ഹജ്ജ് ക്യാമ്ബ് : ഒരുക്കങ്ങള്‍ പൂര്‍ണ്ണം

തീർത്ഥാടകർ ഇന്നുമുതല്‍ എത്തിത്തുടങ്ങും

മലപ്പുറം: ഹജ്ജ് തീർത്ഥാടകർ തിങ്കളാഴ്ച മുതല്‍ കരിപ്പൂർ ഹജ്ജ് ക്യാമ്ബില്‍ എത്തിത്തുടങ്ങും.ഇന്നു മുതല്‍ ജൂണ്‍ ഒമ്ബതു വരെയാണ് കോഴിക്കോട് എംബാർക്കേഷനിലെ ഹജ്ജ് ക്യാമ്ബ് .

 

തീർത്ഥാടകരെ ഹൃദ്യമായി സ്വീകരിക്കുന്നതിനും യാത്രയാക്കുന്നതിനും ആവശ്യമായ സജ്ജീകരണങ്ങളും ഒരുക്കങ്ങളും ഹജ്ജ് ക്യാമ്ബില്‍ പൂർത്തിയായി. ഹാജിമാരെ സ്വീകരിക്കുന്നതിന് ഹജ്ജ് ഹൗസിന്റെ പ്രധാന കെട്ടിടവും വനിതാ ബ്ലോക്കും പ്രവർത്തന സജ്ജമായി. വിമാനത്താവളത്തിലും ഹാജിമാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

 

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 17,883 പേരാണ് വിവിധ എംബാർക്കേഷൻ പോയിന്റുകള്‍ വഴി ഈ വർഷം യാത്രയാവുക. ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്ത് നിന്നും ഇത്രയും കൂടുതല്‍ പേർക്ക് അവസരം ലഭിക്കുന്നത്. ആകെ തീർത്ഥാടകരില്‍ 7,279 പേർ പുരുഷന്മാരും 10,604 പേർ സ്ത്രീകളുമാണ്. രണ്ട് വയസിനു താഴെയുള്ള എട്ട് കുഞ്ഞുങ്ങളും ഇതില്‍ ഉള്‍പ്പെടും. കോഴിക്കോട് (കരിപ്പൂർ) എംബാർക്കേഷൻ വഴി 10,430, കൊച്ചി വഴി 4,273, കണ്ണൂർ വഴി 3,135 പേരുമാണ് യാത്രയാവുക. സംസ്ഥാനത്ത് നിന്നുളള 37 പേർ ബാംഗളൂരു, അഞ്ച് പേർ ചെന്നൈ, മൂന്ന് പേർ മുംബൈ എംബാർക്കേഷൻ പോയിന്റുകള്‍ വഴിയാണ് പുറപ്പെടുക. മൊത്തം തീർത്ഥാടകരില്‍ 1250 പേർ 70 വയസ് കഴിഞ്ഞ റിസർവ്ഡ് കാറ്റഗറിയില്‍ പെട്ടവരും 3582 പേർ ലേഡീസ് വിത്തൗട്ട് മെഹ്രം വിഭാഗത്തില്‍ നിന്നുളളവരും ശേഷിക്കുന്നവർ ജനറല്‍ വിഭാഗത്തില്‍ പെട്ടവരുമാണ്.

 

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പരിമിതമായ രൂപത്തില്‍ ഹജ്ജ് ക്യാമ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്നു വൈകിട്ട് നാലിന് ഹജ്ജ് ഹൗസില്‍ നടക്കും. മെയ് 26 നാണ് കൊച്ചിയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം. ജൂണ്‍ ഒന്നിന് കണ്ണൂരില്‍ നിന്നും യാത്ര തുടങ്ങും.

 

ആദ്യവിമാനം 21ന്

കോഴിക്കോട് നിന്നും മേയ് 21ന് പുലർച്ചെ 12.05നാണ് ആദ്യവിമാനം. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 3011 നമ്ബർ വിമാനത്തില്‍ 166 പേർ പുറപ്പെടും. അതേ ദിവസം രാവിലെ എട്ടിനും വൈകിട്ട് മൂന്നിനും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ യാത്ര തിരിക്കും. ആദ്യ വിമാനം പുലർച്ചെ 3.50 ന് ജിദ്ദയിലെത്തും.

