മലപ്പുറം: ജില്ലയിലെ ആധാര്‍ എൻറോള്‍മെന്റ്, അപ്‌ഡേഷൻ എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എൻ.എം.മെഹറലിയുടെ അദ്ധ്യക്ഷതയില്‍ ആധാര്‍ മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേര്‍ന്നു.
റേഷൻ കടകള്‍ മുതല്‍ ഇൻഷ്വറൻസ് സേവനങ്ങള്‍ക്ക് വരെ ആധാര്‍ കാര്‍ഡുകളില്‍ മൊബൈല്‍ നമ്ബര്‍ ചേര്‍ക്കേണ്ടതിനാല്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാൻ യോഗം തീരുമാനിച്ചു. സെപ്തംബറിലെ കണക്ക് പ്രകാരം ആധാറില്‍ മൊബൈല്‍ നമ്ബര്‍ ലിങ്ക് ചെയ്യാത്ത 23.98 ലക്ഷം പേരാണ് ജില്ലയിലുണ്ടായിരുന്നത്. ഡിസംബറോടെ ഇത് 12.22 ലക്ഷമായി കുറയ്ക്കാൻ സാധിച്ചതായും യോഗം വിലയിരുത്തി.
ആധാര്‍ പുതുക്കുന്നതില്‍ നിലവില്‍ സംസ്ഥാനതലത്തില്‍ മലപ്പുറം ജില്ലയാണ് മുന്നില്‍. 53,545 ആധാറുകളാണ് കഴിഞ്ഞ മാസം ജില്ലയില്‍ നിന്ന് അപ്‌ഡേറ്റ് ചെയ്തത്. പത്ത് വര്‍ഷം പഴക്കമുള്ള എല്ലാ ആധാര്‍ ഉപഭോക്താക്കളും രേഖകള്‍ സമര്‍പ്പിച്ച് അപ്‌ഡേഷൻ നടപടികള്‍ പൂര്‍ത്തീകരിക്കണം. മൈ ആധാര്‍ പോര്‍ട്ടലിലൂടെ മാര്‍ച്ച് 14 വരെ ഗുണഭോക്താവിന് സ്വയം അപ്‌ഡേഷൻ നടത്താനാവും. നിശ്ചിത നിരക്ക് നല്‍കി അക്ഷയ, പോസ്റ്റല്‍ പേയ്‌മെന്റ് ബാങ്ക്, ബാങ്കുകളിലെ ആധാര്‍ സേവന കേന്ദ്രങ്ങള്‍ എന്നിവ വഴിയും ആധാറുമായി ബന്ധപ്പെട്ട സേവനങ്ങളും പുതുക്കലും നടത്താം.
ആധാര്‍ എൻറോള്‍മെന്റില്‍ 104 ശതമാനമാണ് ജില്ലയില്‍ പൂര്‍ത്തീകരിച്ചത്. മറ്റ് ജില്ലകളില്‍ നിന്നുള്ളവര്‍ എൻറോള്‍ ചെയ്തതുള്‍പ്പെടെ ചേര്‍ത്താണ് ഈ കണക്ക്. അഞ്ച് വയസ് വരെ പ്രായമുള്ള 2.8 ലക്ഷം കുട്ടികളാണ് ആധാര്‍ എടുക്കാനുണ്ടായിരുന്നത്. ഇതില്‍ 1.28 ലക്ഷം കുട്ടികളും ആധാര്‍ എടുത്തിട്ടുണ്ട്. കുട്ടികളുടെ അഞ്ചു വയസ്സിലെയും 15 വയസ്സിലെയും നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേഷനും ആധാര്‍, മൊബൈല്‍ നമ്ബര്‍ ലിങ്കിങ്ങും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും യോഗം തീരുമാനിച്ചു.
കളക്‌ട്രേറ്റ് കോണ്‍ഫറൻസ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ യു.ഐ.ഡി.എ.ഐ സ്റ്റേറ്റ് ഡയറക്ടര്‍ വിനോദ് ജേക്കബ് ജോണ്‍, യു.ഐ.ഡി.എ.ഐ പ്രൊജക്‌ട് മാനേജര്‍ ശിവൻ, അസിസ്റ്റന്റ് മാനേജര്‍ കൃഷ്‌ണേന്ദു, അക്ഷയ ജില്ലാ പ്രൊജക്‌ട് മാനേജര്‍ പി.ജി.ഗോകുല്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ഫീല്‍ഡ് വെരിവിക്കേഷൻ
ആദ്യമായി ആധാര്‍ എടുക്കുന്ന, 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ 15 ദിവസത്തിനകം ഫീല്‍ഡ് വെരിഫിക്കേഷൻ നടപടികള്‍ക്ക് വിധേയമാകണമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എൻ.എം.മെഹറലി അറിയിച്ചു. ബന്ധപ്പെട്ട വില്ലേജ്, താലൂക്ക് ഓഫീസുകളിലാണ് അസല്‍ രേഖകളുമായി വെരിഫിക്കേഷന് ഹാജരാകേണ്ടത്. വിദേശത്ത് പോകുന്നവര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
സേവനങ്ങള്‍ വീട്ടിലെത്തും
ആധാര്‍ എൻറോള്‍മെന്റ് ഉള്‍പ്പെടെ സേവനങ്ങള്‍ക്ക് അക്ഷയ ഓഫീസുകളില്‍ നേരിട്ടെത്താൻ സാധിക്കാത്ത, കിടപ്പുരോഗികള്‍ക്ക് വീടുകളില്‍ നേരിട്ടെത്തി സേവനം ലഭ്യമാക്കും. നിശ്ചിത തുക ഈടാക്കിയാണ് ഈ സേവനം നടപ്പിലാക്കുന്നത്. ഹോം എൻറോള്‍മെന്റ്, അപ്‌ഡേഷൻ സേവനങ്ങള്‍ക്ക് 700 രൂപയാണ് ഫീസ്. ഒരേ വീട്ടില്‍ ഒന്നിലധികം കിടപ്പ് രോഗികളുണ്ടെങ്കില്‍ 350 രൂപ മാത്രം ഒരാള്‍ക്ക് അധികമായി നല്‍കിയാല്‍ മതിയാകും. ഇതിനായി കിടപ്പ് രോഗികളാണെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹെല്‍പ്പ് ഡെസ്‌കില്‍ സമര്‍പ്പിക്കണം. ആധാര്‍ ഹെല്‍പ് ഡെസ്‌ക് നമ്ബറുകള്‍ 0471 2525444, 3013, 3015, 3038, 3021. ഇമെയില്‍ വിലാസം uidhelpdesk@kerala.gov.in, akshayauidmlp@gmail.com
Comments are closed.