സംസ്ഥാനത്തെ മുൻഗണനാ വിഭാഗം റേഷൻ കാര്‍ഡ് മസ്റ്ററിങ്; അംഗങ്ങള്‍ക്ക് പൊതുവായി ഉണ്ടാകാനിടയുള്ള സംശയങ്ങള്‍; അറിയേണ്ടതെല്ലാം

മാർച്ച്‌ 15, 16, 17 തീയതികളില്‍ റേഷൻ കാർഡ് മുൻഗണനാ വിഭാഗങ്ങളുടെ കെവൈസി മസ്റ്ററിങ് നടത്തുമെന്ന് മന്ത്രി ജി ആർ അനില്‍ അറിയിച്ചിരുന്നു.

രാവിലെ എട്ടു മുതല്‍ വൈകിട്ട് 7 വരെ ഇടവേളകളില്ലാതെ ക്യാമ്ബുകള്‍ പ്രവർത്തിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. റേഷൻ വിതരണം പൂർണ്ണമായും നിർത്തിവച്ചാണ് റേഷൻ കടകള്‍ക്ക് സമീപമുള്ള അംഗൻവാടികള്‍, ഗ്രന്ഥശാലകള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ വച്ച്‌ ക്യാമ്ബുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്.

 

സംസ്ഥാനത്തെ മുൻഗണന റേഷൻ കാർഡ് അംഗങ്ങളുടെ കെവൈസി മസ്റ്ററിങ് റേഷൻകടകള്‍ വഴി നടത്തുമ്ബോള്‍ എന്തൊക്കെയാണ് ഇത് സംബന്ധിച്ച പൊതുവായി ഉണ്ടാകാനിടയുള്ള സംശയങ്ങള്‍ എന്നും എന്തെല്ലാം കാര്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ട അറിയേണ്ടത് എന്നും നോക്കാം.

 

1) ഏതൊക്കെ കാർഡുകളിലെ അംഗങ്ങള്‍ ആണ് KYC അപ്‌ഡേഷൻ ചെയ്യേണ്ടത്?

 

മുൻഗണന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന AAY (മഞ്ഞ), PHH (പിങ്ക്) കാർഡുകളിലെ അംഗങ്ങള്‍ ആണ് അപ്‌ഡേഷൻ ചെയ്യേണ്ടത്.

 

2) എല്ലാ അംഗങ്ങളും അപ്‌ഡേഷൻ ചെയ്യേണ്ടതുണ്ടോ?

 

എല്ലാ അംഗങ്ങളും അപ്‌ഡേഷൻ ചെയ്യണം.

 

3) ഏതു റേഷൻ കടയില്‍ ആണ് അപ്‌ഡേഷൻ ചെയ്യേണ്ടത്?

 

സംസ്ഥാനത്തെ ഏതു റേഷൻ കടയിലും അപ്‌ഡേഷൻ ചെയ്യാം.

 

4) എന്തൊക്കെ രേഖകള്‍ കയ്യില്‍ കരുതണം?

 

അപ്‌ഡേഷൻ ചെയ്യുന്ന ആളിന്റെ ആധാർ

കാർഡും ( ആധാർ നമ്ബർ ), ആള്‍ ഉള്‍പ്പെടുന്ന റേഷൻ കാർഡിന്റെ ശരിയായ 10 അക്ക നമ്ബറും മതിയാവും.

 

5) കിടപ്പു രോഗികള്‍, റേഷൻ കടയിലോ ക്യാമ്ബിലോ എത്താൻ കഴിയാത്ത പ്രായമുള്ളവർ എന്നിവരുടെ അപ്ഡേഷൻ എങ്ങിനെ നടത്തും?

 

ഇതു സംബന്ധിച്ച സർക്കാർ മാർഗനിർദേശം ഉടൻ ഉണ്ടാവും.

 

6) ആധാർ അപ്ഡേറ്റ് ചെയ്യാത്ത കുട്ടികള്‍, വിരലടയാളം പതിയാത്തവർ എന്നിവർ എങ്ങിനെ അപ്ഡേറ്റു ചെയ്യും?

 

മാർഗ നിർദേശം ആയിട്ടില്ല.

 

7) പഠനാവശ്യങ്ങള്‍ക്കും, ജോലിക്കുമായി കേരളത്തിന്‌ പുറത്തു പോയിട്ടുള്ളവർക്ക് അപ്‌ഡേഷന് സമയം നീട്ടി കിട്ടുമോ?

 

നിലവില്‍ 2024 മാർച്ച്‌ 31 വരെ മാത്രമാണ് കേന്ദ്ര സർക്കാർ അപ്‌ഡേഷന് സമയം അനുവദിച്ചിട്ടുള്ളത്.

 

8) നീല, വെള്ള കാർഡുകാർ അപ്‌ഡേഷൻ നടത്തേണ്ടതുണ്ടോ?

 

ഇല്ല.

 

9)സപ്ലൈ ഓഫീസിലോ അക്ഷയ കേന്ദ്രത്തിലോ അപ്‌ഡേഷൻ നടത്താൻ കഴിയുമോ?

 

ഇല്ല. റേഷൻ കടകളിലെ ഈ പോസ് മെഷീനില്‍ മാത്രമേ നിലവില്‍ അപ്‌ഡേഷൻ സൗകര്യം ഉള്ളു.

 

10) E KYC അപ്‌ഡേഷൻ നടത്തുവാൻ പ്രത്യേക ദിവസമോ സമയമോ ഉണ്ടാകുമോ.?

 

മാർച്ച്‌ മാസം 15, 16, 17 (വെള്ളി, ശനി, ഞായർ )തീയതികളില്‍ പ്രത്യേക ക്യാമ്ബുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

 

11) ഈ ദിവസങ്ങളില്‍ റേഷൻ വാങ്ങാൻ കഴിയുമോ?

 

ഇല്ല. ഈ 3 ദിവസങ്ങളില്‍ റേഷൻ വിതരണം ഉണ്ടായിരിക്കുകയില്ല.

 

അതേസമയം സെർവർ തകരാറിനെ തുടർന്ന് മസ്റ്ററിംഗ് ഭാഗികമായി നിർത്തിവച്ചതായി ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനില്‍ അറിയിക്കുകയും ചെയ്തിരുന്നു. സെർവർ മാറ്റിയാല്‍ മാത്രമേ മസ്റ്ററിംഗ് പുനരാരംഭിക്കാൻ സാധിക്കുകയുള്ളൂ എന്നാണ് വിവരം.

Comments are closed.