യു.എ.ഇയില്‍ സ്വദേശിവല്‍ക്കരണം ഉയരുന്നു; തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 20 ലക്ഷം പേര്‍ ചേര്‍ന്നു

അബുദാബി: യു.ഇ.ഇയില്‍ ആരംഭിച്ച തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇതുവരെ 20 ലക്ഷം  തൊഴിലാളികള്‍ രജസ്റ്റര്‍ ചെയ്തു. ഈ വര്‍ഷം ആദ്യം പദ്ധതി ആരംഭിച്ചതുമുതല്‍ ഇതുവരെയുളള കണക്കാണിത്.

ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്നവരില്‍ 40,000 പേര്‍ യു.എ.ഇ സ്വദേശികളാണെന്ന് ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രി അബ്ദുറഹ്മാന്‍ അല്‍ അവാര്‍ പറഞ്ഞു. രാജ്യവ്യാപകമായി ആരംഭിച്ച പദ്ധതിയുട പുരോഗതി അബുദാബിയില്‍ നടന്ന ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍ അദ്ദേഹം വിശദീകരിച്ചു. രാജ്യത്തെ സ്വകാര്യ മേഖലയില്‍ ആരംഭിച്ച സ്വദേശിവല്‍ക്കരണത്തിന്റെ പുരോഗതിയും അദ്ദേഹം കൗണ്‍സില്‍ അംഗങ്ങളെ അറിയിച്ചു.

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന യു.എ.ഇ പൗരന്മാരുടെ എണ്ണം 66,000ല്‍ എത്തിയതായും ഈ വര്‍ഷം ആദ്യത്തെ മൂന്ന് മാസങ്ങളിലാണ് 10,000 ത്തിലേറെ പേരെ നിയമിച്ചതെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യമേഖലയില്‍ സ്വദേശി തൊഴിലാളികളുടെ സാന്നിധ്യം  ശക്തിപ്പെടുത്തുന്നതിനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയാണ് പ്രോത്സാഹജനകമായ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

50 ലേറെ ജീവനക്കാരുള്ള കമ്പനികള്‍ അടുത്ത ജനുവരി ഒന്നിനകം തങ്ങളുടെ തൊഴില്‍ ശക്തിയുടെ രണ്ട് ശതമാനം സ്വദേശികളാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഈ നിബന്ധനിയില്‍നിന്ന് ഫ്രീ സോണുകളിലെ സ്ഥാപനങ്ങളെ മാത്രമാമ് ഒഴിവാക്കിയിട്ടുള്ളത്. 2024 ജനുവരി ഒന്നിനകം സ്വദേശികള്‍ നാല് ശതമാനം എന്ന ലക്ഷ്യത്തിലെത്തിക്കണം. 2026 അവസാനത്തോടെ ഇത് 10 ശതമാനമായി ഉയരും.

പൊതു,സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുമ്പോള്‍ അവര്‍ക്ക് പരിരക്ഷ നല്‍കുകയാണ് തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ലക്ഷ്യം.  കഴിഞ്ഞ മേയില്‍ പ്രഖ്യാപിച്ച സോഷ്യല്‍ സെക്യൂരിറ്റി സപ്പോര്‍ട്ട് പ്രോഗ്രാം സ്വദേശികള്‍ക്കും വിദേശികള്‍ക്കും തൊഴിലുടമകള്‍ ജോലി അവസാനിപ്പിച്ചാല്‍ മൂന്ന് മാസത്തേക്ക് നിശ്ചിത തുക നല്‍കുന്നതാണ് പദ്ധതി.

തൊഴിലില്ലായ്മ സാമ്പത്തിക സഹായം ലഭിക്കുന്നതിന് ജീവനക്കാര്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രതിമാസ ശമ്പളത്തെ അടിസ്ഥാനമാക്കി ഇന്‍ഷുറന്‍സ് പ്രീമിയം നല്‍കുകയും വേണം.

തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പ്രോഗ്രാമിന്റെ രജിസ്‌ട്രേഷനുള്ള അവസാന തീയതി ജൂണ്‍ 30 ആണെന്ന് മന്ത്രാലയം അറിയിച്ചു.

Comments are closed.