കടുത്ത ചൂട് തുടരുന്നു: പിടിമുറുക്കി മഞ്ഞപ്പിത്തവും ചിക്കൻപോക്‌സും; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

സംസ്ഥാനത്ത് കനത്ത ചൂട് തുടരുകയാണ്. ഇതോടെ മഞ്ഞപ്പിത്തം, ചിക്കൻപോക്സ് അടക്കമുള്ള രോഗങ്ങളും ഉണ്ടാകുന്നുണ്ട്. ഹെപ്പറ്റൈറ്റിസ് -എ, ഇ വൈറസ് മൂലമുണ്ടാകുന്ന മഞ്ഞപ്പിത്തം വളരെ വേഗം പടര്‍ന്നുപിടിക്കുന്നതാണ്.,

സാധാരണ ഇടവിട്ടുള്ള മഴക്കാലത്താണ് ഡെങ്കിപ്പനി കൂടുന്നത്. എന്നാല്‍, ഈ വേനലിലും ഡെങ്കിപ്പനിയുണ്ട്. പനി താരതമ്യേന കുറഞ്ഞിട്ടുണ്ടെങ്കിലും വരണ്ട ചുമയും കഫക്കെട്ടുമെല്ലാം അലട്ടുന്നുണ്ട്. മാർച്ചില്‍മാത്രം 7709 പേരിലേറെയാണ് പനിക്ക് ചികിത്സതേടിയത്. ശരാശരി 500-700 പേരൊക്കയാണുള്ളത്. 31 പേർക്ക് ഡെങ്കി പിടിപെട്ടു. ഫെബ്രുവരിയില്‍ 114 പേർക്കാണ് ഡെങ്കി വന്നത്. ഫെബ്രുവരി-മാർച്ച്‌ മാസങ്ങളില്‍ 25 പേർക്ക് എലിപ്പനി പിടിപെട്ടു. അതില്‍ത്തന്നെ രണ്ടുപേർ മരിച്ചു.

ശുചിത്വക്കുറവ് കൊണ്ട് പകരുന്ന രോഗം കൂടിയാണ് മഞ്ഞപ്പിത്തം. ഭക്ഷണത്തിലൂടെയും മലിനജലത്തിലൂടെയുമെല്ലാം രോഗം പകരാം. ഹൈപ്പറ്റൈറ്റിസ് -ബി വൈറസ് പകരുന്നത് രക്തത്തില്‍കൂടിയും രക്തത്തിലെ ഘടകങ്ങളില്‍കൂടിയുമാണ്.

പനി, വിശപ്പില്ലായ്മ, ഓക്കാനവും ഛര്‍ദിയും, ശക്തമായ ക്ഷീണം, ദഹനക്കേട്, കണ്ണും നഖങ്ങളും മഞ്ഞനിറത്തിലാകുന്നത് എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍. ഒപ്പം ഉന്മേഷക്കുറവും മലമൂത്രങ്ങള്‍ക്ക് നിറവ്യത്യാസവും ശരീരഭാരം പെട്ടെന്ന് കുറയുന്നതും മറ്റു ചില ലക്ഷണങ്ങളാകുന്നു.

മഞ്ഞപ്പിത്തം വരാതെ നോക്കുക എന്നതാണ് ഏറ്റവും വലിയ പ്രതിരോധം. വ്യക്തി ശുചിത്വം ആണ് ഇതില്‍ പ്രധാനം. പതിവായി പുറത്തുനിന്ന് ആഹാരം കഴിക്കേണ്ടിവരുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.

രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • ശുദ്ധമല്ലാത്ത വെള്ളത്തില്‍ തയ്യാറാക്കുന്ന ശീതള പാനീയങ്ങള്‍ വാങ്ങിക്കുടിക്കാതിരിക്കുക.
  • തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
  • ചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക. റഫ്രിജറേറ്ററില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണം ചൂടാക്കി മാത്രം കഴിക്കാന്‍ ശ്രമിക്കുക.
  • ഭക്ഷണത്തിനു മുന്‍പും ശേഷവും കൈകള്‍ വൃത്തിയാക്കുക.
  • ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ തിളപ്പിച്ച വെള്ളത്തില്‍ കഴുകിയെടുത്ത് ഉപയോഗിക്കുക.
  • കിണർവെള്ളം നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യുക.
  • ശുദ്ധജലത്തില്‍ തയ്യാറാക്കിയ ഐസ് മാത്രം ഉപയോഗിക്കുക.
  • പരിസരം വൃത്തിയായി സൂക്ഷിക്കുക.

വേനല്‍ക്കാലത്ത് അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു രോഗമാണ് ചിക്കൻപോക്സ്. അതിവേഗം പടരുന്ന രോഗം കൂടിയാണ് ചിക്കൻപോക്സ്. ‘വേരിസെല്ലസോസ്റ്റര്‍’ എന്ന വൈറസാണ് ചിക്കന്‍പോക്‌സ് പടര്‍ത്തുന്നത്.

ക്ഷീണം, കടുത്ത പനി, തലവേദന, ശരീരവേദന, തൊലിപ്പുറത്ത് ചുവന്ന നിറത്തിലുള്ള കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. പനിക്കൊപ്പം ഛര്‍ദ്ദി, തലകറക്കം, വിശപ്പില്ലായ്മ, ശരീരത്തില്‍ അസഹനീയ ചൊറിച്ചില്‍ തുടങ്ങിയവയും ചിക്കന്‍ പോക്സിന്റെ മറ്റ് ലക്ഷണങ്ങളാണ്.

ചിക്കന്‍പോക്സ് രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

  • ഇളം ചൂടുവെള്ളത്തില്‍ ദിവസവും കുളിക്കുക.
  • ശരീരത്തില്‍ ഉണ്ടാകുന്ന കുമിളകള്‍ തൊടുകയോ പൊട്ടിക്കുകയോ ചെയ്യരുത്.
  • മതിയായ വിശ്രമം പ്രധാനമാണ്. രോഗം തുടങ്ങി ആദ്യ ദിനം മുതല്‍ കൃത്യമായ വിശ്രമ രീതി സ്വീകരിക്കണം.
  • എളുപ്പത്തില്‍ പകരുന്ന രോഗമായത് കൊണ്ട് രോഗികള്‍ കുട്ടികള്‍, ഗര്‍ഭിണികള്‍, വൃദ്ധര്‍ എന്നിവരുമായുള്ള സമ്ബര്‍ക്കം ഒഴിവാക്കുക.
  • കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
  • എണ്ണ, എരിവ്, പുളി തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
  • കുളിക്കുന്ന വെള്ളത്തില്‍ ആരിവേപ്പില ഇട്ട് തിളപ്പിക്കുന്നത് ചൊറിച്ചില്‍ കുറയ്‌ക്കാന്‍ സഹായിച്ചേക്കാം.

ചൂടിനെ പ്രതിരോധിക്കാം

  • ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളംകുടിക്കുക.
  • ജലാംശമുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുക.
  • കഫീൻ, ഗ്യാസ് അടങ്ങിയ പാനീയങ്ങള്‍, കൊഴുപ്പുകൂടിയ ഭക്ഷണം എന്നിവ ഒഴിവാക്കുക.
  • അതികഠിനമായ വെയിലുള്ളപ്പോള്‍ കുട്ടികളെ കളിക്കാൻ അനുവദിക്കരുത്.
  • വീടിന്റെ വാതിലും ജനലുകളും തുറന്നിടുക.
  • കട്ടികുറഞ്ഞ, ഇളംനിറത്തിലുള്ള അയഞ്ഞവസ്ത്രം ധരിക്കുക.

Comments are closed.