യുഎഇയില്‍ ജൂണ്‍ മുതല്‍ കോര്‍പറേറ്റ് നികുതി; ഒമ്പത് മാസത്തിനുള്ളില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യണം: നികുതിയിളവ് കുറച്ചുപേര്‍ക്ക് മാത്രം: അറിയേണ്ടതെല്ലാം

സ്വകാര്യ സ്ഥാപനങ്ങള്‍ക്കും പബ്ലിക് ജോയിന്റ് സ്റ്റോക്ക് കമ്പനികള്‍ക്കും ജൂണ്‍ ആദ്യം മുതല്‍ യുഎഇ കോര്‍പറേറ്റ് നികുതി ഈടാക്കിത്തുടങ്ങും. ജൂണില്‍ കോര്‍പറേറ്റ് നികുതി നിയമം പ്രാബല്യത്തില്‍ വരുമെന്ന് ഫെഡറല്‍ ടാക്സ് അതോറിറ്റി (എഫ്.ടി.എ) നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനായുള്ള രജിസ്‌ട്രേഷന്‍ മെയില്‍ തന്നെ ആരംഭിച്ചിരുന്നു. യുഎഇയില്‍ വാര്‍ഷിക ലാഭം 3.75 ലക്ഷം ദിര്‍ഹത്തില്‍ കൂടുതലുള്ള കമ്പനികള്‍ 9% കോര്‍പ്പറേറ്റ് നികുതി നല്‍കണമെന്ന് 2022 ജനുവരിയിലാണ് പ്രഖ്യാപിച്ചത്.

സര്‍ക്കാര്‍, സ്വകാര്യ ജോലിയില്‍ നിന്നുള്ള ശമ്പളത്തിനോ മറ്റ് വ്യക്തിഗത വരുമാനത്തിനോ കോര്‍പ്പറേറ്റ് നികുതി ബാധകമല്ല. 30 ലക്ഷം ദിര്‍ഹമോ അതില്‍ കുറവോ വരുമാനമുള്ള യുഎഇയിലെ ചെറുകിട ബിസിനസ്സുകള്‍ക്കും കോര്‍പ്പറേറ്റ് ഇളവുണ്ട്. യുഎഇയില്‍ ആസ്ഥാനം ഇല്ലാത്ത കമ്പനി രാജ്യത്തുനിന്ന് വരുമാനം നേടുന്നുണ്ടെങ്കിലും കോര്‍പ്പറേറ്റ് നികുതി ബാധകമല്ല.

ഫ്രീസോണ്‍ കമ്പനികള്‍ക്ക് നിലവില്‍ നികുതിയില്‍ ഇളവുണ്ട്. പുതിയ കമ്പനികള്‍ക്കും ബിസിനസ്സുകള്‍ക്കും നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മതിയായ സാവകാശം നല്‍കും.

നികുതിക്കു വിധേയരാകുന്ന വ്യക്തികള്‍ കോര്‍പ്പറേറ്റ് ടാക്സ് റജിസ്റ്റര്‍ ചെയ്യണമെന്നു ധന മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രിത സംഘടനകളും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. പെന്‍ഷന്‍ അല്ലെങ്കില്‍ നിക്ഷേപ ഫണ്ടുകള്‍, ജീവകാരുണ്യ പ്രവര്‍ത്തനം, സാമൂഹിക സേവനങ്ങള്‍, സിഎസ്ആര്‍ തുടങ്ങി സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നവയ്ക്കും ഇളവിന് അര്‍ഹതയുണ്ട്

വാര്‍ഷിക കോര്‍പ്പറേറ്റ് ടാക്‌സ് റിട്ടേണുകള്‍ എല്ലാ നികുതി വിധേയരായ വ്യക്തികളും നികുതി കാലയളവ് അവസാനിച്ച് ഒമ്പത് മാസത്തിനുള്ളില്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്. നികുതി കാലയളവ് അവസാനിച്ചതിന് ശേഷം ഏഴ് വര്‍ഷത്തേക്ക് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കാന്‍ നികുതി അടക്കുന്നവര്‍ ബാധ്യസ്ഥരാണ്. യുഎഇയിലെ കോര്‍പ്പറേറ്റ് നികുതി ലോകത്തിലെ ഏറ്റവും കുറഞ്ഞ നികുതികളിലൊന്നാണെന്നാണ് അധികൃതരുടെ അവകാശവാദം. കോര്‍പ്പറേഷനുകളുടെയും മറ്റ് ബിസിനസുകളുടെയും അറ്റാദായത്തിന്മേല്‍ ചുമത്തുന്ന നേരിട്ടുള്ള നികുതിയാണ് കോര്‍പ്പറേറ്റ് ആദായനികുതി അഥവാ ബിസിനസ് ലാഭനികുതി. രാജ്യത്തിന്റെ വികസനവും പരിവര്‍ത്തനവും ത്വരിതപ്പെടുത്തുന്നതിനാണ് പുതിയ നികുതി കൊണ്ടുവരുന്നത്. കോര്‍പ്പറേഷനുകളുടെയും ബിസിനസ്സുകളുടെയും നികുതി സംബന്ധിച്ച 2022 ലെ നാല്‍പ്പത്തി ഏഴാം നമ്പര്‍ ഫെഡറല്‍ നിയമം അനുസരിച്ചാണിതെന്ന് ധനമന്ത്രാലയം അറിയിച്ചു. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് 375,000 ദിര്‍ഹം എന്ന ഉയര്‍ന്ന ലാഭ പരിധി നിര്‍ണിയിച്ചിരിക്കുന്നത്.

Comments are closed.