2019ലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോലീസുകാരനു അനുവദിച്ച തുക വീഡിയോ അടിച്ചുമാറ്റി: കേസെടുത്തു

മലപ്പുറം: 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കോട്ടക്കല്‍ നിയമസഭ മണ്ഡലത്തിലെ ആന്‍റി ഡിഫേഴ്സ്മെന്‍റ് സ്ക്വാഡ് അംഗമായിരുന്ന പൊലീസുകാരന് അനുവദിച്ച ഫീഡിങ് അലവൻസ് വ്യാജരേഖ ചമച്ച്‌ തട്ടിയെടുത്തെന്ന പരാതിയില്‍ ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫിസർക്കെതിരെ കേസ്.2019ല്‍ കുറ്റിപ്പുറം ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫിസറായിരുന്ന ചന്ദ്രന് എതിരെയാണ് മലപ്പുറം പൊലീസ് വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.

 

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും മാർഗനിർദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും അനധികൃതമായി സ്ഥാപിച്ച ബാനറുകളും പോസ്റ്ററുകളും നീക്കംചെയ്യാനും ഏഴുപേരടങ്ങിയ ആന്‍റി ഡിഫേഴ്സ്മെന്‍റ് സ്ക്വാഡിലെ അംഗമായിരുന്നു 2019ല്‍ കാടമ്ബുഴ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറും പട്ടാമ്ബി സ്വദേശിയുമായ വിപിൻ സേതു. ചട്ടപ്രകാരം ദിവസം 150 രൂപ നിരക്കില്‍ 41 ദിവസത്തെ ഡ്യൂട്ടിക്ക് വിപിന് 6150 രൂപയാണ് അനുവദിച്ചത്. എന്നാല്‍, ഈ തുക സ്ക്വാഡിന്റെ തലവനായ ബി.ഡി.ഒ, വിപിന് നല്‍കാതെ വ്യാജ ഒപ്പിട്ട് കൈപ്പറ്റിയെന്നായിരുന്നു പരാതി.

 

അനുവദിച്ച തുക ചോദിച്ചപ്പോള്‍, തുക കിട്ടിയിട്ടില്ലെന്നും പൊലീസ് വകുപ്പില്‍നിന്ന് വാങ്ങണമെന്നുമായിരുന്നു ഉദ്യോഗസ്ഥൻ നല്‍കിയ മറുപടി. എന്നാല്‍, വിപിൻ 2020ല്‍ വിവരാവകാശ പ്രകാരം വിവരങ്ങള്‍ ശേഖരിച്ചപ്പോഴാണ് തന്‍റെ പേരില്‍ വ്യാജ ഒപ്പിട്ട് ബി.ഡി.ഒ തുക കൈപ്പറ്റിയതായി അറിഞ്ഞത്. തുടർന്ന് ഇലക്ഷൻ സെല്‍ വഴി അന്നത്തെ ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കി. കലക്ടറുടെ കീഴില്‍ നടന്ന അന്വേഷണത്തില്‍ ബി.ഡി.ഒ കുറ്റക്കാരനാണെന്ന് വ്യക്തമായിരുന്നു. അനുബന്ധമായി നടന്ന അന്വേഷണത്തില്‍ ഒപ്പ് വ്യാജമാണെന്നും കണ്ടെത്തി. തുടർന്ന് ആറുമാസം മുമ്ബ് നടപടി സ്വീകരിക്കാൻ കലക്ടർ പൊലീസിനോട് നിർദേശിച്ചു. അന്വേഷണ റിപ്പോർട്ട് ഡിപ്പാർട്മെന്‍റിന് സമർപ്പിച്ചിട്ടുണ്ടെന്ന് മലപ്പുറം പൊലീസ് ഇൻസ്പെക്ടർ ജോബി തോമസ് ‘മാധ്യമ’ത്തോട് പറഞ്ഞു.

Comments are closed.