യു. ഷറഫലിക്ക് മാതൃവിദ്യാലയത്തിന്റെ ആദരം

അരീക്കോട്: കേരള സ്പോർട്സ് കൗൺസിൽ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട യു.ഷറഫലിക്ക് മാതൃ വിദ്യാലയമായ അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ആദരം. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ സുല്ലമുസ്സലാം ഓറിയന്റൽ സ്കൂൾ അലമ്നി അസോസിയേഷൻ (സോൾ) ആണ് ആദരം ഒരുക്കിയത്. മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ നേടിയ മലപ്പുറം എംഎസ്പി അസിസ്റ്റന്റ് കമാൻഡന്റ് പി.ഹബീബ് റഹ്മാൻ, ഇന്റർനാഷണൽ വെറ്ററൻ അത്‌ലറ്റ് എ.അബ്ദുസമദ് മാസ്റ്റർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

കോഴിക്കോട് സർവ്വകലാശാല സിൻഡിക്കേറ്റ് അംഗവും മാനേജിങ് കമ്മിറ്റി പ്രസിഡണ്ടുമായ എൻ വി അബ്ദുറഹിമാൻ ഷറഫലിക്ക് ഉപകാരം നൽകി. ഹബീബ് റഹ്മാന് ഉള്ള പുരസ്കാരം സ്കൂൾ മാനേജർ കെ അബ്ദുസ്സലാം മാസ്റ്ററും എ അബ്ദുസമദ് മാസ്റ്റർ ക്കുള്ള ഉപഹാരം യു ഷറഫലിയും കൈമാറി. സ്‌കൂളിന് കീഴിൽ സ്പോർട്സ് ഹോസ്റ്റൽ അനുവദിക്കാനുള്ള നിവേദനം സ്കൂൾ സെക്രട്ടറി എൻ അബ്ദുല്ല ഷറഫലിക്ക് കൈമാറി.

അരീക്കോടിന്റെയും മാതൃ വിദ്യാലയത്തിന്റെയും കായിക മുന്നേറ്റത്തിനുള്ള ന്യായമായ എല്ലാ ആവശ്യങ്ങൾക്കും അർഹമായ പരിഗണന നൽകുമെന്ന് അദ്ദേഹം ചടങ്ങിൽ ഉറപ്പു നൽകി. സോളിന്റെ സ്പോർട്സ് ആൻഡ് ആർട്സ് കമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. അക്കാദമിക് വിംഗ് ചെയർമാൻ നൗഷാദ് അരീക്കോട്, സോൾ മിഡിൽ-ഈസ്റ്റ് കോ-ഓ ഡിനേറ്റർ സി അബ്ദുൽ ലത്തീഫ്, സ്കൂൾ പ്രിൻസിപ്പാൾ കെ ടി മുനീബ്റഹ്മാൻ, ഹെഡ്മാസ്റ്റർ സി പി അബ്ദുൽ കരീം, പിടിഎ പ്രസിഡണ്ട് അഷ്റഫ് വട്ടിക്കുത്ത് എന്നിവർ ആശംസകൾ നേർന്നു. കെഎഫ്എ വൈസ് പ്രസിഡണ്ടും സോൾ ഭാരവാഹിയുമായ കാഞ്ഞിരാല അബ്ദുൽ കരീം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം പി ബി ഷൗക്കത്തലി സ്വാഗതവും സ്പോർട്സ് വിങ് കൺവീനർ എ അബ്ദുനാസർ നന്ദിയും പറഞ്ഞു.

Comments are closed.