തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂട് ഉയരുന്നതിന്‍റെ പശ്ചാത്തലത്തില്‍ ഇന്നു മുതല്‍ ഞായറാഴ്ച വരെ ഒമ്ബതു ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ കടുത്ത ചൂടിനാണ് സാധ്യത. ഒന്നാംഘട്ട അലർട്ടായ യെല്ലോ അലർട്ടാണ് ഇവിടങ്ങളില്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉയർന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും തൃശൂർ ജില്ലയില്‍ ഉയർന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ ഉയർന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയേക്കാള്‍ രണ്ടുമുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ദിവസങ്ങളിലും ഇത്തരത്തില്‍ താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെ ആരോഗ്യവകുപ്പ് അടക്കം ചില മാർഗനിർദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. സൂര്യാഘാതത്തിനുള്ള സാധ്യത കൂടുതലായതിനാല്‍ പകല്‍സമയങ്ങളില്‍ 11 മുതല്‍ മൂന്നുവരെ പുറത്തു കഴിയുന്നത് കഴിവതും ഒഴിവാക്കണമെന്നും നിർദേശം നല്കിയിരുന്നു.
സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ നിരവധി ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെപ്പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണെന്ന് ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
Comments are closed.