ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നവരുടെ എണ്ണം ഉയർത്തും: മുഖ്യമന്ത്രി

മലപ്പുറം: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നവരുടെ എണ്ണത്തിൽ സംസ്ഥാനത്തെ ഉയർത്തിക്കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകോത്തര നിലവാരത്തിലേക്ക് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ വളർത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലിക്കറ്റ് സർവകലാശാലയിൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 250 കോടി രൂപ ചെലവിൽ പുതുതായി ആരംഭിച്ച സംരംഭങ്ങളുടെ ഉദ്ഘാടനവും നിർമ്മാണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിലവിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നവരുടെ അനുപാതത്തിൽ 43.2 എന്ന സ്‌കോറോടെ രാജ്യത്ത് മൂന്നാമതാണ് കേരളം. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് 10 ശതമാനം സ്‌കോർ ഉയർത്താൻ സംസ്ഥാനത്തിനായി. സംസ്ഥാനത്തെ പടിപടിയായി ഉയർത്തി 75 എന്ന സ്‌കോറിലെത്തിക്കും. പരീക്ഷാ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലുമുള്ള പാകപ്പിഴവുകളായിരുന്നു സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ശാപമായി കണ്ടിരുന്നത്. കാലിക്കറ്റ് സർവകലാശാല ആരംഭിക്കുന്ന സെന്റർ ഫോർ എക്സാമിനേഷൻ ഓട്ടോമേഷൻ ആന്റ് മാനേജ്‌മെന്റ് സംവിധാനം വഴി ഇത് പരിഹരിക്കാനാവും. ചരിത്രത്തെ തിരുത്താനും കെട്ടുകഥകൾ കൊണ്ട് ചരിത്രപുസ്തകങ്ങൾ നിറയ്ക്കാനുമുള്ള ശ്രമങ്ങൾ നടന്നു വരുന്ന ഇക്കാലത്ത് എല്ലാ പ്രദേശങ്ങളുടെയും ചരിത്രത്തെക്കുറിച്ച് ശരിയായ ഗവേഷണങ്ങളും പഠനങ്ങളും ഉണ്ടാവേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. പരീക്ഷാ ഭവൻ സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്ന സീം (സെന്റർ ഫോർ എക്സാമിനേഷൻ ഓട്ടോമേഷൻ ആന്റ് മാനേജ്‌മെന്റ്), മഹത്മാ അയ്യങ്കാളി ചെയർ, ഡോ ബി.ആർ.അംബേദ്കർ ചെയർ, സെന്റർ ഫോർ മലബാർ സ്റ്റഡീസ് എന്നിവയുടെ ഉദ്ഘാടനവും പുതിയ അക്കാദമിക് ബിൽഡിംഗ്, സുവർണ ജൂബിലി പരീക്ഷാ ഭവൻ ബിൽഡിംഗ്,​ സിഫ് ബിൽഡിംഗ് എന്നിവയുടെ ശിലാസ്ഥാപനവുമാണ് മുഖ്യമന്ത്രി നിർവഹിച്ചത്.ഗോൾഡൻ ജൂബിലി അക്കാദമിക് ഇവാല്യുവേഷൻ ബിൽഡിംഗ്, മെൻസ് ഹോസ്റ്റൽ അനക്സ് എന്നിവയുടെ ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസും കായികവിഭാഗം ഓഫീസ് കെട്ടിടം, കായിക ഹോസ്റ്റൽ എന്നിവയുടെ ഉദ്ഘാടനം മന്ത്രി വി.അബ്ദുറഹ്മാനും നിർവഹിച്ചു. പ്രോ വൈസ് ചാൻസലർ പ്രൊഫ. ഡോ.എം.നാസർ വിഷൻ സ്റ്റേറ്റ്‌മെന്റ് അവതരിപ്പിച്ചു.

ചടങ്ങിൽ എം.പി.അബ്ദുസമദ് സമദാനി എം.പി., എം.എൽ.എ.മാരായ പി.അബ്ദുൾ ഹമീദ്, വൈസ് ചാൻസലർ ഡോ.എം.കെ ജയരാജ്, രജിസ്ട്രാർ ഡോ.ഇ.കെ.സതീഷ്, സിൻഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ. എം.എം.നാരായണൻ, കെ.കെ.ഹനീഫ, ഡോ. കെ.ഡി.ബാഹുലേയൻ, എൻ.വി.അബ്ദുറഹിമാൻ, പ്രൊഫ.ഡോ.എം.മനോഹരൻ പ്രസംഗിച്ചു.

Comments are closed.