നിപ ബാധ; മാസ്ക് നിര്‍ബന്ധമാക്കി, വിദ്യാലയങ്ങള്‍ക്ക് അവധി, കച്ചവട സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ അ‍ഞ്ച് വരെ മാത്രം; കര്‍ശനമായ നിയന്ത്രണങ്ങള്‍

മലപ്പുറം: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ കർശനമായ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി.പാണ്ടിക്കാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ലാബിലെ പരിശോധനയിലാണ് സ്ഥിരീകരണം. പാണ്ടിക്കാട് മൂന്ന് കിലോമീറ്റർ ചുറ്റളവില്‍ നിയന്ത്രണം ഏർപ്പെടുത്തി.

 

പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ വിദ്യാലയങ്ങള്‍ക്ക് ഇന്ന് മുതല്‍ അവധി പ്രഖ്യാപിച്ചു. ഇന്ന് മദ്രസകളും ട്യൂഷൻ സെന്ററുകളും ഉള്‍പ്പെടെ പ്രവർത്തിക്കരുത്. റോഡുകള്‍ അടക്കില്ല, എന്നാല്‍ കച്ചവട സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ അ‍ഞ്ച് വരെ മാത്രം പ്രവർത്തിക്കണം. പൊതുസ്ഥലങ്ങളില്‍ അകലം പാലിക്കണം. സിനിമാ തിയേറ്ററുകള്‍ പ്രവർത്തിക്കരുത് തുടങ്ങി കർശനമായ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി.

 

രോഗിയുടെ റൂട്ട് മാപ്പ് ഉടൻ പ്രസിദ്ധീകരിക്കും. ഹൈ റിസ്കിലുള്ള മുഴുവൻ പേരുടെയും സാമ്ബിള്‍ ശേഖരിക്കും. 214 പേരാണ് നിരീക്ഷണത്തിലുള്ളത്. 60 പേർ ഹൈ റിസ്ക് വിഭാഗത്തിലുമുണ്ട്. പനി ബാധിച്ച 15കാരനെ ഈ മാസം 15ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും ശേഖരിച്ച സാമ്ബിളില്‍ നിന്നാണ് രോഗം സ്ഥിരീകരിച്ചത്. നിപയെന്ന് ഉറപ്പിച്ചതോടെ കുട്ടിയെ ഇന്നലെ വൈകുന്നേരം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

 

കുട്ടിയുടെ പിതാവ്, മാതാവ്, അമ്മാവൻ എന്നിവരാണ് കോഴിക്കോട് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ 25 കമ്മിറ്റികള്‍ അടിയന്തരമായി രൂപീകരിച്ച്‌ പ്രവർത്തനം തുടങ്ങി. രോഗ ചികിത്സക്ക് ആവശ്യമായ മോണോക്ലോണല്‍ ആൻ്റിബോഡി പൂനെ വൈറോളജി ലാബില്‍ നിന്നും ഇന്ന് എത്തും. പി.പി.ഇ കിറ്റുകള്‍, മരുന്നുകള്‍, മാസ്ക്കുകള്‍ എന്നിവ കെ.എം.എസ്.സി.എല്‍ എത്തിക്കും. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷൻ റൂമുകള്‍ സജ്ജീകരിച്ചു.

Comments are closed.