മലപ്പുറം:ആസന്നമായ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് ആവശ്യം കടുപ്പിച്ച് മുസ്്ലിം ലീഗ്. പതിവ് പല്ലവി പോലെ വെറും ആവശ്യമായി പോകാതെ വിലപേശല്‍ രാഷ്ട്രീയം തന്നെ ഉപയോഗിക്കാനാണ് ലീഗ് നീക്കം.
ഇതുസംബന്ധിച്ച് വിശദ കാര്യങ്ങള്‍ ചർച്ച ചെയ്യാൻ ലീഗ് ഉന്നത നേതൃത്വം ഉടൻ യോഗം ചേരും. വിദേശത്തുള്ള പാർട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ തിരിച്ചെത്തിയ ശേഷമാകും യോഗം.
യു ഡി എഫ് നേതാക്കളുമായുള്ള സീറ്റ് വിഭജന പ്രാഥമിക ചർച്ചയില്‍ ലീഗ് മൂന്നാം സീറ്റ് ആവശ്യം മുന്നോട്ട് വെച്ചിട്ടുണ്ട്. സീറ്റ് ലഭിക്കണമെന്ന ലക്ഷ്യത്തോടെയുള്ള നീക്കങ്ങളാണ് നടത്തുന്നത്. ഇന്നലെ പാർട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞത് കൂടി ചേർത്ത് വായിച്ചാല്‍ മൂന്നാം സീറ്റിനായി ശക്തമായ സമ്മർദമാണ് ചെലുത്തുന്നതെന്ന് തന്നെ പറയാം. മൂന്നാം സീറ്റ് എന്ന ആവശ്യപ്പെടല്‍ ഇത്തവണ സാധാരണ പോലെയല്ല, വേണം എന്ന നിലക്ക് തന്നെയാണ് ആവശ്യപ്പെട്ടത് എന്നാണ് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്. “അധികമായി ഒരു സീറ്റ് ചോദിച്ചിട്ടുണ്ട്. അതില്‍ തന്നെയാണ് നില്‍ക്കുന്നത്. തീരുമാനമായി എന്ന് ചില മീഡിയകളില്‍ കണ്ടിട്ടുണ്ട്. അത് ഞങ്ങളാരും അറിഞ്ഞിട്ടില്ല. മൂന്നാം സീറ്റ് അർഹതയുള്ള കാര്യമാണ്. കുറെ സീറ്റുകളുണ്ട്. വേണമെങ്കില്‍ തരാവുന്നതാണ്’- അദ്ദേഹം പറഞ്ഞു.
മലപ്പുറം, പൊന്നാനി ലോക്‌സഭാ സീറ്റുകള്‍ക്ക് പുറമെ കോഴിക്കോട്, വടകര, കണ്ണൂർ, വയനാട് സീറ്റുകളിലാണ് ലീഗ് കണ്ണ് വെച്ചിരിക്കുന്നത്. നിലവിലെ അംഗം രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ വയനാട് ചോദിക്കണമെന്നാണ് ലീഗിലെ ഒരുവിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍ വയനാട് ലോക്‌സഭ മണ്ഡലത്തിന്റെ പകുതിയോളം ഭാഗം മലപ്പുറം ജില്ലയിലാണുള്ളത്. അതുകൊണ്ട് തന്നെ വയനാട്ടില്‍ പാർട്ടി മത്സരിക്കുകയാണെങ്കില്‍ “മലപ്പുറം പാർട്ടി’ എന്ന വിളിപ്പേരിലേക്ക് ചുരുങ്ങുന്നതിന് ഇടയാക്കും. അതിനാല്‍ മറ്റ് മണ്ഡലങ്ങള്‍ ആവശ്യപ്പെടാമെന്നാണ് നേതാക്കളിലെ ബഹുഭൂരിപക്ഷത്തിന്റെയും നിലപാട്.
എല്‍ ഡി എഫില്‍ നാല് സീറ്റില്‍ മത്സരിക്കുന്ന സി പി ഐക്ക് കിട്ടുന്ന പരിഗണന പോലും യു ഡി എഫില്‍ ലീഗിന് ലഭിക്കുന്നില്ല. സി പി ഐയെയും ലീഗിനെയും താരതമ്യം ചെയ്യുമ്ബോള്‍ പാർട്ടിയുടെ ജനശക്തിയുടെ അയലത്ത് പോലും സി പി ഐ എത്തില്ലെന്നാണ് അണികള്‍ പറയുന്നത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് മൂന്നാമതൊരു സീറ്റ് എന്ന ആവശ്യം പാർട്ടി നേതൃത്വം ഇപ്പോള്‍ സജീവമായി മുന്നോട്ടുവെക്കുന്നത്.
Comments are closed.