ഉറക്കത്തില്‍ നടക്കുന്നത് ഒരു രോഗമാണോ? വിശദമായി അറിയാം

ഉറക്കത്തിനിടയിൽ ഇറങ്ങി നടക്കുന്നവരാണോ നിങ്ങൾ… എപ്പോഴെങ്കിലും നിങ്ങളുടെ കിടക്കയിൽ ഉറങ്ങാൻ കിടന്നിട്ട് സ്വീകരണമുറിയിലെ സോഫയിൽ ഉണർന്നിട്ടുണ്ടോ? എന്തുകൊണ്ടാണ് ഉറക്കത്തിനിടയിൽ നടക്കുന്നത്, ചിന്തിച്ചിട്ടുണ്ടോ?

തലച്ചോറിന് ഉണർവും, അവബോധവും ശരിയായ മൂഡും നൽകുന്ന ഒന്നാണ് ഉറക്കം. എന്നാൽ ഭൂരിഭാഗം ആളുകളും ഗുരുതരമായ ഉറക്ക പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണെന്നതാണ് ഒരു പ്രധാന കാ‍ര്യം. താളം തെറ്റിയ ഉറക്കം ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങളെ വലിയ രീതിയിൽ ബാധിക്കുന്നതിന് കാരണമായേക്കാം. സമ്മർദ്ദവും ഉത്ക്കണ്ഠയുമെല്ലാം ഉറക്കത്തിനു തടസ്സം സൃഷ്ടിക്കുന്ന ഘടകങ്ങളാണ്. അതുപോലെ ഒന്നാണ് ഉറക്കത്തിനടയിലെ നടത്തം.

എന്താണ് സ്ലീപ് വാക്കിങ്

ഉറക്കം ആരംഭിച്ച ഒരു വ്യക്തി പൂര്‍ണമായി ഉണരാതെതന്നെ കിടക്കയില്‍ നിന്നെഴുന്നേറ്റ് ചലിക്കാന്‍ തുടങ്ങുന്നതിനാണ് സ്ലീപ് വാക്കിങ്ങ് എന്നു പറയുക. ഉറക്കത്തിനിടെ തുടര്‍ച്ചയായി കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുന്നതും കുറച്ചുദൂരം നടക്കുന്നതുമാണ് ഇതിന്റെ പ്രധാന ലക്ഷണം. ഇതിന്റെ ആരംഭ ഘട്ടത്തിൽ നിര്‍വികാരമായ തരത്തിലുള്ള തുറിച്ചുനോട്ടം, ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ബുദ്ധിമുട്ട് എന്നീ ലക്ഷണങ്ങളായിരിക്കും കാണാൻ സാധിക്കുക. എന്നാൽ ഉറക്കമുണര്‍ന്നു കഴിഞ്ഞാല്‍ നടന്ന സംഭവങ്ങളെക്കുറിച്ച് ഒന്നും ഓര്‍മയുമുണ്ടാകില്ല. സാധാരണ ​ഗതിയിൽ മുതിർന്നവരേക്കാൾ കൂടുതൽ കുട്ടികളിലാണ് ഇത് കണ്ടുവരുന്നത്.

ഈ പ്രവർത്തനം സോനാംബുലിസം എന്നും അറിയപ്പെടും. ഇത് ഒരു നിദ്രാ വൈകല്യമാണ്. ആഴത്തിലുള്ള ഉറക്കത്തിൽ ഉണ്ടാകുന്ന പെരുമാറ്റങ്ങളാണ് ഇതിന്റെ സവിശേഷത. ഉറക്കത്തിന്റെ തുടക്കത്തിൽ ഒന്നൊന്നര മണിക്കൂറിലാണ് സ്ലീപ് വാക്കിങ്ങ് കൂടുതലായും കാണപ്പെടുന്നത്. ഏതാനും സെക്കന്റുകള്‍ തൊട്ട് അഞ്ചു മുതല്‍ പതിനഞ്ച് മിനിട്ടുവരെയാണ് ഇതിന്റെ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കുക. കിടക്കയില്‍ എഴുന്നേറ്റിരിക്കുക, നടക്കാന്‍ ശ്രമിക്കുക തുടങ്ങിയ ലക്ഷണങ്ങളാണ് സാധാരണയായി കാണാറുള്ളത്. കണ്ണ് തുറന്നുപിടിച്ചിരിക്കുന്നതിനാല്‍ രോഗി ഉണര്‍ന്നിരിക്കുകയാണെന്നാണ് മറ്റുള്ളവര്‍ക്ക് തോന്നുക. മാത്രമല്ല, എണീക്കുമ്പോഴും നടത്തത്തിനിടയിലും രോഗി അവ്യക്തമായി കരയുകയോ സംസാരിക്കുകയോ ചെയ്തേക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ അരികിലുള്ള വസ്തുക്കളില്‍ത്തട്ടി വീഴാതെയും പരിക്കുകളൊന്നും ഏല്‍ക്കാതെയും ഈ രോഗി നടത്തം പൂര്‍ത്തിയാക്കാറുണ്ട്. അതുകൊണ്ട് തന്നെ സ്ലീപ് വാക്കിങ്ങിനിടയിലും രോഗിക്ക് കുറച്ച് ബോധം അവശേഷിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.

