ഭിന്നശേഷിക്കുട്ടികൾക്ക് ഇനി വീടുകളിൽ ക്ലാസ് മുറി

മലപ്പുറം: വീടുവിട്ട് പുറത്തുപോകാനും കൂട്ടുകാരുമായി സംസാരിക്കാനും സാധിക്കില്ലെന്ന വിഷമം ഭിന്നശേഷിക്കുട്ടികൾക്ക് ഇനി വേണ്ട. അവർക്കായി സ്കൂൾ വീട്ടിലെത്തും! പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടിയ ഭിന്നശേഷി കുട്ടികൾക്കായി വെർച്വൽ ക്ലാസുകൾ ആരംഭിക്കും. ക്ലാസിൽ അദ്ധ്യാപകർ പഠിപ്പിക്കുന്നത് ലൈവായി കാണാനും സഹപാഠികളെ കണ്ട് സംസാരിക്കാനും സാധിക്കുന്ന പദ്ധതിയാണ് സമഗ്രശിക്ഷ കേരള ഒരുക്കുന്നത്. ബ്ളോക്ക് റി​സോഴ്സ് സെന്റർ (ബി.ആർ.സി ) മുഖേന ഒരുങ്ങുന്ന ഹോം ബേസ്ഡ് എജ്യുക്കേഷൻ എന്ന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ക്ലാസ് മാർച്ചി​ൽ ആരംഭിക്കും.

ഭി​ന്നശേഷി​ കുട്ടികൾ പ്രവേശനം നേടിയ പൊതുവിദ്യാലയങ്ങളിലെ ക്ളാസ് മുറി​കളി​ൽ കാമറ സ്ഥാപിക്കും. കുട്ടികൾക്ക് ടാബും നൽകും. ക്ലാസി​ൽ ഇവർക്ക് ലൈവായി പങ്കെടുക്കാം. മറ്റ് വിദ്യാർത്ഥികൾക്ക് ഇവരോട് സംസാരിക്കാനും കൂട്ടുകൂടാനും സൗകര്യമൊരുക്കും. നിലവിൽ ബുധനാഴ്ചകളി​ൽ ബി​.ആർ.സിയി​ലെ സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ വീട്ടി​ലെത്തി​യാണ് ഇത്തരം കുട്ടി​കൾക്ക് ക്ളാസെടുക്കുന്നത്. ഈ രീതിയും തുടരും. ഓൺലൈൻ ക്ലാസിൽ മനസിലാകാത്ത കാര്യങ്ങൾ ഇവരോട് ചോദിച്ചറി​യാം. ഒന്നു മുതൽ 12 വരെ ക്ലാസിലെ കുട്ടികൾക്കാണ് ക്ലാസ്.

കൊവിഡ് സമയത്ത് ഓൺലൈൻ പഠനത്തിന് ടാബ് ലഭി​ച്ചവരും പദ്ധതിയുടെ ഭാഗമാകും. ഇന്റർനെറ്റ് കണക്ഷന് സേവനദാതാക്കളുടെ സഹായം തേടും.ചങ്ങാതിക്കൂട്ടം പദ്ധതിയി​ലെ കുട്ടി​കളെ കിടപ്പിലായ കുട്ടികളുടെ വീടുകളിലെത്തിച്ച് അവരുമായി​ ഇടപഴകിക്കാനുള്ള ശ്രമങ്ങളും പദ്ധതി​യി​ൽ ഉദ്ദേശി​ക്കുന്നുണ്ട്.

ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തുക 168 ബി.ആർ.സികളിൽ ഓരോന്നിന്റെ കീഴിലും രണ്ട് വീതം 336 കുട്ടികളെ സംസ്ഥാനത്തുള്ളത്. കിടപ്പിലായ 4-12 വയസുകാരായ 8,427 വിദ്യാർത്ഥികൾ. ഇവരിലെ പഠിക്കാൻ കഴിവുള്ള 40 കുട്ടികളിൽ ഘട്ടങ്ങളായി പദ്ധതി എത്തിക്കും. ചലനശേഷി പ്രശ്നമുള്ള വിദ്യാർത്ഥികളാണ് പദ്ധതിയുടെ ഭാഗമാകുന്നത്. ഇവർക്കായി വെർച്വൽ ക്ലാസ് മുറികൾ ഒരുക്കി കൃത്യമായി വിദ്യാഭ്യാസം നൽകുകയാണ് ലക്ഷ്യം.

Comments are closed.