രണ്ടാം വന്ദേഭാരത് എക്സ്പ്രസിനു തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചു; ആദ്യ സർവീസ് 26ന്

തിരൂർ: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് എക്സ്പ്രസിനു തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചു. ആലപ്പുഴ വഴി സർവീസ് നടത്താനൊരുങ്ങുന്ന വന്ദേഭാരതിനാണ് മലപ്പുറം ജില്ലയിലെ തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. പുതിയ വന്ദേ ഭാരത് ട്രെയിനിന് മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചതായി റെയ്ൽവേ അറിയിച്ചുവെന്നു ഇ.ടി. മുഹമ്മദ് ബഷീർ എംപി അറിയിച്ചു.കഴിഞ്ഞ ദിനങ്ങളിൽ ഇതിനായി റെയ്ൽവേ മന്ത്രിയെയും ബന്ധപ്പെട്ടവരെയും നേരിൽ കണ്ടിരുന്നുവെന്നും. ഇനി ആദ്യത്തെ വന്ദേ ഭാരതിന് കൂടി സ്റ്റോപ്പ് അനുവദിക്കണമെന്നും അതിനായുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇ.ടി. മുഹമ്മദ് ബഷീർ അറിയിച്ചു.

കേരളത്തിന്‍റെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് ആരംഭിച്ചപ്പോഴും തിരൂരിൽ സ്റ്റോപ്പ് വേണമെന്ന ആവശ്യം ശക്തമായിരുന്നു. കരട് സ്റ്റേഷൻ പട്ടികയിലും ട്രയൽ റണ്ണിലും തിരൂരിനെ ഉൾപ്പെടുത്തിയെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു. ഇതേത്തുടർന്ന് വലിയ പ്രതിഷേധങ്ങളുമുയർന്നു. പുതിയ വന്ദേഭാരതിന്‍റെ ഉദ്ഘാടനം 24നു നടക്കും. കാസർഗോഡ് വിഡിയൊ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കും. 26 നാണ് ആദ്യ സർവീസ് ആരംഭിക്കുക. രാവിലെ ഏഴിനു കാസർഗോഡ് നിന്നാരംഭിച്ചു വൈകിട്ട് 3.05നു തിരുവനന്തപുരത്തെത്തുന്ന വന്ദേഭാരത്, തിരുവനന്തപുരത്ത് നിന്നും 4.05നു മടക്കയാത്ര ആരംഭിച്ച് 11.55നു കാസർഗോഡെത്തും. ഏട്ടു മണിക്കൂർ അഞ്ച് മിനിറ്റാണ് നിശ്ചയിച്ചിരിക്കുന്ന യാത്രാസമയം.

Comments are closed.