തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വതന്ത്രമാക്കണം, കമ്മീഷണര്‍ നിയമനത്തിന് സമിതി രൂപീകരിക്കണം: സുപ്രീംകോടതി

ഡൽഹി : തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം, പ്രധാനമന്ത്രി,  പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ്  എന്നിവരുള്‍പ്പെട്ട സമിതിയുടെ ശുപാർശ വഴിയാകണമെന്നാണ്  വിധി.തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വതന്ത്രമാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കമ്മീഷണർമാരുടെ നിയമനത്തിന് പുതിയ നിയമം വരും വരെ ഈ  സ്ഥിതി തുടരണമെന്നും കോടതി വ്യക്തമാക്കി.

കേന്ദ്രസർക്കാർ നിർദേശിക്കുന്നവരുടെ പേരുകൾ അംഗീകരിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ അംഗങ്ങളെ രാഷ്ട്രപതി നിയമിക്കുന്നതാണ് നിലവിലെ രീതി. ഈ രീതി മാറ്റിയാണ് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും ഉൾപ്പെട്ട കൊളീജിയം രൂപീകരിക്കാൻ കോടതി നിർദേശിച്ചത്. ലോക്സഭയിൽ പ്രതിപക്ഷ നേതാവ് ഇല്ലാത്ത സാഹചര്യം വന്നാൽ, ഏറ്റവും കൂടുതൽ അംഗങ്ങളുള്ള പ്രതിപക്ഷ പാർട്ടിയുടെ നേതാവാകും കൊളീജിയത്തിലെ പ്രതിനിധി. ഈ സമിതി ചർച്ച ചെയ്ത് തീരുമാനിക്കുന്നവരെയാകും ഇനി രാഷ്ട്രപതി നിയമിക്കുക. തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളുടെ നിയമനത്തിനായി സ്വതന്ത്ര സംവിധാനം വേണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജികളിലാണ് ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നീക്കം ചെയ്യുന്നതിന് ഇംപീച്ച്മെൻ്റ് നടപടിയാണ് നിലവിലുള്ളത്. ഇത് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ മാറ്റുന്നതിനും കോടതി ബാധകമാക്കി. പുതിയ നിയമത്തിൽ തെരഞ്ഞെടുപ് കമ്മീഷന് പ്രത്യേക ബജറ്റ്, സെക്രട്ടിയേറ്റ്, ചട്ടങ്ങൾ എന്നിവ നിർദേശിക്കാൻ അധികാരം ഉൾപ്പെടെയുണ്ടാകണം. നിരവധി രാഷ്ട്രീയ പാർട്ടികൾ അധികാരത്തിൽ വന്നെങ്കിലും അവയൊന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതിന് കൃത്യമായ നിയമം രൂപപ്പെടുത്തിയിട്ടില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളിയാകുന്നവർ അതിൻറെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്ന രീതിയിൽ പ്രവർത്തിച്ചാൽ മാത്രമേ ജനാധിപത്യം വിജയിക്കുകയുള്ളൂവെന്നും കോടതി നിരീക്ഷിച്ചു. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ രാജീവ് കുമാർ 2025 ഫെബ്രുവരി വരെ സ്ഥാനത്ത് തുടരും. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് നടപടികൾ രാജീവ് കുമാറിന്‍റെ  മേല്‍നോട്ടത്തിലാകും നടക്കുക. സമീപഭാവിയിൽ കാര്യമായ മാറ്റങ്ങൾക്ക് സാധ്യതയില്ലെങ്കിലും ഭാവിയിൽ രാജ്യത്ത് നിർണായക സ്വാധീനം ചെലുത്തുന്നതാണ് ഈ വിധി.

Comments are closed.