ജില്ലയിൽ പടർന്ന് ലഹരിപ്പുക

മലപ്പുറം: ജില്ലയിലെ യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമിടയിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എയുടെ ഉപയോഗം വർദ്ധിക്കുന്നു. നർക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക്ക് സബ്സ്റ്റൻസസ്(എൻ.ഡി.പി.എസ്)​ ആക്ട് പ്രകാരം രണ്ട് മാസത്തിനിടെ 66 കേസുകളിലായി 68 പേർ അറസ്റ്റിലായി. ജനുവരിയിൽ 29 കേസുകളും ഫെബ്രുവരിയിൽ 37 കേസുകളും രജിസ്റ്റർ ചെയ്തു. 2022ൽ 357 പേർ അറസ്റ്റിലായിരുന്നു.

19നും 25നും ഇടയിൽ പ്രായമുള്ളവരാണ് ലഹരിക്ക് അടിമപ്പെടുന്നവരിൽ കൂടുതലും. എം.ഡി.എം.എ ആണ് കൂടുതലായി ഉപയോഗിക്കുന്നത്. ചെറിയ അളവിൽ പോലും ആറ് മണിക്കൂർ വരെ ലഹരി ലഭിക്കും. ഉപയോഗിച്ചാലും അത്ര പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ലെന്നതും സിന്തറ്റിക് ലഹരിയിലേക്ക് ആളുകളെ അടുപ്പിക്കുന്നുണ്ട്. രണ്ട് വർഷം മുമ്പ് വരെ പെൺകുട്ടികൾ ലഹരി ഉപയോഗിക്കുന്നത് വിരളമായിരുന്നെങ്കിൽ ഇന്ന് കൂടുതൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് എക്സൈസ് വകുപ്പ് അധികൃതർ പറയുന്നു.

മയക്കുമരുന്നിന്റെ ലഹരി അറിഞ്ഞവർ പിന്നീട് കാരിയർമാരാവുകയാണ്. വിതരണ ശൃംഖലയിൽ ചേർന്ന് ചെറുപ്രായത്തിലേ ജയിലിലാകുന്നവരുടെ എണ്ണവും ചെറുതല്ല. വിദ്യാർത്ഥികളെ ഏജന്റുമാരാക്കി മാറ്റുന്നത് മാഫിയയുടെ താത്പര്യമാണ്. സ്‌കൂൾ യൂണിഫോമിൽ പോയാൽ ആരും പെട്ടെന്ന് ശ്രദ്ധിക്കാത്തതാണ് ലഹരി മാഫിയ കുട്ടികളെ ലക്ഷ്യമാക്കി വലിയ തോതിൽ പ്രവർത്തിക്കാൻ കാരണം.

ലഹരിയിൽ നിന്ന് യുവതലമുറയെ അകറ്റുകയെന്ന ലക്ഷ്യത്തോടെ ‘ലഹരിയിൽ നിന്ന് കായിക ലഹരിയിലേക്ക് ‘ എന്ന സന്ദേശവുമായി എക്സൈസ് വകുപ്പ് ജില്ലയിