മലപ്പുറം എടക്കരയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ചെമ്ബൻകൊല്ലി സ്വദേശിയായ മുപ്പത്തിരണ്ടുകാരനാണ് മരിച്ചത്.
ഇതോടെ വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് ഒരു മാസത്തിനിടെ മരണപ്പെട്ടവർ മൂന്നായി.
രോഗബാധയുള്ള സ്ഥലത്ത് ജാഗ്രതാനിർദേശം നല്‍കിയിട്ടുണ്ടെന്ന് മലപ്പുറം ഡി.എം.ഒ. ആർ. രേണുക പറഞ്ഞു. രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ശാസ്ത്രീയമായ ചികിത്സക്ക് വൈകരുതെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുന്നുണ്ട്.
വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗത്തേക്കുറിച്ച് അറിയേണ്ട ചിലകാര്യങ്ങള്‍ പങ്കുവെക്കുകയാണ് പട്ടം എസ്.യു.ടി. ഹോസ്പിറ്റലില്‍ കണ്‍സള്‍ട്ടന്റ് ഗാസ്ട്രോ എൻട്രോളജിസ്റ്റ് ആയ ഡോ. സുഭാഷ് ആർ.
എന്താണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്?
നമ്മുടെ ശരീരത്തിലെ കരള്‍കോശങ്ങളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് കരള്‍ വീക്കം അഥവാ വൈറല്‍ ഹെപ്പറ്റൈറ്റിസ് (viral hepatitis). മറ്റു പല കാരണങ്ങള്‍കൊണ്ടും കരള്‍വീക്കം ഉണ്ടാകാമെങ്കിലും വൈറസ് ബാധമൂലമുള്ള കരള്‍വീക്കം വളരെയധികം പ്രാധാന്യമർഹിക്കുന്നു.
പ്രധാനമായും അഞ്ചു തരത്തിലുള്ള വൈറസുകളാണ് കരള്‍കോശങ്ങളെ മാത്രം സവിശേഷമായി ബാധിച്ച് കരള്‍വീക്കം ഉണ്ടാക്കുന്നത്. ഇവയെ ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ (Hepatitis A, B, C, D, E) എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. ഇവയില്‍ ഹെപ്പറ്റൈറ്റിസ് ബി, സി (Hepatitis B, C) എന്നീ വകഭേദങ്ങളാണ് ഏറ്റവും കൂടുതലായി രോഗികളില്‍ കണ്ടുവരുന്നത്. ഈ രണ്ട് വൈറസുകള്‍ കാരണം മാത്രം 11 ലക്ഷത്തിലധികം രോഗികള്‍ എല്ലാ വർഷവും മരണപ്പെടുകയും ഏകദേശം 30 ലക്ഷത്തിലധികം ആളുകള്‍ പുതുതായി രോഗബാധിതർ ആവുകയും ചെയ്യുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം വൈറല്‍ ഹെപ്പറ്റൈറ്റിസുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ മൂലം ഓരോ ദിവസവും 3000 പേർ വീതം മരിച്ചു വീഴുന്ന അവസ്ഥയാണ് ഇന്ന് ലോകത്ത് നിലനില്‍ക്കുന്നത്.
വിവിധതരം ഹെപ്പറ്റൈറ്റിസുകള്‍ (Hepatitis A, B, C, D, E)
ഹെപ്പറ്റൈറ്റിസ് ബി, സി
വൈറല്‍ ഹെപ്പറ്റൈറ്റിസില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്നതും സങ്കീർണ്ണതകള്‍ നിറഞ്ഞതും ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയാണ്. രോഗബാധിതരായ ആളുകളുടെ രക്തം, മറ്റു ശരീരസ്രവങ്ങള്‍ എന്നിവയുമായുള്ള സമ്ബർക്കത്തിലൂടെയാണ് ഈ രോഗങ്ങള്‍ പ്രധാനമായും പകരുന്നത്. രോഗിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നവർക്കും രോഗബാധിതയായ അമ്മയില്‍ നിന്നു കുഞ്ഞുങ്ങളിലേക്കും ഈ രോഗം പകരാവുന്നതാണ്. ഹെപ്പറ്റൈറ്റിസ് ബി, സി (Hepatitis B, C) എന്നിവ ചില രോഗികളില്‍ ദീർഘകാലം നീണ്ടുനില്‍ക്കുന്ന ക്രോണിക് ഹെപ്പറ്റൈറ്റിസ് (Chronic Hepatitis) എന്ന അസുഖത്തിന് കാരണമാവുകയും കാലക്രമേണ ഇവ സിറോസിസ് (Cirrhosis), ലിവർ കാൻസർ (Liver cancer) തുടങ്ങിയ ഗുരുതര പ്രശ്നങ്ങള്‍ ഉടലെടുക്കാൻ കാരണമാവുകയും ചെയ്യുന്നു.
ഹെപ്പറ്റൈറ്റിസ് ഡി
ഹെപ്പറ്റൈറ്റിസ് ബി (Hepatitis B) രോഗികളെ മാത്രം ബാധിക്കുന്ന വൈറസാണ് ഹെപ്പറ്റൈറ്റിസ് ഡി വൈറസ്. ഒരുമിച്ചുള്ള ഹെപ്പറ്റൈറ്റിസ് ബി – ഡി (Hepatitis B – D) രോഗബാധ (Co-infection / Super infection) വളരെ തീവ്രതയുള്ളതും സങ്കീർണ്ണവുമാണ്.
ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസ്
വൈറസ് ബാധയാല്‍ മലിനമായ വെള്ളത്തിലൂടെയോ ഭക്ഷണപദാർഥങ്ങളിലൂടെയോ ആണ് ഈ രോഗങ്ങള്‍ പകരുന്നത്. ഹെപ്പറ്റൈറ്റിസ് ബി, സി (Hepatitis B, C) എന്നിവയെ അപേക്ഷിച്ച് സാധാരണ ഗതിയില്‍ ദീർഘകാല സങ്കീർണ്ണതകള്‍ക്ക് ഈ രോഗങ്ങള്‍ കാരണമാകാറില്ല.
രോഗലക്ഷണങ്ങള്‍
മഞ്ഞപ്പിത്തം, ശരീരക്ഷീണം, വയറുവേദന, പനി, വിശപ്പില്ലായ്മ തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെതന്നെ ഒരു ഡോക്ടറുടെ സേവനം തേടുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ആവശ്യമെങ്കില്‍ ടെസ്റ്റുകള്‍ക്ക് വിധേരാകേണ്ടതുമാണ്.
ചികിത്സാമാർഗ്ഗങ്ങള്‍
ഹെപ്പറ്റൈറ്റിസ് ബി, സി രോഗങ്ങള്‍ക്ക് ഫലപ്രദമായ ആന്റിവൈറല്‍ ചികിത്സ ഇന്നു ലഭ്യമാണ്. ചികിത്സ കൃത്യസമയത്തു സ്വീകരിക്കുന്നതിലൂടെ രോഗം ഭേദമാക്കുന്നതിനും സിറോസിസ്, ലിവർ കാൻസർ തുടങ്ങിയ ഗുരുതര പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത് തടയുന്നതിനും കഴിയും. ഹെപ്പറ്റൈറ്റിസ് എ, ഇ (Hepatitis A, E) രോഗങ്ങള്‍ക്ക് പ്രത്യേക ആന്റിവൈറല്‍ മരുന്നുകള്‍ ആവശ്യമില്ല. കൃത്യമായ രോഗീ പരിചരണത്തിലൂടെയും കരളിന്റെ ആരോഗ്യം നിലനിർത്തുന്നതിനുള്ള ചികിത്സയിലൂടെയും ഈ രോഗങ്ങളെ നമുക്കു കീഴ്പ്പെടുത്താനാവും.
എങ്ങനെ പ്രതിരോധിക്കാം?
ശുചിത്വമുള്ള ആഹാരം, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ ഉറപ്പാക്കുന്നതിലൂടെ ഹെപ്പറ്റൈറ്റിസ് എ, ഇ (Hepatitis A, E) രോഗബാധ തടയാൻ കഴിയും. പ്രത്യേകിച്ചും യാത്രാവേളകളില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ നിന്നുള്ള ഭക്ഷണം, വെള്ളം എന്നിവ ഒഴിവാക്കേണ്ടതാണ്.
ഹെപ്പറ്റൈറ്റിസ് ബി, സി (Hepatitis B, C) രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് താഴെ പറയുന്ന മാർഗ്ഗങ്ങള്‍ സ്വീകരിക്കാം.
- രക്തവുമായി സമ്ബർക്കത്തില്‍ വരുന്ന ഉപകരണങ്ങള്‍ (സൂചികള്‍, ആശുപത്രി ഉപകരണങ്ങള്‍ എന്നിവ) ഒരിക്കല്‍ മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
- ഷേവിംഗ് സെറ്റ്, ബ്ലേഡ്, ടൂത്ത് ബ്രഷ് എന്നിവ പങ്കുവയ്ക്കാതിരിക്കുക.
- ടാറ്റു, അക്യുപങ്ക്ചർ തുടങ്ങിയവ സുരക്ഷിതമായ സ്ഥലങ്ങളില്‍ നിന്നു മാത്രം സ്വീകരിക്കുക.
- സുരക്ഷിതമായ ലൈംഗിക ബന്ധത്തില്‍ മാത്രം ഏർപ്പെടുക.
- രോഗസാദ്ധ്യതയുള്ള സാഹചര്യത്തിലൂടെ കടന്നു പോകുന്നവർ ഹെപ്പറ്റൈറ്റിസിന്റെ സ്ക്രീനിംഗ് ടെസ്റ്റുകള്‍ക്ക് വിധേയരാവുക.
വാക്സിനുകള്‍
ഹെപ്പറ്റൈറ്റിസ് എ , ഹെപ്പറ്റൈറ്റിസ് ബി രോഗങ്ങള്‍ക്ക് ഫലപ്രദമായ വാക്സിനുകള്‍ ഇന്നു ലഭ്യമാണ്. അവ സ്വീകരിച്ച് രോഗംപകരുന്നത് ഒഴിവാക്കാം. വൈറല്‍ ഹെപ്പറ്റൈറ്റിസിനെക്കുറിച്ചുള്ള ശരിയായ അവബോധം വ്യക്തികളില്‍ സൃഷ്ടിക്കപ്പെടുന്നതോടെ ഈ രോഗത്തെ പൂർണമായും നിയന്ത്രിച്ചു നിർത്താൻ സാധിക്കും.
Comments are closed.