കരിപ്പുർ: വലിയ വിമാനങ്ങളോ മറ്റ് സൗകര്യങ്ങളോ ഇല്ലാതിരുന്നിട്ടും യാത്രക്കാരുടെ എണ്ണത്തില്‍ കുതിപ്പ് തുടർന്ന് കരിപ്പൂർ വിമാനത്താവളം.
അന്താരാഷ്ട്ര യാത്രികരുടെ എണ്ണത്തില്‍ രാജ്യത്ത് ഏഴാം സ്ഥാനത്താണ് കരിപ്പൂർ. മറ്റ് ആറ് വിമാനത്താവളങ്ങളിലും വലിയ സർവിസുകളും കൂടുതല്‍ വിമാനങ്ങള്‍ക്ക് പാർക്കിങ്ങിന് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമുണ്ട്. ഇതൊന്നുമില്ലാതെയാണ് യാത്രികരുടെ പ്രിയപ്പെട്ട വിമാനത്താവളമായി കരിപ്പൂർ മുന്നേറുന്നത്.
അന്താരാഷ്ട്ര യാത്രികരില്‍ ഏഴാമത്
കഴിഞ്ഞവർഷം ഏപ്രില്‍ മുതല്‍ ഡിസംബർ വരെ 24,17,592 പേരാണ് കരിപ്പൂർ വഴി യാത്ര ചെയ്തത്. ഇതില്‍ 19,47,633 പേരും അന്താരാഷ്ട്ര യാത്രികരാണ്. പൊതുമേഖലയില്‍ വിമാനത്താവള അതോറിറ്റിക്ക് കീഴിലുള്ള വിമാനത്താവളങ്ങളില്‍ കൊല്‍ക്കത്ത മാത്രമാണ് അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ കരിപ്പൂരിന് മുന്നിലുള്ളത്.
ഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, കൊച്ചി എന്നിവയാണ് മറ്റുള്ളവ. ഇവിടെയെല്ലാം വലിയ വിമാനങ്ങള്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സർവിസ് നടത്തുന്നുണ്ട്. എന്നാല്‍, കരിപ്പൂരില്‍ നിലവില്‍ കോഡ് ‘സി’യിലുള്ള പരമാവധി 180 മുതല്‍ 220 വരെ യാത്രികരെ ഉള്‍ക്കൊള്ളുന്ന വിമാനങ്ങളാണ് സർവിസ് നടത്തുന്നത്. കൂടാതെ, മറ്റിടങ്ങളില്‍നിന്ന് വ്യത്യസ്തമായി ഗള്‍ഫ് സെക്ടറില്‍ മാത്രമാണ് അന്താരാഷ്ട്ര സർവിസുള്ളത്. മലേഷ്യ, സിംഗപ്പൂർ സെക്ടറില്‍ സർവിസ് ആരംഭിക്കണമെന്നാവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും തുടങ്ങിയിട്ടില്ല.
ആഭ്യന്തര സർവിസുകള്‍ കുറഞ്ഞിട്ടും വിടാതെ യാത്രികർ
മറ്റ് മൂന്ന് വിമാനത്താവളങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ ഏറ്റവും കുറവ് ആഭ്യന്തര സർവിസുകളുള്ളത് കരിപ്പൂരിലാണ്. കരിപ്പൂരില്‍ ഡിസംബറില്‍ 539 ആഭ്യന്തര സർവിസുകളാണ് നടന്നത്.
കണ്ണൂരില്‍ 570 ആണ്. കൊച്ചിയില്‍ 3,359 ഉം തിരുവനന്തപുരത്ത് 1,568ഉം. എന്നാല്‍, സർവിസുകള്‍ കുറവാണെങ്കിലും യാത്രികരുടെ എണ്ണത്തില്‍ കണ്ണൂരിനെക്കാള്‍ മുന്നിലാണ് കരിപ്പൂർ. ഡിസംബറില്‍ കണ്ണൂർ വഴി 41,918 പേരാണ് ആഭ്യന്തര സെക്ടറില്‍ യാത്ര ചെയ്തത്. എന്നാല്‍, കരിപ്പൂരില്‍ 57,388 പേരും. കഴിഞ്ഞ വർഷം ഏപ്രില്‍ മുതല്‍ ഡിസംബർ വരെ 4,69,959 പേരാണ് കരിപ്പൂർ വഴി പുറപ്പെട്ട ആഭ്യന്തരയാത്രികർ.
ഇൻഡിഗോ ദമ്മാം വീണ്ടും, മുംബൈയിലേക്ക് പുതിയ സർവിസ്
ഇൻഡിഗോയുടെ ദമ്മാം സർവിസ് വീണ്ടും പുനരാരംഭിക്കുന്നു. മാർച്ച് 21 മുതലാണ് പ്രതിദിനസർവിസ്. രാവിലെ 8.05ന് (പ്രാദേശിക സമയം) കരിപ്പൂരില്‍നിന്ന് പുറപ്പെടുന്ന വിമാനം 10.30നാണ് ദമ്മാമിലെത്തുക. പുലർച്ചെ 12.15ന് ദമ്മാമില്‍നിന്ന് പുറപ്പെട്ട് രാവിലെ 6.55നാണ് കരിപ്പൂരിലെത്തുക. എയർഇന്ത്യ എക്സ്പ്രസിന്റെ പുതിയ ആഭ്യന്തര സർവിസ് അടുത്ത ആഴ്ച തുടങ്ങും.
മുംബൈ സെക്ടറില്‍ ഫെബ്രുവരി 22 മുതലാണ് പ്രതിദിന സർവിസ് തുടങ്ങുന്നത്. ഉച്ചക്ക് 1.10ന് കരിപ്പൂരില്‍നിന്ന് പുറപ്പെട്ട് 2.50നാണ് മുംബൈയിലെത്തുക. രാത്രി 10.50നാണ് മുംബൈയില്‍നിന്ന് പുറപ്പെടുക. പുലർച്ചെ 12.40ന് കരിപ്പൂരിലെത്തും. ഇതോടെ കോഴിക്കോട് – മുംബൈ സെക്ടറില്‍ ദിനേന മൂന്ന് സർവിസുകളാകും. നിലവില്‍ ബംഗളൂരുവിലേക്ക് മൂന്നും ചെന്നൈയിലേക്ക് രണ്ടും പ്രതിദിന സർവിസുകളുണ്ട്. ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് ഓരോന്നും.
Comments are closed.