മക്ക : ഹജ്ജ് സീസൺ കണക്കിലെടുത്ത് വിദേശികളെ മക്ക ചെക്ക് പോസ്റ്റുകളിൽ തടഞ്ഞു നിർത്തിയതോടെ വിസിറ്റ് വിസയിലും ഉംറ വിസയിലും രാജ്യത്തുള്ളവർക്ക് ആശയക്കുഴപ്പമുണ്ട്. ഉംറ, വിസിറ്റ് വിസയിലുള്ളവർക്ക് നുസുക് ആപ്പ് വഴി പെർമിറ്റെടുത്ത് മക്കയിൽ പ്രവേശിച്ച് ഉംറ നിർവഹിക്കാം.
ഉംറ വിസയിലെത്തിയവർ ദുൽഖഅദ 29 (ജൂൺ 18) നകം സ്വദേശത്തേക്ക് മടങ്ങുകയാണ്. മെയ്, മാസങ്ങളിൽ തിരക്കില്ലാതെ ഉംറ നിർവഹിക്കാൻ പറ്റുന്ന ദിവസങ്ങളും നുസുക് ആപ്പിൽ കാണിക്കുന്നുണ്ട്. ആപ്പ് വഴി ഉംറ പെർമിറ്റ് ലഭിക്കുന്നിടത്തോളം യാതൊരു തടസ്സവുമില്ലാതെ ഉംറ നിർവഹിക്കാം.
വിസിറ്റ് വിസയിൽ രാജ്യത്തെത്തിയവർക്ക് ഉംറ പെർമിറ്റുണ്ടെങ്കിൽ മാത്രമേ മക്കയിലേക്ക് പ്രവേശനം നൽകുകയുള്ളൂവെന്ന് കഴിഞ്ഞ ദിവസം ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഉംറ പെർമിറ്റ് കൈവശമുള്ളവർ പെർമിറ്റിൽ നിർണ്ണയിച്ച സമയം കൃത്യമായി പാലിക്കണമെന്ന് ഹജ്, ഉംറ ആവശ്യങ്ങൾ ആവശ്യപ്പെടുകയും ചെയ്തു.
ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് പ്രത്യേക പെർമിറ്റില്ലാത്ത വിദേശികൾക്ക് മക്കയിൽ പ്രവേശന വിലക്ക് നിലവിൽ വന്നിട്ടുണ്ട്. പെർമിറ്റില്ലാത്തവരെ മക്കക്ക് സമീപമുള്ള ചെക്ക് പോസ്റ്റുകളിൽ നിന്ന് തിരിച്ചയക്കും.
ജോലി ആവശ്യം മക്കയിൽ പ്രവേശിക്കാൻ പ്രത്യേക പെർമിറ്റ് നേടിയവരെയും മക്ക ജവാസാത്ത് ഇഷ്യു ചെയ്ത ഇഖാമയുള്ളവരെയും ഉംറ, ഹജ് പെർമിറ്റുകൾ നേടിയവരെയും മാത്രമാണ് ചെക്ക് പോസ്റ്റുകളിൽനിന്ന് മക്കയിലേക്ക് കടത്തിവിടുന്നത്.
മക്കയിൽ പ്രവേശിക്കാനുള്ള പ്രത്യേക പെർമിറ്റ് ജവാസാത്ത് ഡയറക്ടറേറ്റ് ഓൺലൈനായി അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. സൗദി കുടുംബങ്ങളിലെ ഗാർഹിക തൊഴിലാളികൾ, സൗദികളല്ലാത്ത കുടുംബാംഗങ്ങൾ, മക്കയിൽ ആസ്ഥാനത്തെ സ്ഥാപനങ്ങളിലെ ജീവനക്കാർ, ഹജ്ജ് കാലത്ത് ജോലി ചെയ്യാൻ മക്കയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ തൊഴിൽ കരാറുകൾ ഒപ്പുവെച്ചു, തൊഴിലാളി കൈമാറ്റത്തിനുള്ള അജീർ സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത സീസൺ തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളിൽ പെട്ടവർക്കാണ് മക്കയിൽ പ്രവേശിക്കാൻ എൻട്രി പെർമിറ്റ് ലഭിക്കുന്നത്.
Comments are closed.