മുസ്ലിംലീഗിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ വ്യത്യസ്ത നിലപാടുമായി നേതാക്കൾ. ഇസ്രയേലിൽ ആക്രമണം നടത്തിയ ഹമാസിനെ ഭീകരരെന്ന് വിശേഷിപ്പിച്ച ശശി തരൂർ എംപിയുടെ പരാമർശത്തെ അതേ വേദിയിൽവെച്ച് തിരുത്തി എംകെ മുനീർ രംഗത്തെത്തി. പ്രതിരോധവും അക്രമവും രണ്ടും രണ്ടാണെന്ന് തിരിച്ചറിയണമെന്ന് എം.കെ മുനീർ പറഞ്ഞു. ഭഗത് സിംഗും സുഭാഷ് ചന്ദ്രബോസുമൊക്കെ ബ്രിട്ടീഷുകാർക്ക് ഭീകരവാദികളായിരുന്നുവെന്നും മുനീർ വേദിയിൽ പറഞ്ഞു.
ഇസ്രയേലിൽ ആക്രമണം നടത്തിയ ഹമാസിനെ ഭീകരരെന്ന് വിശേഷിപ്പിച്ചാണ് പ്രവർത്തക സമിതിയംഗം ശശി തരൂർ മുസ്ലിംലീഗ് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പ്രസംഗിച്ചത്. പലസ്തീൻ വിഷയം മുസ്ലീങ്ങളുടെ മാത്രം പ്രശ്നമല്ലെന്ന് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് ശശി തരൂർ എം പി പറഞ്ഞു. എത്ര കുഞ്ഞുങ്ങളുടെ രക്തത്തിൽ വാൾമുങ്ങണം ഈ യുദ്ധം അവസാനിക്കാൻ. മുസ്ലീങ്ങൾക്ക് വേണ്ടിയുള്ളത് മാത്രമല്ല ലീഗിന്റെ ഈ റാലി. ഇത് മനുഷ്യരുടെ പ്രശ്നമാണെന്നും അദ്ദേഹം വ്യക്തമാക്കി.ഈ റാലിയിലെ ജനസാഗരത്തെ കാണുമ്പോൾ സന്തോഷമുണ്ട്. പലസ്തീനികൾക്ക് വേണ്ടി നടക്കുന്ന ഏറ്റവും വലിയ റാലി ആയിരിക്കും ഇത്. ഈ യുദ്ധം നിർത്തണം എന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്. മനുഷ്യാവകാശ ധ്വംസനത്തിന്റെ വലിയ ഉദാഹരണമാണ് കാണുന്നത്. ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്ന പാർട്ടിയാണ് ലീഗെന്നും ശശി തരൂർ പ്രസംഗിച്ചിരുന്നു.
എന്നാൽ പലസ്തീന്റെ പ്രതിരോധത്തെയാണ് നമ്മൾ പിന്തുണയ്ക്കേണ്ടതെന്നും പ്രതിരോധവും അക്രമവും രണ്ടും രണ്ടാണെന്ന് തിരിച്ചറിയണമെന്നും എം.കെ മുനീർ പറഞ്ഞു. മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ റാലി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഭരണകൂടം ഇസ്രയേലിനെ വെള്ളപൂശാൻ ശ്രമിക്കുന്നുണ്ട്, അഹിംസ ഇന്ത്യക്ക് അങ്ങിനെ നിൽക്കാനാവില്ലെന്ന് സാദിഖലി തങ്ങൾ പറഞ്ഞു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനായിരങ്ങളാണ് കോഴിക്കോട് കടപ്പുറത്തേക്ക് എത്തിയത്.
Comments are closed.