വേങ്ങര: സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഉപജില്ലയായ വേങ്ങരയിലെ വിദ്യാഭ്യാസ കാര്യാലയം കെട്ടിടം കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍.വാടകക്കെട്ടിടത്തില്‍ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമക്ക് അഞ്ചു വർഷത്തിലധികമായി വാടക കുടിശ്ശിക വന്നതോടെയാണ് ഉടമ ഓഫിസ് ഒഴിപ്പിക്കാനുള്ള നീക്കം ആരംഭിച്ചത്. ജൂണ്‍ ഒന്ന് മുതല്‍ കെട്ടിടം ഒഴിയണമെന്നാണ് ഇപ്പോള്‍ ഉടമ അന്ത്യശാസനം നല്‍കിയിട്ടുള്ളത്. പ്രതിമാസം 4859 രൂപ നിരക്കില്‍ 2019 ജനുവരി മുതല്‍ 65 മാസത്തെ വാടകയിനത്തില്‍ നിലവില്‍ മൂന്നു ലക്ഷത്തിലധികം രൂപ കുടിശ്ശികയുണ്ട്. പണ്ട് നിശ്ചയിച്ച ചുരുങ്ങിയ വാടകയില്‍ ഇത്രയും കുടിശ്ശികയുമായി ഇനി മുന്നോട്ടു പോകാൻ കഴിയില്ലെന്നതാണ് കെട്ടിട ഉടമയുടെ നിലപാട്. ഒരു മുറിക്ക് തന്നെ അയ്യായിരം രൂപയിലധികം വാടകയുള്ള, വേങ്ങര ടൗണിന്റെ ഹൃദയ ഭാഗത്ത് പ്രവർത്തിക്കുന്ന ഈ കെട്ടിടത്തില്‍, ഇപ്പോള്‍ വനിതകളുള്‍പ്പെടെ പതിനഞ്ചോളം ജീവനക്കാരുണ്ട്.
ഉപജില്ലയില്‍ പ്രൈമറി, അപ്പർ പ്രൈമറി വിഭാഗങ്ങളിലായി നൂറിനടുത്ത് വിദ്യാലയങ്ങളുടെ മേല്‍നോട്ട ചുമതലയുള്ള ഓഫിസാണ് കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലായത്. ജൂണ്‍ മൂന്നിന് പുതിയ അധ്യയന വർഷാരംഭത്തില്‍ വിദ്യാഭ്യാസ ഓഫിസ് തന്നെ ഇല്ലാതാവുന്നതോടെ ഉപജില്ലയിലെ വിദ്യാഭ്യാസ മേഖല താളം തെറ്റാൻ സാധ്യതയുണ്ട്. എ.ഇ.ഒ ഓഫിസിനടുത്ത് സ്ഥിതി ചെയ്യുന്ന വേങ്ങര ഗവ. ഗേള്‍സ് ഹയർ സെക്കൻഡറി സ്കൂളിലെ പഴയ കോമ്ബൗണ്ടില്‍ നാലു മുറികളുള്ള ഇരുനില കോണ്‍ക്രീറ്റ് കെട്ടിടം വർഷങ്ങളായി ഉപയോഗശൂന്യമായി കാടുമൂടി കിടക്കുമ്ബോഴാണ് ഉപജില്ല വിദ്യാഭ്യാസ ആസ്ഥാന കാര്യാലയം അസൗകര്യങ്ങളില്‍ വീർപ്പുമുട്ടുന്നത് എന്നതാണ് ഏറെ വിരോധാഭാസം.
1998 ല്‍ ഉദ്ഘാടനം ചെയ്ത ഈ കെട്ടിടം അന്ന് മുതല്‍ തന്നെ ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ഈ കെട്ടിടം തല്‍ക്കാലത്തേക്കെങ്കിലും വിദ്യാഭ്യാസ ഓഫിസിന് വിട്ടു കൊടുത്താല്‍ ഒരു പരിധി വരെ പ്രശ്നപരിഹാരമാവും. ഈ കാര്യം എം.എല്‍.എ ഉള്‍പ്പെടെ ജനപ്രതിനിധികളുടെ ശ്രദ്ധയില്‍ പലതവണ കൊണ്ടുവന്നെങ്കിലും പരിഗണന ലഭിച്ചില്ലെന്നും പരിഹാരം കണ്ടെത്താനായില്ലെന്നുമാണ് ജനങ്ങളുടെ പരാതി.
Comments are closed.