വകുപ്പുകള്‍ ഇടപെടുന്നില്ല; എളമരം-ഇരട്ടമുഴി റോഡ് പുനരുദ്ധാരണം എന്ന് പൂര്‍ത്തിയാവും?

എടവണ്ണപ്പാറ: ജല്‍ജീവൻ പദ്ധതിയുടെ ഭാഗമായി കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് മൂന്ന് വര്‍ഷത്തോളമായി പൊളിച്ചിട്ട എളമരം ഇരട്ടമുഴി റോഡ് പുനരുദ്ധാരണം ഭാഗികമായതില്‍ മപ്രം വാര്‍ഡ് മുസ്‍ലിം ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു.

ഈ റോഡിന്റെ നവീകരണത്തിന് ടി.വി. ഇബ്രാഹിം എം.എല്‍.എ ബജറ്റ് വിഹിതമായി അനുവദിച്ച അഞ്ച് കോടി രണ്ട് വര്‍ഷമായി വിനിയോഗിക്കാനായില്ല.

 

പുനരുദ്ധാരണ പ്രവര്‍ത്തിയുടെ ഉത്തരവാദിത്വത്തെ ചൊല്ലി ജല പൊതുമരാമത്ത് വകുപ്പുകള്‍ തമ്മില്‍ നിലനിന്ന പ്രശ്നങ്ങള്‍ നേരത്തെ പരിഹരിച്ചിരുന്നു. വകുപ്പുകള്‍ തമ്മില്‍നിലനില്‍ക്കുന്ന ഏകോപനക്കുറവും പൊതുമരാമത്ത് വിഭാഗം തുടരുന്ന നിസ്സംഗതയുമാണ് പ്രധാനമയും റോഡിന്റെ ശോച്യാവസ്ഥക്ക് കാരണം.

 

ജലവകുപ്പിന്റെ അനാസ്ഥയില്‍ സാങ്കേതിക കുരുക്കിലായിരുന്ന പദ്ധതി എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്നാണ് പരിഹരിച്ചത്. റോഡിന്റെ പൊളിച്ചിട്ട ഇരുവശങ്ങളും പൂര്‍വ സ്ഥിതിയിലാക്കുന്ന പ്രവൃത്തി ആരംഭിച്ചെങ്കിലും പാതിവഴി നിന്നു. നവീകരണത്തിന് അനുവദിച്ച അഞ്ച് കോടി ഇതുമൂലം വിനിയോഗിക്കാനാവുന്നില്ല.

 

എളമരം, കൂളിമാട് പാലങ്ങള്‍ തുറന്നതോടെ വലിയ ഗതാഗതകുരുക്കാണ് പ്രദേശത്ത്. കാല്‍നട യാത്രക്കാരും അംഗൻവാടി, സ്കൂള്‍, മദ്റസ വിദ്യാര്‍ഥികളും ഭീഷണി നേരിടുകയാണ്. രൂക്ഷമായ പൊടിശല്യം ജനജീവിതത്തെയും ദുസ്സഹമാക്കുന്നുണ്ട്.

 

ബന്ധപ്പെട്ട വകുപ്പുകള്‍ അലംഭാവം വെടിഞ്ഞ് റോഡ് പ്രവൃത്തി പെട്ടന്ന് പൂര്‍ത്തിയാക്കണമെന്ന് മപ്രം വാര്‍ഡ് മുസ്‌ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. കെ.സി. മുത്തുക്കോയ തങ്ങളുടെ അധ്യക്ഷത വഹിച്ചു.

Comments are closed.