്നം രൂക്ഷമായതോടെ കോഴിക്കോട് നഗരത്തിൽ ബോണറ്റ് നമ്പർ എന്ന പേരിൽ പോലീസ് പെർമിറ്റ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇവിടെ ഇതിനായി അപേക്ഷ നൽകിയിട്ടും പലർക്കും കിട്ടുന്നില്ലെന്നും ഭാരവാഹികൾ പറഞ്ഞു.

കേരളത്തിൽ ഒട്ടേറെ കമ്പനികൾ വൈദ്യുതി ഓട്ടോ പുറത്തിറക്കുന്നുണ്ടെങ്കിലും വിൽക്കുമ്പോൾ നൽകുന്ന വാഗ്ദാനങ്ങളൊന്നും പാലിക്കാറില്ല. ചാർജിങ് സ്റ്റേഷനുകളിൽ പലതും പ്രവർത്തന രഹിതമാണെന്നും ഇവർ കുറ്റപ്പെടുത്തി. യൂണിയൻ സംസ്ഥാന പ്രസിഡന്റ് സി.എം. സഹദുദ്ദീൻ, സെക്രട്ടറി അബ്്ദുള്ള പുത്തൻപീടികക്കൽ, ട്രഷറർ പി. അബ്ദുൾ റഷീദ്, എം.പി. മുസ്തഫ, കെ.വി. ടോമി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Comments are closed.