സെവൻസിൽ സൂപ്പറായി സൂപ്പർ സ്റ്റുഡിയോ

മലപ്പുറം: സീസണിലെ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ കരുത്തരായി സൂപ്പർ സ്റ്റുഡിയൊ മലപ്പുറം. കളിച്ച എട്ട് ടൂർണമെൻറുകളിലെ ഫൈനലുകളിൽ സൂപ്പർ സ്റ്റുഡിയോ കപ്പ് ഉയർത്തി. എതിരാളികളും മുൻ സീസണിലെ ശക്തരുമായ ഫിഫ മഞ്ചേരിയേയും, അൽ മദീന ചെർപ്പുളശ്ശേരിയേയും ബഹുദൂരം പിറകിലാക്കിയായിരുന്നു വിജയം. സീസണിൽ കളിച്ച മുഴുവൻ ഫൈനലിലും വിജയമെന്നത് സെവൻസിലെ വലിയതും അപൂർവവുമായ നേട്ടമാണ്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസർകോഡ്, കണ്ണൂർ, തൃശ്ശൂർ ജില്ലകളിലായി ഇരുപതിലേറെ ടൂർണമെൻറുകളാണ് നടന്നത്.

ജില്ലയിലെ പ്രമുഖ ടൂർണമെന്റുകളിൽ ഒന്നായ കോട്ടയ്ക്കൽ അൽ അസ്ഹറിൽ സെമി ഫൈനൽപോലും കാണാതെ പുറത്തായത് മാത്രമാണ് സൂപ്പർ സ്റ്റുഡിയൊയുടെ നഷ്ടം. കോട്ടയ്ക്കലിൽ സീസണിലെ ദുർബലരായ കെ.എഫ്.സി. കാളികാവിനോടാണ് തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്. മുൻകാല സെവൻസ് താരം കൂടിയായ സൂപ്പർ ബാവയാണ് ടീമിന്റെ ഉടമ. ഇംതിയാസ് കല്പകഞ്ചേരിയാണ് ടീം മാനേജർ. രണ്ടാം സ്ഥാനക്കാർ സെവൻസ് ടൂർണമെന്റിലെ സീനിയർ താരം വാഹിദ് സാലി നയിക്കുന്ന യുണൈറ്റഡ് എഫ്.സി. നെല്ലിക്കുത്താണ്. വെള്ളിയാഴ്ച അവസാനിച്ച അരീക്കോട് തെരട്ടമ്മൽ ടൂർണമെൻറ്‌ ഫൈനൽ ഉൾപ്പെടെ മൂന്ന് കിരീടം ഇവർ നേടി.

കഴിഞ്ഞ സീസണിലെ രാജാക്കന്മാരായ അൽ മദീന ചെർപ്പുളശ്ശേരിക്ക് ഫൈനലിൽ പിഴച്ചു. ഏഴ് ടൂർണമെൻറുകളിൽ ഫൈനലിൽ എത്തിയെങ്കിലും രണ്ടെണ്ണത്തിൽ മാത്രമാണ് വിജയിക്കാനായത്. അഞ്ചെണ്ണത്തിൽ റണ്ണേഴ്സ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. നാല് ഫൈനൽ കളിച്ച സബാൻ കോട്ടയ്ക്കൽ രണ്ടെണ്ണത്തിൽ കിരീടംനേടി. അഞ്ച് ഫൈനൽ കളിച്ച ജിംഖാന തൃശ്ശൂരിന് ഒന്നിൽ മാത്രമാണ് ജയിക്കാനായത്. ഫിഫ മഞ്ചേരിക്കും ഫൈനൽ വില്ലനായി. നാല് ഫൈനലുകളിൽ ഒന്നിൽ മാത്രമാണ് ജയിച്ചത്.

Comments are closed.