പൾസ് പോളിയോ തുള്ളിമരുന്ന് 3,11,689 കുട്ടികള്‍ക്ക് നല്‍കി; കൈവരിച്ചത് 70.01 ശതമാനം നേട്ടം

മലപ്പുറം: പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ 3,11,689 കുട്ടികള്‍ക്കു തുള്ളിമരുന്ന് നല്‍കി.

 

ഇതില്‍ 1465 പേര്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികളാണ്. കണക്കുകള്‍ പ്രകാരം ജില്ലയില്‍ അഞ്ചു വയസില്‍ താഴെ 4,45,201 കുട്ടികളാണുള്ളത്. 70.01 ശതമാനം നേട്ടമാണ് ജില്ല ഇത്തവണ കൈവരിച്ചത്.

40 മൊബൈല്‍ ബൂത്തുകള്‍, 66 ട്രാന്‍സിറ്റ് ബൂത്തുകള്‍ എന്നിവ ഉള്‍പ്പെടെ 3781 ബൂത്തുകളാണ് ഇതിനായി ഒരുക്കിയത്. ഇതില്‍ 50 ബൂത്തകള്‍ നൂറുശതമാനവും നേട്ടം കൈവരിച്ചു.

നിലവില്‍ വാക്സിന്‍ നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് മരുന്നു നല്‍കാന്‍ സന്നദ്ധ പ്രവര്‍ത്തകരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഇത്തരം വീടുകള്‍ സന്ദര്‍ശിച്ച്‌ പോളിയോ വാക്സിന്‍ നല്‍കും. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, ആശുപത്രികള്‍ തുടങ്ങിയ സ്ഥലങ്ങളിലെ ബൂത്തുകള്‍ ഇന്നും നാളെയും പ്രവര്‍ത്തിക്കും.

മലപ്പുറം: പോളിയോക്കെതിരേ നേടിയ വിജയം നിലനിര്‍ത്തണമെങ്കില്‍ ജാഗ്രത തുടരേണ്ടത് അത്യാവശ്യമാണെന്ന് പി. ഉബൈദുള്ള എംഎല്‍എ പറഞ്ഞു. പള്‍സ് പോളിയോ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം താലൂക്ക് ആശുപത്രിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് ആധ്യക്ഷത വഹിച്ചു. കളക്ടര്‍ വി.ആര്‍. വിനോദ് വിശിഷ്ടാതിഥിയായിരുന്നു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍ അനൂപ് സന്ദേശം നല്‍കി. നഗരസഭ പ്രതിപക്ഷ നേതാവ് ഒ.സഹദേവന്‍, സംസ്ഥാന നിരീക്ഷകന്‍ ഡോ. എസ്. ഹരികുമാര്‍, കെഎംഎസ്‌സിഎല്‍ ജനറല്‍ മാനേജര്‍ ഡോ. എ. ഷിബുലാല്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ പി. രാജു, ഡെപ്യൂട്ടി മീഡിയ ഓഫീസര്‍ കെ. രാംദാസ്, ജില്ലാ ആര്‍സിഎച്ച്‌ ഓഫീസര്‍ ഡോ. എന്‍.എന്‍. പമീലി, സൂപ്രണ്ട് ഡോക്ടര്‍ അജേഷ് രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

പെരിന്തല്‍മണ്ണ: പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണത്തിന്‍റെ പെരിന്തല്‍മണ്ണ മുനിസിപ്പല്‍തല പരിപാടി എരവിമംഗലം ആരോഗ്യകേന്ദ്രത്തില്‍ ചെയര്‍മാന്‍ പി. ഷാജി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ഷാന്‍സി അധ്യക്ഷയായിരുന്നു. നഗരസഭയിലെ വാര്‍ഡുകളില്‍ അതതു കൗണ്‍സിലര്‍മാര്‍ തുള്ളി മരുന്ന് വിതരണത്തിന് നേതൃത്വം നല്‍കി. 52 കേന്ദ്രങ്ങളാണ് നഗരസഭ സജ്ജമാക്കിയത്. മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷെറിന്‍, കൗണ്‍സിലര്‍ ഷെര്‍ലിജ എന്നിവര്‍ പ്രസംഗിച്ചു.

പുലാമന്തോള്‍: പുലാമന്തോള്‍ പഞ്ചായത്തുതല ഉദ്ഘാടനം ചെമ്മലശേരി കുടുംബരോഗ്യ കേന്ദ്രത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. റഫീഖ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. സൗമ്യ അധ്യക്ഷയായിരുന്നു.

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍, പിഎച്ച്‌എന്‍ ബീന എന്നിവര്‍ പ്രസംഗിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശ ജലാല്‍ ബോധവത്കരണം നടത്തി. പഞ്ചായത്തില്‍ 4074 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 36 ബൂത്തുകള്‍ ഇതിനായി സജ്ജീകരിച്ചിരുന്നു. ആശ, അങ്കണവാടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 72 വോളണ്ടിയമാര്‍ക്ക് പരിശീലനം നല്‍കിയിരുന്നു.

Comments are closed.