ഹാങ്ചൗ: ഒളിംപിക്സിൽ പങ്കെടുക്കുന്നതിനെക്കാൾ കൂടുതൽ കായികതാരങ്ങൾ, ചീട്ടുകളിയും കബഡി കളിയും മുതൽ ക്രിക്കറ്റും ഫുട്ബോളും അത്‌ലറ്റിക്സും വരെ നീളുന്ന കായിക ഇനങ്ങൾ. ഹാങ്ചൗ ഉണരുകയാണ്, പങ്കാളിത്തം കൊണ്ട് ലോകത്തെ തന്നെ ഏറ്റവും വലിയ കായികമേളയായ ഏഷ്യൻ ഗെയിംസിന്.
45 രാജ്യങ്ങളിൽനിന്നായി പന്തീരായിരത്തിലധികം കായികതാരങ്ങളാണ് ആതിഥേയ നഗരമായ ഹാങ്ചൗവിലെത്തുന്നത്. അടുത്ത വർഷം പാരിസിൽ നടക്കുന്ന ഒളിംപിക്സിൽ പങ്കെടുക്കാൻ പോകുന്നത് 10,500 പേർ മാത്രം. കായിക ഇനങ്ങൾ കൂടുതലുള്ളതു തന്നെയാണ് ഇതിനൊരു കാരണം.
പലവട്ടം ഒളിംപിക് യോഗ്യതയ്ക്കു ശ്രമിച്ചു പരാജയപ്പെട്ട സ്ക്വാഷ്, പ്രാദേശിക ആകർഷണമായ ഡ്രാഗൺ ബോട്ട് റേസ്, സെപക്‌തക്രോ (കാലുകൊണ്ടു കളിക്കുന്ന വോളിബോൾ), വുഷു (ചൈനീസ് ആയോധന കല), കബഡി തുടങ്ങിയവയൊന്നും ഒളിംപിക്സിൽ ഉള്ളതല്ല. ആയോധന കലയായ ജു-ജിറ്റ്സു, മധ്യേഷ്യയിൽ പ്രചാരത്തിലുള്ള ഗുസ്തിയായ കുറാഷ് തുടങ്ങിയവയും ഏഷ്യൻ ഗെയിംസിന്‍റെ ഭാഗമാണ്.
ബുദ്ധികൊണ്ടുള്ള കായികവിനോദമെന്ന് സംഘാടകർ വിശേഷിപ്പിക്കുന്ന ബ്രിഡ്ജ് (ചീട്ട് ഉപയോഗിച്ചുള്ള കളി), ചെസ്, ഷിയാങ്കി (ചൈനീസ് ചെസ്), ഇസ്പോർട്സ് എന്നിവയെല്ലാം ഹാങ്ചൗവിലെ ആരാധകരെ കാത്തിരിക്കുന്നു.
ട്രാക്ക് ആൻഡ് ഫീൽഡ്, നീന്തൽ, വോളിബോൾ തുടങ്ങി പരമ്പരാഗത ആകർഷണങ്ങൾ വേറെ. ആർച്ചറി, ആർട്ടിസ്റ്റിക് സ്വിമ്മിങ്, ബോക്സിങ്, ഹോക്കി, ടെന്നിസ്, വാട്ടർപോളോ തുടങ്ങിയ ഇനങ്ങൾക്ക് ഇത് ഒളിംപിക് യോഗ്യതാ മത്സരങ്ങൾ കൂടിയായതിനാൽ സമ്മർദം ഏറും. ആകെ 481 ഇനങ്ങളിലാണ് മത്സരങ്ങൾ.
2018ൽ ഇന്തോനേഷ്യയിൽ നടന്ന ഗെയിംസിൽ മുന്നൂറോളം മെഡലുകളുമായി ചൈന തന്നെയായിരുന്നു ഒന്നാമത്. കഴിഞ്ഞ നാൽപ്പത് വർഷത്തെ പതിവ് തെറ്റിക്കാതെ ഇക്കുറിയും അവർ തന്നെ മെഡൽ പട്ടികയിൽ മുന്നിലെത്തുമെന്ന കാര്യത്തിൽ സംശയമില്ല. ജപ്പാനും ദക്ഷിണ കൊറിയയുമായും പ്രധാന എതിരാളികൾ.
കഴിഞ്ഞ തവണ 16 സ്വർണം ഉൾപ്പെടെ 70 മെഡലുകളുമായി എട്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇത്തവണ 655 പേരുമായി ചരിത്രത്തിലെ ഏറ്റവും വലിയ സംഘത്തെത്തന്നെ രംഗത്തിറക്കുന്നു.
Comments are closed.