കൊണ്ടോട്ടി നഗരസഭ കിഫ്ബി കുടിവെള്ള പദ്ധതി; റോഡ് പുനഃസ്ഥാപന ഫണ്ട് വിനിയോഗത്തില്‍ വ്യാപക ചട്ട ലംഘനം

കൊണ്ടോട്ടി: അഴിമതി ആരോപണത്തിന്റെ കരിനിഴലില്‍ നില്‍ക്കുന്ന കൊണ്ടോട്ടി നഗരസഭ കിഫ്ബി കുടിവെള്ള വിതരണ പദ്ധതിയുടെ നടത്തിപ്പില്‍ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്.

പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ വെട്ടിപ്പൊളിച്ച റോഡുകള്‍ പുനഃസ്ഥാപിക്കാന്‍ ജല വിഭവ വകുപ്പ് അനുവദിച്ച തുക നഗരസഭ ചട്ടം ലംഘിച്ച്‌ വകമാറ്റിയതിന്റെ രേഖകള്‍ പുറത്തുവന്നു. കൊണ്ടാട്ടി കിഫ്ബി-അമൃത് വാട്ടര്‍ പ്രൊജക്‌ട് പ്രൊട്ടക്ഷന്‍ ഫോറം ഭാരവാഹികള്‍ക്ക് വിവരാവകാശ പ്രകാരം ലഭിച്ച രേഖയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

 

കിഫ്ബി പദ്ധതിയില്‍പ്പെട്ട പ്രവൃത്തിയില്‍ കേടുപാടുകള്‍ സംഭവിച്ച റോഡുകള്‍ പുനഃസ്ഥാപിക്കുന്നതിന് മാത്രം ഉപയോഗിക്കണമെന്ന വ്യവസ്ഥയോടെ ജല വിഭവ വകുപ്പ് അനുവദിച്ച തുക വകുപ്പുതല നിർദേശം മറികടന്ന് നഗരസഭ തനത് ഫണ്ടിലേക്ക് ഉപയോഗപ്പെടുത്തുകയായിരുന്നു.

 

അതേസമയം, കുടിവെള്ള പദ്ധതിക്കായി കീറിമുറിച്ച മിക്ക റോഡുകളും ഇപ്പോഴും ഗതാഗത യോഗ്യമല്ലാതെ കിടക്കുകയാണ്. 2022 ഏപ്രിലിലാണ് റോഡ് പുനഃസ്ഥാപനത്തിന് തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി പ്രൊജക്റ്റ് ഡിവിഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ക്ക് അപേക്ഷയും എസ്റ്റിമേറ്റും സമര്‍പ്പിച്ചത്. ശേഷം 2022 നവംബര്‍ 24ന് ബാങ്ക് ഓഫ് ബറോഡ കൊണ്ടോട്ടി ശാഖയിലെ നഗരസഭയുടെ അക്കൗണ്ടിലേക്ക് എസ്റ്റിമേറ്റ് പ്രകാരമുള്ള തുക കൈമാറണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറി വീണ്ടും കത്ത് നല്‍കി.

 

ഇതനുസരിച്ച്‌ 2022 നവംബര്‍ 29ന് ജലവിഭവ വകുപ്പ് 1,98,63,882 രൂപ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. എന്നാല്‍, ഈ തുക വകുപ്പുതല നിര്‍ദ്ദേശം ലംഘിച്ച്‌ ഡി.പി.സി അംഗീകരിച്ച വാര്‍ഷിക പദ്ധതി റിപ്പോര്‍ട്ട് പ്രകാരം തനതുഫണ്ടിലേക്ക് മാറ്റുകയായിരുന്നു നഗരസഭ.

 

ഇതു സംബന്ധിച്ച രേഖകളും പുറത്തുവന്നിട്ടുണ്ട്. ഫണ്ട് വകമാറ്റിയത് ചോദ്യം ചെയ്ത് വാട്ടര്‍ പ്രൊജക്‌ട് പ്രൊട്ടക്ഷന്‍ ഫോറം പ്രവര്‍ത്തകര്‍ നല്‍കിയ വിവരാവകാശ അപേക്ഷയില്‍ ജലവിഭവ വകുപ്പ് നഗരസഭയുടെ തനത് ഫണ്ട് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിട്ടുള്ള തുക തനത് ഫണ്ട് ആയി കണക്കാക്കി മാത്രമേ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് നഗരസഭ മറുപടി നല്‍കിയത്.

 

എന്നാല്‍ തുകയുടെ വിനിയോഗം സംബന്ധിച്ച എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ നിർദേശങ്ങള്‍ മറുപടിയില്‍ നഗരസഭ മറച്ചുവെച്ചു. ലഭ്യമായ രേഖകള്‍ പ്രകാരം പണം വക മാറ്റി ചെലവഴിക്കാന്‍ നഗരസഭക്ക് യാതൊരു അധികാരവുമില്ലെന്നിരിക്കെ പദ്ധതിയില്‍ ഉള്‍പ്പെടാത്ത പ്രവൃത്തികള്‍ക്ക് ഫണ്ട് വിനിയോഗിച്ചത് വിവാദമായിരിക്കുകയാണ്.ഫണ്ട് ദുര്‍വിനിയോഗം പരിശോധിച്ച്‌ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് വാട്ടര്‍ പ്രൊജക്‌ട് പ്രൊട്ടക്ഷന്‍ ഫോറം.

 

ഇക്കാര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫോറം ഭാരവാഹികള്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗത്തിനും ജില്ല കലക്ടര്‍ക്കും വിജിലന്‍സിനും പരാതി നല്‍കിയിട്ടുണ്ട്.

Comments are closed.