സാമൂഹ്യ പ്രവർത്തകർ കൈകോർത്തു; ഷാർജയിൽ വിസയില്ലാതെ വഴിയോരത്തു കഴിഞ്ഞ തൃശൂർ സ്വദേശി നാട്ടിലേക്ക് മടങ്ങി

ഷാർജ : വിസയില്ലാതെ വഴിയോരത്തു കഴിഞ്ഞിരുന്ന തൃശൂർ അഞ്ചങ്ങാടി സ്വദേശി മുഹ്‌സിൻ (49) നെ സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലെത്തിച്ചു. യുഎഇയിലെ യാബ് ലീഗൽ സർവീസസിന്റെ സിഇഒ സലാം പാപ്പിനിശ്ശേരി, സാമൂഹ്യ പ്രവർത്തകരായ സിയാഫ് മട്ടാഞ്ചേരി, റഹീമ ഷനീദ്, ദുബായ് കെഎംസിസി പ്രവർത്തകൻ നൗഫൽ, ഷാർജ കെഎംസിസി പ്രവർത്തകർ, അജ്‌മാൻ ഇൻകാസ് പ്രവർത്തകർ
എന്നിവരുടെ ഇടപെടലിനെ തുടർന്നാണ് ഇദ്ദേഹത്തെ നാട്ടിലേക്കെത്തിക്കാൻ സാധിച്ചത്.

2023 മാർച്ച് – ൽ സന്ദർശക വിസയിൽ ജോലി അന്വേഷിച്ചു എത്തിയ മുഹ്‌സിന്റെ ബാഗ് മോഷണം പോയതിനെ തുടർന്ന് പാസ്‌പോർട്ടും മറ്റു രേഖകളും നഷ്ടമാകുകയായിരുന്നു. ഇതോടെ വിസ പുതുക്കുവാനോ ജോലിയിൽ കയറാനോ സാധിച്ചില്ല. വാടക കൊടുക്കാൻ സാധിക്കാത്തതോടെ റൂമിൽ നിന്നും ഇറങ്ങേണ്ടി വന്നു. തുടർന്ന് 4 മാസത്തോളം ഷാർജയിലെ സൗദി മോസ്‌കിനടുത്തുള്ള പാർക്കിൽ കഴിയുകയായിരുന്നു മുഹ്‌സിന് സാമൂഹ്യ പ്രവർത്തകർ തുണയാവുകയായിരുന്നു. വിസയില്ലാതെ തുടർന്നതിനാൽ ഭീമമായ തുക പിഴ വന്ന മുഹ്‌സിനെ നാട്ടിലേക്ക് എത്തിക്കുന്നതിന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തരപ്പെടുത്തി ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് അവീർ എമിഗ്രേഷനിൽ നിന്ന് പിഴ തുക ഒഴിവാക്കി നൽകി ഔട്ട്പാസ് ലഭ്യമാക്കുകയും ടിക്കറ്റ് ഉൾപ്പടെയുള്ള സഹായങ്ങൾ സലാം പാപ്പിനിശ്ശേരിയുടെ ഭാഗത്തു നിന്നും നൽകി ഇന്ന് വൈകീട്ട് ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാനത്തിൽ നാട്ടിലേക്ക് കയറ്റി വിടുകയായിരുന്നു.

Comments are closed.