തിരുവനന്തപുരം: മൂന്നാമത്തെ വന്ദേഭാരത് റേക്ക് കേരളത്തിന് അനുവദിച്ചു. സംസ്ഥാനത്തു രണ്ടാമത്തെ വന്ദേഭാരത് സർവീസ് ആരംഭിച്ചതിനു പിന്നാലെയാണ് ഇപ്പോൾ മൂന്നാമത്തെ വന്ദേഭാരത് റേക്ക് അനുവദിച്ചത്. എന്നാൽ പുതിയ റേക്ക് ഉപയോഗിച്ചു പുതിയ റൂട്ടുകളിൽ സർവീസ് നടത്തില്ല. ഈ ട്രെയിൻ ആലപ്പുഴ വഴി കഴിഞ്ഞ ദിവസം ഫ്ലാഗ് ഓഫ് ചെയ്ത കാസർകോട് – തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന്റെ പകരക്കാരനായി ഉപയോഗിക്കും. റേക്ക് ഇന്നലെ രാത്രി തന്നെ കൊച്ചുവെളിയിലെത്തി.
പുതിയ വന്ദേഭാരത് എക്സ്പ്രസിൽ നിന്ന് വ്യത്യസ്തമായി പഴയ വർണ ശ്രേണിയിൽ നീലയും വെള്ളയും നിറമുള്ളതാണ് പകരക്കാരൻ റേക്ക്. പുതിയതായി സർവീസ് ആരംഭിച്ച വന്ദേഭാരത് എക്സ്പ്രസ് ദിവസവും അറ്റകുറ്റപ്പണികൾക്കായി മാറ്റിയിടേണ്ടി വരുമ്പോൾ സർവീസ് മുടക്കാതിരിക്കാനാണ് പുതിയ റേക്ക് എത്തിച്ചത്. 8 കമ്പാർട്ടെമന്റുകളാണ് ട്രെയിനിൽ ഉള്ളത്.
ആലപ്പുഴ വഴിയുള്ള പുതിയ വന്ദേഭാരത് എക്സ്പ്രസ് ദൈനംദിന യാത്രയിൽ വൈകിട്ട് 3.05 നു തിരുവനന്തപുരത്ത് എത്തുകയും 4.05 ന് കാസർകോട്ടേക്കു യാത്ര തിരിക്കുകയും ചെയ്യും. ഇതിനിടയിൽ ഒരു മണിക്കൂർ മാത്രമുള്ളതിനാൽ അറ്റകുറ്റപ്പണികൾക്ക് സമയം ലഭിക്കില്ല. അതിനാലാണ് ഈ റൂട്ടിലെ സർവീസ് മുടങ്ങാതിരിക്കാൻ തിരുവനന്തപുരം ഡിവിഷനു പുതിയ റെക്ക് നൽകിയതെന്നു റെയിൽവേ അറിയിച്ചു. നിലവിൽ തിരുവനന്തപുരം കൊച്ചുവെളിയിലാണ് വന്ദേഭാരത് എക്സ്പ്രസ് അറ്റകുറ്റപ്പണി നടത്താനുള്ള യാഡ് സൗകര്യം.
Comments are closed.