*ഡ്രൈവിങ് ടെസ്റ്റ്‌ പരിഷ്കാരം, പാളുന്നുവൊ?തിടുക്കപെട്ട് നടപ്പാക്കിയ പരിഷ്കാരം മൂലം,ലേണേഴ്‌സ് ജയിക്കുന്ന പകുതിപ്പേർക്ക് പോലും ഡ്രൈവിങ് ടെസ്റ്റ് നൽകാനാവുന്നില്ല

ലേണേഴ്‌സ് ലൈസൻസ് എടുക്കുന്നതിൽ പകുതി പേർക്കുപോലും ഡ്രൈവിങ് ടെസ്റ്റുകൾ നടത്താനാകാതെ വാഹനവകുപ്പ്. വേണ്ടത്ര മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ (എം.വി.ഐ.) ഇല്ലാത്തതും ടെസ്റ്റിന് സർക്കാർ നിയന്ത്രണങ്ങൾവെച്ചതുമാണ് പ്രതിസന്ധിക്കു കാരണം.

 

ഫിറ്റ്‌നസ് ടെസ്റ്റ് നടത്തുന്ന എം.വി.ഐ.മാർ ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ടെന്നും തിരിച്ചുമുള്ള നിർദേശമാണ് ടെസ്റ്റുകൾ നടത്താനാവാത്തതിനു കാരണമായി പറയുന്നത്. മലപ്പുറംജില്ലയിലെ ഏഴ് സബ് ആർ.ടി.ഒ. ഓഫീസുകൾക്കു കീഴിൽ ആഴ്ചയിൽ 1160 ഡ്രൈവിങ് ടെസ്റ്റുകളാണ് നടത്താനാവുന്നത്. അതേസമയം ഒരാഴ്ച നടത്തുന്നത് 2500-ഓളംo ലേണേഴ്‌സ് ടെസ്റ്റുകളാണ്. മുൻപ് ബുധനാഴ്ച ഒഴികെ ആഴ്ചയിൽ അഞ്ചുദിവസവും ഡ്രൈവിങ് ടെസ്റ്റ് നടത്തിയിരുന്നു. ഇപ്പോൾ ഇത് പല ഓഫീസുകളിലും ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസങ്ങളിലായി കുറഞ്ഞു. മലപ്പുറത്ത് മൂന്ന് എം.വി.ഐ.മാരാണുള്ളത്. ആഴ്ചയിൽ നാലുദിവസങ്ങളിലായി 320 പേർക്കാണ് ഡ്രൈവിങ് ടെസ്റ്റ് നടത്താനാവുന്നത്. പെരിന്തൽമണ്ണയിലും നിലമ്പൂരും കൊണ്ടോട്ടിയിലും ആഴ്ചയിൽ രണ്ടുദിവസമേ ഡ്രൈവിങ് ടെസ്റ്റുള്ളൂ. നിലമ്പൂരിൽ രണ്ടും മറ്റ് രണ്ട് ഓഫീസുകളിൽ ഓരോ എം.വി.ഐ.മാരുമാണുള്ളത്. ഇൗ ഓഫീസുകളിൽ 80 വീതം ഡ്രൈവിങ് ടെസ്റ്റ് മാത്രമാണ് ആഴ്ചയിൽ നടത്താനാവുന്നത്. രണ്ട് എം.വി.ഐ.മാർ വീതമുള്ള തിരൂരിൽ അഞ്ചുദിവസങ്ങളിലായി 200 പേർക്കും തിരൂരങ്ങാടിയിൽ മൂന്നുദിവസങ്ങളിലായി 240 പേർക്കും പൊന്നാനിയിൽ നാലുദിവസങ്ങളിലായി 160 പേർക്കുമാണ് ഡ്രൈവിങ് ടെസ്റ്റ് നടത്താനാവുന്നത്.

 

അതേസമയം ഈ ഓഫീസുകൾക്കു കീഴിൽ ആഴ്ചയിൽ ഏകദേശം നാനൂറു പേരോളം ലേണേഴ്‌സ് നേടുന്നുണ്ട്. നേരത്തെ 120 പേർക്കാണ് ഒരു ദിവസം ലേണേഴ്‌സ് നൽകിയിരുന്നത്. ഇപ്പോൾ അത് 80 ആക്കി കുറച്ചിട്ടുണ്ട്. ലേണേഴ്‌സ് നേടുന്നവർക്കെല്ലാം ഡ്രൈവിങ് ടെസ്റ്റ് നടത്തി ലൈസൻസ് കിട്ടണമെങ്കിൽ കൂടുതൽ എം.വി.ഐ.മാരെ നിയമിച്ച് കൂടുതൽപ്പേർക്ക് ടെസ്റ്റിന് അവസരം നൽകേണ്ടിവരും.

 

ഒരു ദിവസം ഒരു ബാച്ചിന് 40 പേരെ മാത്രമേ അനുവദിക്കാവൂ എന്നാണ് നിർദേശം. ഈ നാൽപ്പതിൽ 25 പുതിയ അപേക്ഷകർക്കും 10 എണ്ണം മുൻപ് പരാജയപ്പെട്ടവർക്കുമാണ്. ബാക്കി അഞ്ചെണ്ണം അടിയന്തരസാഹചര്യത്തിൽ ജോയന്റ് ആർ.ടി.ഒ. നിർദേശിക്കുന്നവർക്കും. ചുരുക്കത്തിൽ ഒരു ബാച്ചിൽ പുതിയതായി 25 പേർക്കാണ് ഡ്രൈവിങ് ടെസ്റ്റിന് അവസരം ലഭിക്കുന്നത്.

ഡ്രൈവിങ് സ്കൂളുകളുടെ ടെസ്റ്റ് ബഹിഷ്‌കരണത്തിന് ശേഷമുണ്ടായ ധാരണകൾപ്രകാരവും ഡ്രൈവിങ് ടെസ്റ്റുകൾ പൂർണതോതിൽ ആയിട്ടില്ലെന്നത് കൂടുതൽ അപേക്ഷകരുള്ള ജില്ലയിൽ ദിനംപ്രതി പ്രതിസന്ധിയേറ്റുന്നു.

 

ബഹിഷ്‌കരണ സമരത്തെത്തുടർന്ന് മന്ത്രി നടത്തിയ ചർച്ചയിലെ കാര്യങ്ങൾ നടപ്പാക്കാത്തതിലും ഉത്തരവിൽ പുതിയ വ്യവസ്ഥകൾ കൂട്ടിച്ചേർത്തതിലും പ്രതിഷേധിച്ച് ഓൾ കേരള ഡ്രൈവിങ് സ്‌കൂൾ വർക്കേഴ്‌സ് യൂണിയൻ(സി.ഐ.ടി.യു.) പത്തുമുതൽ സമരത്തിനൊരുങ്ങുകയാണ്.

Comments are closed.