കരിപ്പൂരില്‍ മൂന്ന് കിലോ സ്വര്‍ണവുമായി മൂന്ന് യാത്രികര്‍ പിടിയില്‍

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഡയറക്ടറേറ്റീവ് ഓഫ് റവന്യൂ ഇന്റലിജന്‍സും കസ്റ്റംസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ മൂന്ന് കിലോ സ്വര്‍ണവുമായി മൂന്ന് യാത്രികര്‍ പിടിയിലായി.

ഡി.ആര്‍.ഐ സംഘവും കസ്റ്റംസും ചേര്‍ന്ന് രണ്ട് യാത്രക്കാരെയും കസ്റ്റംസ് ഇന്റലിജന്‍സ് ഓഫിസര്‍മാരുടെ സംഘം ഒരാളെയുമാണ് പിടികൂടിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും കസ്റ്റംസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ മലപ്പുറം മീനടത്തൂര്‍ മൂത്തേടത്ത് ഷിഹാബുദ്ദീന്‍ (44), കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശിനി ആശ തോമസ് (33) എന്നിവരും കസ്റ്റംസ് ഇന്റലിജന്‍സ് പരിശോധനയില്‍ കോഴിക്കോട് സ്വദേശി ഉള്ളിയുറേമ്മല്‍ ഹാരിസുമാണ് (42) പിടിയിലായത്.

അബൂദബിയില്‍ നിന്ന് കരിപ്പൂരിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ യാത്രികരായിരുന്നു ഷിഹാബുദ്ദീനും ആശ തോമസും. ഡി.ആര്‍.ഐ, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഇരുവരുടേയും ശരീരത്തിനകത്ത് മിശ്രിത രൂപത്തില്‍ ക്യാപ്‌സ്യൂളുകളിലായി ഒളിപ്പിച്ച 2.142 കിലോഗ്രാം സ്വര്‍ണം കണ്ടെത്തുകയായിരുന്നു.

വിപണിയില്‍ 1.33 കോടി രൂപ വില വരും. അബൂദബിയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തിലെത്തിയ ഹാരിസ് നാല് ക്യാപ്‌സ്യൂളുകളിലായി 842 ഗ്രാം സ്വര്‍ണമാണ് കൊണ്ടുവന്നത്.

എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയില്‍ ക്യാപ്‌സ്യൂളുകളിലാക്കി മിശ്രിത രൂപത്തിലെത്തിച്ച സ്വര്‍ണം പിടിച്ചെടുത്തു. ഇതിന് 52 ലക്ഷം രൂപ വില വരുമെന്നും മൂന്ന് കേസുകളിലും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Comments are closed.