സ്ത്രീകള്‍ക്ക് സുവര്‍ണാവസരം; 7.5 ശതമാനം പലിശ നിരക്കില്‍ ഒരു കിടിലൻ നിക്ഷേപ പദ്ധതി

സാമ്ബത്തിക രംഗത്തും വലിയ സ്ത്രീ മുന്നേറ്റത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. സ്ത്രീകളെ സാമ്ബത്തികമായും ശാക്തീകരിക്കുന്നതിന് വിവിധ പദ്ധതികളാണ് സർക്കാർ നേരിട്ടും അല്ലാതെയും ജനങ്ങളിലേക്ക് എത്തിക്കുന്നത്.ഇതില്‍ എടുത്ത് പറയേണ്ട നിക്ഷേപ പദ്ധതികളിലൊന്നാണ് മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്. 2023ല്‍ കേന്ദ്ര സർക്കാർ അവതരിപ്പിച്ച പദ്ധതി സ്ത്രീകളില്‍ നിക്ഷേപ സ്വഭാവം വളർത്തുന്നതിനും അവരുടെ സാമ്ബത്തിക ഭദ്രത ഉറപ്പാക്കുന്നതിനും രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ്. 2025 മാർച്ച്‌ വരെ നിക്ഷേപം സാധ്യമാകുന്ന പദ്ധതി ഒരു ഒറ്റത്തവണ നിക്ഷേപ രീതിയാണ്. സ്ഥിര പലിശ നിരക്കില്‍ രണ്ട് വർഷത്തേക്ക് സ്ത്രീകളുടെയോ പെണ്‍കുട്ടികളുടെയോ പേരില്‍ നിശ്ചിത തുക നിക്ഷേപിക്കാൻ ഇതിലൂടെ സാധിക്കുന്നു. സ്ത്രീകള്‍ക്ക് എങ്ങനെ പദ്ധതി പ്രയോജനകരമാകുമെന്ന് നോക്കാം.സർക്കാർ പിന്തുണയാണ് മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റിന്റെ പ്രധാന സവിശേഷതകളിലൊന്ന്. ഇത് പൂർണമായും അപകടരഹിതമായ നിക്ഷേപം വാഗ്ദാനം ചെയ്യുന്നതോടൊപ്പം ഉയർന്ന പലിശയും ഉറപ്പായ റിട്ടേണ്‍സും സാധ്യമാക്കുന്നു. സ്ത്രീകള്‍ക്ക് സ്വന്തമായും മൈനറായ പെണ്‍കുട്ടികളുടെ പേരില്‍ നിയമ പ്രകാരമുള്ള രക്ഷിതാവിനും പദ്ധതിയില്‍ അക്കൗണ്ട് തുറക്കാൻ സാധിക്കും. 1000 രൂപയാണ് മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റിലെ കുറഞ്ഞ നിക്ഷേപ പരിധി. ഇത്തരത്തില്‍ 100ന്റെ ഗുണിതങ്ങളായി രണ്ട് ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സ്ത്രീകള്‍ക്ക് അവസരമുണ്ട്. രണ്ട് വർഷത്തെ മെച്വൂരിറ്റി കാലയളവാണെങ്കിലും അക്കൗണ്ട് തുറന്ന് ഒര് വർഷം പൂർത്തിയാകുമ്ബോള്‍ നിക്ഷേപ തുകയുടെ 40 ശതമാനം വരെ പിൻവലിക്കാനും സാധിക്കും.

ഏറ്റവും ഉയർന്ന പലിശ നിരക്കുകളുടെ കൂട്ടത്തിലാണ് മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റും കേന്ദ്ര ധനകാര്യ മന്ത്രാലയം ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിക്ഷേപകർക്ക് 7.5 ശതമാനം പലിശ നിരക്കാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. ഇത് സാമ്ബത്തിക വർഷത്തിന്റെ ഓരോ പാദത്തിലും ക്രെഡിറ്റ് ആവുകയും മെച്വൂരിറ്റി കാലയളവിന് ശേഷം പിൻവലിക്കാനും സാധിക്കും. അതേസമയം, നികുതി ആനുകൂല്യങ്ങളും പദ്ധതിയെ സ്ത്രീകള്‍ക്കായുള്ള മികച്ച തിരഞ്ഞെടുപ്പാക്കുന്നു. ആദായ നികുതി നിയമത്തിന്റെ സെക്ഷൻ 80 സി അനുസരിച്ചുള്ള നികുതി ഇളവുകള്‍ക്ക് പദ്ധതിയിലെ നിക്ഷേപം ബാധകമാണ്.അടുത്തുള്ള പോസ്റ്റ് ഓഫീസ് അല്ലെങ്കില്‍ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കോ സന്ദർശിച്ച്‌ മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് അക്കൗണ്ട് തുറക്കാൻ സാധിക്കും. തിരിച്ചറിയല്‍ രേഖയോടൊപ്പം അപേക്ഷ ഫോം സമർപ്പിച്ച്‌ അക്കൗണ്ട് തുറക്കാവുന്നതാണ്. പണമായും ചെക്ക് ആയും പണം അടക്കാവുന്നതാണ്.പ്രത്യേക കാരണങ്ങളൊന്നും നല്‍കാതെ അക്കൗണ്ട് തുറന്ന തീയതി മുതല്‍ ആറ് മാസത്തിന് ശേഷം ക്ലോസ് ചെയ്യാം. അത്തരം സന്ദർഭങ്ങളില്‍, പ്രധാന തുകയ്ക്ക് 5.5 ശതമാനം പലിശ നിരക്ക് ബാധകമായിരിക്കും. അക്കൗണ്ട് ഉടമയുടെ മരണം സംഭവിച്ചാല്‍, അക്കൗണ്ട് ക്ലോസ് ചെയ്യാം. അത്തരമൊരു സാഹചര്യത്തില്‍, മൂലധനത്തിന് അനുസൃതമായ പലിശ നല്‍കും. രക്ഷിതാവിന്റെ മരണം സംഭവിക്കുകയാണെങ്കിലും നിബന്ധനകള്‍ക്ക് വിധേയമായി മുഴുവൻ നിക്ഷേപ തുകയും അതിന്റെ പലിശയും ലഭിക്കും.

Comments are closed.