ഇന്ന് എട്ട് ജില്ലകളില്‍ താപനില ഉയരും; ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ സാധാരണയെക്കാള്‍ 2 മുതല്‍ 4 °C വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

ആലപ്പുഴ, കൊല്ലം, കോട്ടയം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കൊല്ലം, കോട്ടയം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്.

പകല്‍ ചൂടിനൊപ്പം രാത്രി താപനിലയും ഉയരുകയാണ്. പലയിടങ്ങളിലും രാത്രി താപനില നിലവില്‍ 28°c നും 30°c ഇടയിലാണ്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. കേരളതീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Comments are closed.