ഇനി കൂളിങ് ഫിലിം ഒട്ടിക്കാം

കോടതി ഉത്തരവിനു പിന്നാലെ വാഹനങ്ങളില്‍ സണ്‍ ഫിലം ഒട്ടിച്ചു തുടങ്ങി

വാഹനങ്ങളിലെ ചില്ലുകളില്‍ നിര്‍ദിഷ്ട മാനദണ്ഡം അനുസരിച്ചു സണ്‍ഫിലിം (സേഫ്റ്റി ഗ്ലെയ്‌സിങ് ) ഒട്ടിക്കാന്‍ ആരംഭിച്ചു വാഹന ഉടമകള്‍.

ഇതിനോടകം നിരവധി വാഹനങ്ങളാണു സണ്‍ഫിലിം ഒട്ടിക്കാന്‍ കാറുകളുടെ ഇന്റീരിയല്‍ ചെയ്യുന്ന സ്ഥാപനങ്ങളെ സമീപിച്ചിരിക്കുന്നത്.

 

ഈ മാസം 11 നാണു വാഹനങ്ങളിലെ ഗ്ലാസുകളില്‍ കൂളിങ് ഫിലിം ഒട്ടിക്കുന്നതില്‍ ഇളവു നല്‍കി ഹൈക്കോടതി ഉത്തരവിട്ടത്. മുന്നിലും പിന്നിലുമുള്ള ഗ്ലാസുകളില്‍ 70 ശതമാനത്തില്‍ കുറയാത്ത സുതാര്യതയുള്ള ഫിലിം ഒട്ടിക്കാം. വശങ്ങളിലെ ഗ്ലാസുകളില്‍ അന്‍പതുശതമാനത്തില്‍ കുറയാത്ത സുതാര്യതയുള്ള ഫിലിം ഒട്ടിക്കാം. അനുവദനീയമായവിധം സുരക്ഷാ ഗ്ലാസോ ഫിലിമോ ഉള്ള വാഹനങ്ങള്‍ക്കു പിഴയീടാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

 

ഇതോടെയാണ് സണ്‍ഫിലിം ഒട്ടിക്കുന്നത് വീണ്ടും ആരംഭിച്ചത്. സണ്‍ ഫിലിം ഒട്ടിക്കാൻ എത്തുന്നവരെക്കാള്‍ കൂടുതല്‍ സണ്‍ ഫിലിം ഒട്ടിക്കുന്നതു സംബന്ധിച്ച്‌ അന്വേഷണങ്ങള്‍ നടത്തുന്നുന്നവരാണ് കൂടുതലും എത്തുന്നതെന്നും സ്ഥാപനങ്ങള്‍ പറയുന്നു.

 

കോടതി ഉത്തരവുണ്ടായിട്ടും പലര്‍ക്കും ഇപ്പോഴും സണ്‍ഫിലിം ഒട്ടിക്കുന്നതു സംബന്ധിച്ച്‌ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഹൈക്കോടതി ഉത്തരവിനെതിരെ മോര്‍ട്ടോര്‍ വാഹന വകുപ്പ് അപ്പീലിനു പോകുമോ എന്നതു സംബന്ധിച്ചു അവ്യക്ത നില നില്‍ക്കുന്നതിനാലാണിത്.

 

വിധിക്കെതിരെ അപ്പീല്‍ പോകേണ്ടെന്നാണ് മോട്ടോര്‍വാഹന വകുപ്പ് തീരുമാനമെന്ന വിവരങ്ങളാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഹൈകോടതി ഉത്തരവ് യുക്തിസഹമാണെന്ന നിഗമനത്തിലാണു വകുപ്പ്.

 

നേരത്തെ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറും സമാന പ്രതികരണം നടത്തിയിരുന്നു. കോടതി നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ ഇനി കൂളിങ് ഫിലിം ഒട്ടിക്കാം.

 

അതിനെതിരെ നടപടി ഉണ്ടാകില്ല. അതേസമയം മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനുള്ള പരിശോധനകള്‍ തുടരും. 2021 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്ന കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളിലെ വകുപ്പ് 100 ന്റെ ഭേദഗതി അനുസരിച്ച്‌ സേഫ്റ്റി ഗ്ലാസുകള്‍ക്ക് പകരം ‘സേഫ്റ്റി ഗ്ലേസിങ്’ കൂടി ഉപയോഗിക്കാന്‍ അനുവദിക്കുന്നുണ്ട്.

Comments are closed.