അരീക്കോട് മേഖല റോഡ് ആക്സിഡൻറ് ആക്ഷൻ ഫോറം (റാഫ്) നിലവിൽ വന്നു

അരീക്കോട് : അരീക്കോട് മമതാ ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന് റോഡ് ആക്സിഡൻറ് ആക്ഷൻ ഫോറം (റാഫ്) അരീക്കോട് മേഖല യോഗം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി കെ കെ ജയൻ ഉദ്ഘാടനം ചെയ്തു. കെ സുലൈമാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ഭാരവാഹികളായ ബിന്ദു രാമനാട്ടുകര, സാബിറ .സി, എൻ. അബ്ദുറഹീം, സലീം പത്തനാപുരം, കെ.എ ജബ്ബാർ മൈത്ര, അഡ്വ. ജലീൽ, പി.പി ഇസ്മായിൽ മാസ്റ്റർ, വി.സി ചേക്കു എന്നിവർ പ്രസംഗിച്ചു. അരീക്കോട് മേഖല ഭാരവാഹികളായി അഹമ്മദ് റഹ്മത്തുള്ള പ്രസിഡണ്ടും, പി.കെ സാജിദ് സെക്രട്ടറിയുമായ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

കോടികൾ ചിലവഴിച്ച് അരീക്കോട് വഴി കടന്നുപോകുന്ന പ്രധാന പാത പുനർനിർമാണം നടത്തിയെങ്കിലും കാലങ്ങളായി അരീക്കോട് നിലനിൽക്കുന്ന ഗതാഗതകുരുക്കിന് പരിഹാരമായിട്ടില്ല. വൈകുന്നേര സമയങ്ങളിൽ അരീക്കോട് ടൗൺ പൂർണമായും ഗതാഗതം സ്തംഭിക്കുന്ന സ്ഥിതിയാണുള്ളത്. അരീക്കോട്-മുക്കം പാലത്തിൻറെ ശോചനീയാവസ്ഥയും നഗരത്തിന് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. വീതിയില്ലാത്തതും ക്ഷയിച്ചതുമായ പാലം ഉടൻ പുനർ നിർമ്മിക്കണം എന്നാണ് ആവശ്യം. ദിനേനെ നിരവധി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ കാൽനടയായി സഞ്ചരിക്കേണ്ട അരീക്കോട് പാലത്തിന് ഒരു അടി വീതിയിൽ പോലും നടപ്പാതയില്ല. മാത്രവുമല്ല പാലത്തിൻറെ ഇരു കൈവരികളിലും വിവിധ ഗവൺമെൻറ് ഡിപ്പാർട്ട്മെൻറ്കളുടെ പൈപ്പ് ലൈനുകളും കേബിളുകളും കടന്നുപോകുന്നുണ്ട്.

ഗതാഗതക്കുരുക്കിന് മറ്റൊരു കാരണം റോഡിൻറെ ഇരുവശങ്ങളിലും ഉള്ള പാർക്കിംഗ് ആണ്. പലപ്പോഴും ജോലിക്ക് വേണ്ടി അരീക്കോട് നിന്നും പൊതുഗതാഗത മാർഗം ഉപയോഗപ്പെടുത്തി യാത്ര ചെയ്യുന്നവർ അവരുടെ സ്വന്തം വാഹനം റോഡ് സൈഡിൽ പാർക്ക് ചെയ്ത് പോകുന്ന സ്ഥിതിയാണുള്ളത്. ഗതാഗത കുരുക്കിന് പുറമേ കാൽനടയാത്രക്കാരുടെ യാത്രമാർഗ്ഗം തടസ്സപ്പെടുത്തിക്കൊണ്ട് വഴിയോരക്കച്ചവടക്കാർ ഫുട്പാത്തിൽ വിപണനം നടത്തുന്നതും മറ്റു സ്ഥാപനങ്ങൾ അവരുടെ കച്ചവട വസ്തുക്കൾ ഫുട്പാത്തിലേക്ക് ഇറക്കിവെക്കുന്നതും കാൽനടയാത്രയെ സാരമായി ബാധിക്കുന്നുണ്ട്. പ്രശ്നം വിശദമായി പഠിച്ച് ശാശ്വതമായ പരിഹാരം കാണണമെന്ന് റാഫ് അരീക്കോട് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Comments are closed.