അധികൃതരുടെ കാര്‍ക്കശ്യം; ചെങ്കല്ല് ലഭിക്കുന്നില്ല, നിര്‍മാണ മേഖല സ്തംഭനത്തിലേക്ക്

കരുവാരകുണ്ട്: വിലക്കയറ്റത്തില്‍ തകര്‍ന്ന നിര്‍മാണ മേഖലക്ക് ഇരുട്ടടിയായി ചെങ്കല്‍ ക്ഷാമവും. മലയോര മേഖലയിലാണ് ആഴ്ചകളായി ചെങ്കല്ലിന് കനത്ത ക്ഷാമം അനുഭവപ്പെടുന്നത്.

ക്ഷാമത്തിന് കാരണം നിയമപാലകരുടെ കടുംപിടിത്തമാണെന്നാണ് കരാറുകാരുടെയും തൊഴിലാളികളുടെയും ആരോപണം.

 

കരുവാരകുണ്ട്, തുവൂര്‍ പഞ്ചായത്തുകളില്‍ ചെങ്കല്‍ ക്വാറികള്‍ അധികമില്ല. അതിനാല്‍ പാണ്ടിക്കാട്, മഞ്ചേരി, പന്തല്ലൂര്‍ ഭാഗങ്ങളില്‍ നിന്നാണ് ഇങ്ങോട്ട് കല്ലുകള്‍ എത്തുന്നത്. എന്നാല്‍ കരുവാരകുണ്ട് പോലീസ് ടിപ്പര്‍ ലോറി പരിശോധന കര്‍ശനമാക്കിയതാണ് ക്വാറി ഉടമകള്‍ക്ക് തലവേദനയായത്.

 

ജിയോളജി വകുപ്പിന്‍റെ രേഖ ക്വാറി ഉടമകള്‍ക്കും ചെങ്കല്ല് വാങ്ങാനുള്ള ഗ്രാമപഞ്ചായത്ത് അനുമതി ഉപഭോക്താക്കള്‍ക്കും യഥാസമയം സമര്‍പ്പിക്കാനാകുന്നില്ല. ഇത്തരം രേഖകളില്ലാത്ത ലോറികള്‍ക്ക് പോലീസ് കനത്ത പിഴ ചുമത്തിയതോടെയാണ് വാഹനങ്ങള്‍ ഈ മേഖലയിലേക്ക് വരാതായത്. ഇത് വീട് അടക്കമുള്ള കെട്ടിട നിര്‍മാണത്തെയാണ് കൂടുതല്‍ ബാധിക്കുന്നത്. കരുവാരകുണ്ട്, തുവൂര്‍ പഞ്ചായത്തുകളില്‍ മാത്രമായി മുന്നൂറിലേറെ ലൈഫ് വീടുകള്‍ തന്നെ നിര്‍മാണത്തിലുണ്ട്.

 

മാര്‍ച്ച്‌ മാസമായതിനാല്‍ സര്‍ക്കാര്‍ നിര്‍മിതികളുടെ പ്രവൃത്തിയും പാതിവഴിയില്‍ സ്തംഭിച്ചിരിക്കുകയാണ്. ക്വാറി, ടിപ്പര്‍ ഉടമകളും തൊഴിലാളി സംഘടന നേതാക്കളും പോലീസുമായി ചര്‍ച്ച നടത്തിയെങ്കിലും മതിയായ രേഖയില്ലാതെ സ്റ്റേഷന്‍ പരിധിയില്‍ അനധികൃത ഖനനവും ചെങ്കല്‍ കടത്തും അനുവദിക്കില്ലെന്നു തന്നെയാണ് പോലീസ് നിലപാട്. അതേസമയം ഇത്തരം പ്രശ്നങ്ങള്‍ സമീപ പ്രദേശങ്ങളില്‍ ഇല്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

 

സാധാരണക്കാരുടെ വീട് നിര്‍മാണത്തെയാണ് നിയന്ത്രണം ബാധിക്കുന്നതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകള്‍ അടിയന്തരമായി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വന്‍കിടക്കാര്‍ കുന്നിടിച്ച്‌ നിരപ്പാക്കുന്നത് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും നാട്ടുകാര്‍ ആരോപിച്ചു. ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കള്‍ പ്രക്ഷോഭത്തിനിറങ്ങുമെന്നും സൂചനയുണ്ട്.

Comments are closed.