കാരണം

ഒരു വ്യക്തി മാനസികമായി സമ്മർദ്ദത്തിലാണെങ്കിൽ, ആരോ​ഗ്യപരമായ ഉറക്കം ലഭിക്കുന്നില്ലെങ്കിൽ സ്ലീപ് വാക്കിങിനുള്ള സാധ്യത കൂടുതലാണ്. ആവശ്യമായ ഉറക്കത്തിന്റെ അഭാവം, ആരോ​ഗ്യകരമല്ലാത്ത ഉറക്കം തുടങ്ങിയ കാര്യങ്ങൾ ഉറക്കത്തിനിടയിൽ നടക്കാനുള്ള പ്രവണത വർധിപ്പിക്കും. ഇത് മാനസിക പ്രശ്നങ്ങൾക്ക് വഴിവെക്കാറുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. അസുഖങ്ങളോ, ചുറ്റുപാടുകളിലെ മാറ്റങ്ങളോ, പരിക്കുകളോ കുട്ടികളിലെ സ്ലീപ് വാക്കിങിന് കാരണമാകാറുണ്ടെന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ. ഉയർന്ന സമ്മർദ്ദവും ഉത്കണ്ഠയും ഉറക്ക രീതികളെ തടസ്സപ്പെടുത്തുകയും ഉറക്കത്തിൽ നടക്കുന്ന പ്രവണത വർധിപ്പിക്കുകയും ചെയ്യും. ജോലി സംബന്ധമായ മാനസിക ബുദ്ധിമുട്ടുകളും വ്യക്തിപരമായ ബുദ്ധിമുട്ടുകളും ഇതിന് കാരണമാകാറുണ്ട്.

കുടുംബത്തിലെ ആർക്കെങ്കിലും ഉറക്കത്തിൽ നടക്കുന്ന ശീലമുണ്ടെങ്കിൽ അടുത്ത തലമുറയിൽ ഇതിനുള്ള സാധ്യതയുണ്ട്. ഉറക്കമില്ലായ്മ ഉറക്കത്തിലെ തകരാറുകൾക്കും വഴിവെച്ചേക്കാമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പറയുന്നു. കഴിക്കുന്ന ചില മരുന്നുകളുടെ പാർശ്വഫലമായും ഈ പ്രവര്‍ത്തനം ഒരു വ്യക്തിയിൽ രൂപപ്പെടാം. മുതിര്‍ന്നവരില്‍ പതിവായി ഇത് സംഭവിക്കുമ്പോള്‍ വിഷാദം, ഉത്കണ്ഠ, പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോഡര്‍, ഒബ്‌സസീവ്-കംപള്‍സീവ് ഡിസോഡര്‍ തുടങ്ങിയ മാനസിക വൈകല്യങ്ങള്‍ക്ക് കാരണമായേക്കാമെന്ന് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകൾ വ്യക്തമാക്കുന്നു.

സ്ലീപ് വാക്കിങ്ങിനിടെ മുകള്‍ നിലകളില്‍ നിന്നു താഴേക്കു വീഴുക, നടന്ന് നടന്ന് റോഡുകളിലെത്തുക ഒക്കെ സംഭവിക്കാം. ഇത് മൂലം അപൂര്‍വമായ അപകടങ്ങളും മരണങ്ങളും സംഭവിക്കാറുണ്ട്. സ്ലീപ് വാക്കിങ്ങ് ഉള്ളവരുടെ മുറികളില്‍ നിന്ന് അവര്‍ രാത്രിയില്‍ എഴുന്നേറ്റു നടക്കുന്ന സമയത്ത് അപകടങ്ങള്‍ക്കു കാരണമാകാന്‍ സാധ്യതയുള്ള വസ്തുക്കള്‍ എടുത്തുമാറ്റാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്ഥിരമായി ഉറക്കത്തിൽ നടക്കുകയാണെങ്കിൽ ഇത് തുടങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പായി കുട്ടിയെ വിളിച്ചുണര്‍ത്തുകയാണെങ്കില്‍ നടത്തം തടയാന്‍ സഹായകമാകും. ഇത്തരക്കാരുടെ മുറിയിലെ വാതിലില്‍ രാത്രി സമയങ്ങളില്‍ മണികള്‍ തൂക്കിയിടുന്നത് നല്ലതാണ്. ഇവർ വീടിന്റെ താഴെ നിലയില്‍ ഉറങ്ങുന്നതായിരിക്കും സുരക്ഷിതം.