 

എയർ ഇന്ത്യാ എക്സ്പ്രസിന്റെ 166 പേർക്ക് സഞ്ചരിക്കാവുന്ന 59 വിമാനങ്ങളാണ് കരിപ്പൂരില്‍ നിന്നും ഇതുവരെ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. കാത്തിരിപ്പ് പട്ടികയില്‍ നിന്നും ഇതിനവസരം ലഭിച്ചവർക്കുള്ള അധിക വിമാനവും ജൂണ്‍ ഒമ്ബതിന് മുമ്ബുള്ള ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തും. ജുലായ് ഒന്ന് മുതല്‍ 22 വരെയുള്ള കാലയളവില്‍ മദീന വഴിയാണ് കേരളത്തില്‍ നിന്നുള്ള ഹാജിമാരുടെ മടക്കയാത്ര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

 

വിപുലമായ സൗകര്യങ്ങള്‍

ആദ്യ വിമാനത്തില്‍ പുറപ്പെടുന്ന തീർത്ഥാടകർ ഇന്നുരാവിലെ 10 നും രണ്ടാമത്തെ സംഘം ഉച്ചയ്ക്ക് 12നും മൂന്നാം സംഘം ഉച്ചയ്ക്ക് രണ്ടിനും ഹജ്ജ് ക്യാമ്ബില്‍ റിപ്പോർട്ട് ചെയ്യണം. എയർപോർട്ടിലെ പില്ലർ നമ്ബർ പതിമൂന്നിലാണ് തീർത്ഥാടകർ ആദ്യം എത്തേണ്ടത്. ഇവിടെ ലഗേജുകള്‍ കൈമാറിയ ശേഷം ഹജ്ജ് കമ്മിറ്റി പ്രത്യേകം ഒരുക്കിയ ബസില്‍ തീർത്ഥാടകരെ ഹജ്ജ് ക്യാമ്ബിലേക്ക് എത്തിക്കും.

 

ക്യാമ്ബില്‍ സ്ത്രീകള്‍ക്കും പുരുഷന്മാർക്കും താമസം, ഭക്ഷണം, പ്രാഥമികാവശ്യം, പ്രാർത്ഥന എന്നിവയ്ക്കായി ഇരുകെട്ടിടങ്ങളിലും പ്രത്യേക ഹാളുകള്‍ സൗകര്യപ്പെടുത്തിയിട്ടുണ്ട്. തീർത്ഥാടകർക്ക് യാത്രാരേഖകളും യാത്രാ നിർദ്ദേശങ്ങളും ക്യാമ്ബില്‍ വച്ച്‌ നല്‍കും. വിമാനം പുറപ്പെടുന്നതിന്റെ നാല് മണിക്കൂർ മുമ്ബ് തീർത്ഥാടകരെ പ്രത്യേക ബസില്‍ എയർപോർട്ടില്‍ എത്തിക്കും. എമിഗ്രേഷൻ നടപടികള്‍ വേഗത്തിലാക്കാൻ കൂടുതല്‍ കൗണ്ടറുകളും സജ്ജീകരിക്കുന്നുണ്ട്.

 

ഓരോ വിമാനത്തിലും യാത്രയാവേണ്ട തീർത്ഥാടകർ റിപ്പോർട്ട് ചെയ്യേണ്ട സമയക്രമം ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോണ്‍മുഖേന വിളിച്ചും വിവരം അറിയിക്കും.

 

200 തീർത്ഥാടകർക്ക് ഒരാള്‍ എന്ന അനുപാതത്തില്‍ 89 പേർ ഇത്തവണ തീർത്ഥാടകരുടെ സേവനത്തിനായി യാത്രയില്‍ അനുഗമിക്കും.

 

11,252 പേരാണ് 2023ല്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ തീർത്ഥാടനത്തിന് പോയത്

 

17,883 പേരാണ് 2024ല്‍ തീർത്ഥാടനത്തിന് പോകുന്നത്.

Comments are closed.