ഏഷ്യ കപ്പിൽ ഇന്ത്യ – പാക്കിസ്ഥാൻ മത്സരം മഴ കാരണം പൂർത്തിയാക്കാൻ സാധിക്കാതെ ഉപേക്ഷിച്ചു. ഇന്ത്യ 266 റൺസിന് ഓൾ ഔട്ടായ ശേഷം മഴ കാരണം പാക്കിസ്ഥാന് മറുപടി ബാറ്റിങ് ആരംഭിക്കാനേ സാധിച്ചില്ല
നേരത്തെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നിട്ടും, ലോകോത്തരമായ പാക് പേസ് ബൗളിങ് നിരയ്ക്കെതിരേ ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. ഷഹീൻ അഫ്രീദി തുടക്കത്തിൽ ലെങ്ത് കണ്ടെത്താൻ വിഷമിച്ചെങ്കിലും രോഹിത്തും ശുഭ്മാൻ ഗില്ലും ടെസ്റ്റ് മാച്ച് മോഡിലായിരുന്നു. എന്നാൽ, ആദ്യത്തെ റെയിൽ ബ്രേക്കിനു ശേഷം തിരിച്ചെത്തിയത് മാരക ഫോമിലുള്ള അഫ്രീദിയായിരുന്നു. രോഹിത്തിനെയും (11) വിരാട് കോലിയെയും (4) അഫ്രീദി ക്ലീൻ ബൗൾ ചെയ്തപ്പോൾ, നന്നായി തുടങ്ങിയ ശ്രേയസ് അയ്യരെയും റൺസ് കണ്ടെത്താൻ വിഷമിച്ച ഗില്ലിനെയും (32 പന്തിൽ 10) ഹാരിസ് റൗഫും മടക്കി,
66 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടപ്പെട്ട് ഇന്ത്യ വൻതകർച്ച മുന്നിൽ കാണുമ്പോഴാണ് വിക്കറ്റ് കീപ്പർ ഇഷാൻ കിഷനും വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും ഒരുമിക്കുന്നത്. ഇവർ ഉയർത്തിയ 138 റൺസ് കൂട്ടുകെട്ട് പാക്കിസ്ഥാനെതിരേ ഇന്ത്യയുടെ ഏറ്റവും ഉയർന്ന അഞ്ചാം വിക്കറ്റ് പാർട്ട്ണർഷിപ്പായും മാറി.
പക്ഷേ 81 പന്തിൽ 82 റൺസെടുത്ത കിഷൻ പുറത്തായതോടെ കളി വീണ്ടും പാക്കിസ്ഥാന്റെ കൈയിലായി. തകർച്ചയിൽ നിന്നു കരകയറി 300 കടക്കുമെന്നു തോന്നിച്ച സ്കോർ ഹാർദിക്കിന്റെ (90 പന്തിൽ 87) വിക്കറ്റോടെ വീണ്ടും പരുങ്ങലിലായി. ഓൾ ഔട്ടാകാൻ പിന്നെയധികം താമസമുണ്ടായതുമില്ല. രവീന്ദ്ര ജഡേജയും (14) ജസ്പ്രീത് ബുംറയും ചെറിയ സംഭാവനകൾ നൽകി. പാക്കിസ്ഥാനു വേണ്ടി അഫ്രീദി നാലും നസീം ഷായും ഹാരിസ് റൗഫും മൂന്നു വീതവും വിക്കറ്റ് വീഴ്ത്തി.
Comments are closed.