മലപ്പുറം: പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിച്ച കർഷകർക്കുള്ള ധനസഹായം ഒരുവർഷമായി കുടിശ്ശികയായി കിടക്കുന്നു. 3,068 കർഷകരാണ് ധനസഹായം കാത്ത് കഴിയുന്നത്. 2.96 കോടി രൂപ കർഷകർക്ക് നൽകാനുണ്ട്. 330.71 ഹെക്ടർ കൃഷി പ്രകൃതിക്ഷോഭത്തിൽ നശിച്ചു. കൃഷി നശിച്ച ഭൂരിഭാഗം പേരും ബാങ്കിൽ നിന്നും ലോണെടുത്ത് കൃഷിയിറക്കിയവരാണ്. പലരുടെയും തിരിച്ചടവും മുടങ്ങി. ജപ്തി ഭീഷണി നേരിടുന്നവരും ഇക്കൂട്ടത്തിലുണ്ട്. ജില്ലയിൽ വാഴ, നെല്ല് കൃഷിയാണ് കൂടുതൽ നാശനഷ്ടം നേരിട്ടത്. തെങ്ങ്, റബർ, കവുങ്ങ്, പച്ചക്കറികൾ, വെറ്റില, കപ്പ കർഷകരും ദുരിതത്തിലാണ്.
101 ഹെക്ടറിലായി 2,48,941 വാഴകളാണ് നശിച്ചത്. ഇതുവഴി 1,667 കർഷകർക്ക് 2.42 കോടിയുടെ നഷ്ടമുണ്ടായി. 184 ഹെക്ടറിലായി നെൽക്കൃഷിയും നശിച്ചു. 363 കർഷകർക്ക് 24 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. ആറ് ഹെക്ടറിലെ 4,130 റബർ മരങ്ങൾ കടപുഴകി വീണു. ഇതിലൂടെ 168 കർഷകർക്ക് 12 ലക്ഷം രൂപ നഷ്ടപ്പെട്ടു. 1.67 ഹെക്ടറിലെ 2,202 കവുങ്ങ് നശിച്ചിട്ടുണ്ട്. ഇതുവഴി 202 കർഷകർക്ക് ആറുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. 4.98 ഹെക്ടറിലെ 854 തെങ്ങുകളാണ് കാറ്റിൽ വീണത്. 407 കർഷകർക്ക് അഞ്ച് ലക്ഷത്തിന്റെ നാശനഷ്ടമുണ്ടായി.
കുടിശ്ശികയായ നഷ്ടപരിഹാരം എപ്പോൾ നൽകുമെന്ന കാര്യത്തിൽ അധികൃതർക്കും വ്യക്തതയില്ലാത്തത് കർഷകരെ നിരാശരാക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് നഷ്ടപരിഹാരം മുടങ്ങിക്കിടക്കാൻ കാരണം. സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്ത സ്ഥലത്തും ചെയ്ത കൃഷികൾ വ്യാപകമായി നശിച്ചത് കർഷകർക്ക് വലിയ പ്രതിസന്ധിയാഴ്ത്തുന്നു. പ്രകൃതിക്ഷോഭവും പിന്നാലെ നഷ്ടപരിഹാരം ലഭിക്കുന്നത് നീളുന്നതും കർഷകരുടെ ജീവിതം തീർത്തും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
Comments are closed.