ഉറങ്ങുന്ന വ്യക്തിയുടെ മാനസികാരോ​ഗ്യം

മാനസികാരോഗ്യം മോശമായതിന്റെ ലക്ഷണമാകണമെന്നില്ല എപ്പോഴും ഉറക്കത്തിനിടയിലെ നടത്തത്തിന് കാരണമെന്ന് വിദ​ഗ്ധർ പറയുന്നു. മുതിർന്നവരേക്കാൾ കുട്ടികളിലാണ് ഇത് പലപ്പോഴും സംഭവിക്കുന്നത്. കൗമാരപ്രായത്തിൽ തന്നെ അതിനെ ഭൂരിഭാ​ഗം ആളുകളും മറികടക്കാറുണ്ട്. പ്രായപൂർത്തിയായതിനു ശേഷം ഉറക്കത്തിൽ നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുന്നത് ​ഗുരുതരമായ പ്രശ്നമല്ല. മുതിർന്ന ശേഷം ആരെങ്കിലും ഉറക്കത്തിൽ നടക്കുന്നുണ്ടെങ്കിൽ ആ വ്യക്തിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് എല്ലായ്പ്പോഴും അർത്ഥമാക്കുന്നില്ല. ഉറക്കത്തിൽ നടക്കുന്നത് അപൂർവ്വമായി സംഭവിക്കുകയും രോഗിക്കോ മറ്റുള്ളവർക്കോ ദോഷം വരുത്താതിരിക്കുകയും ചെയ്താൽ, അത് ചികിത്സിക്കേണ്ട ആവശ്യമില്ലെന്നും വിദ​ഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്.

സൂക്ഷിക്കേണ്ട കാര്യങ്ങൾ

ഉറങ്ങുന്ന വ്യക്തി അർദ്ധരാത്രിയിൽ വീടുവിട്ടിറങ്ങുക, കാർ ഓടിക്കാൻ ശ്രമിക്കുക, പടികൾ കയറുക തുടങ്ങിയ പ്രവർത്തികൾ ആശങ്ക ഉണ്ടാക്കുന്നതാണ്. അബോധാവസ്ഥയിലുള്ള പ്രവർത്തികളിൽ അപകടം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഉറക്കത്തിൽ നടക്കുന്നത് പ്രശ്‌നങ്ങൾ ഉണ്ടാക്കുകയോ അപകടകരമായ സാഹചര്യങ്ങളിലേക്ക് നയിക്കുകയോ ചെയ്യുകയാണെങ്കിൽ ഉടനെ ഡോക്ടറെ കാണണം. നിരന്തരമായ ഉറക്കത്തിലെ നടത്തം മൂലം വ്യക്തിക്ക് ഉറക്ക തകരാറുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. അതുകൊണ്ട് തന്നെ ഡോക്ടറെ കാണുന്നത് മൂലം അടിസ്ഥാനപരമായ പ്രശ്നങ്ങൾ തിരിച്ചറിയാനും ഉചിതമായ ചികിത്സ നിർദ്ദേശവും ലഭിക്കും.

നല്ല ഉറക്കത്തിന് പാലിക്കാം

ഉറക്കത്തിനിടയിലെ നടത്തം തടയാൻ നല്ല ഉറക്ക ശീലം പാലിക്കണം. പ്രത്യേകിച്ചും കുട്ടികളിൽ ​ഗുണനിലവാരമുള്ള ഉറക്ക ശൈലികൾ നിർബന്ധമാക്കണം. ആ​രോ​ഗ്യപരമായ ഉറക്ക ദിനചര്യ ഉണ്ടാക്കിയെടുക്കുന്നത് വഴി ഉറക്കത്തിനിടയിലെ നടത്തം കുറയാൻ സഹായിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് ചുറ്റുപാടും സുരക്ഷ ഉറപ്പാക്കുക. വാതിലുകളും ജനലുകളും അടച്ചു പൂട്ടുക. വീടിനു പുറത്തെ ​ഗെയിറ്റ് അടച്ച് പൂട്ടി സുരക്ഷിതത്വം ഉറപ്പാക്കുക. ഉറങ്ങുന്നതിന് മുമ്പ് സൗഹൃദപരമായ അന്തരീക്ഷം സൃഷ്‌ടിക്കുക. കിടക്കുന്ന സമയത്ത് മൊബൈൽ ഫോൺ, ടിവി, ലാപ്ടോപ്പ് എന്നിവയുടെ ഉപയോ​ഗം ഒഴിവാക്കുക. കിടപ്പുമുറി ശാന്തവും ഇരുട്ടും നിറഞ്ഞതാക്കുക. അമിതമായ വെളിച്ചം, താപനില, ശബ്ദം എന്നിവ ഉറക്കത്തെ തടസ്സപ്പെടുത്തും. അതിനാൽ ഒരു മണിക്കൂർ മുമ്പേ ഇതെല്ലാം ഒഴിവാക്കി ഉറങ്ങാൻ തയ്യാറെടുക്കുക. അനുയോജ്യമായ തെറാപ്പി, വ്യായാമങ്ങൾ എന്നിവ പിന്തുടരുക. ഇടയ്ക്കിടെ ഉറക്കത്തിൽ നടക്കുന്നവർക്കുള്ള സുരക്ഷാ മുൻകരുതലുകൾ നടപ്പിലാക്കേണ്ടത് പ്രധാനമാണ്

Comments are closed.