ഗവൺമെൻ്റ് എൽ പി സ്കൂൾ കൊഴക്കോട്ടൂർ 97-ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി

അരീക്കോട്: ഗവൺമെൻറ് എൽ പി സ്കൂൾ കൊഴക്കോട്ടൂരിൻ്റെ തൊണ്ണൂറ്റി എഴാമത് വാർഷികവും 33 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപകൻ അബൂബക്കർ മാസ്റ്റർക്കുള്ള യാത്രയയപ്പ് സമ്മേളനവും വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശ്രീജ അനിയൻ അധ്യക്ഷത വഹിച്ച യാത്രയയപ്പ് സമ്മേളനത്തിൽ ഉദ്ഘാടനവും ഹെഡ്മാസ്റ്റർക്കുള്ള ഉപഹാര സമർപ്പണവും അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.ടി അബ്ദു ഹാജി നിർവഹിച്ചു.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉമ്മു സൽമ എൽ.എസ്.എസ് വിജയികളെ ആദരിച്ചു. എൽ.കെ.ജി, യു.കെ.ജി വിദ്യാർത്ഥികൾക്കായി സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ടാലൻറ് പരീക്ഷയിൽ സംസ്ഥാനതലത്തിൽ ആദ്യ റാങ്കുകൾ നേടിയ വിദ്യാർത്ഥികൾക്കുള്ള മെമെൻ്റോകളും കാശ് അവാർഡുകളും വിതരണം ചെയ്തു. സ്കൂളിൽ നിന്നും ഹയർസെക്കൻഡറി അധ്യാപികയായി പ്രമോഷൻ ലഭിച്ച സുഷിത ടീച്ചർക്ക് സ്കൂളിൻറെ ഉപഹാരവും ഈ വർഷം വിരമിക്കുന്ന അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മുഹമ്മദ് കോയ സാറിനുള്ള സ്കൂളിൻറെ ആദരവും ഹെഡ്മാസ്റ്റർ കൈമാറി.

മുഹമ്മദ് കോയ സാർ, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ രാജേഷ് സാർ, കെ ടി അഷറഫ്, സന്ധ്യ ടീച്ചർ ജാഫർ യു. തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പിടിഎ പ്രസിഡൻറ് കെ ടി നാസർ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി അശ്വന്ത് നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് സ്കൂൾ വിദ്യാർത്ഥികളുടെയും പ്രൈമറി കുരുന്നുകളുടെയും വൈവിധ്യമാർന്ന കലാപരിപാടികൾ നടന്നു.

Comments are closed.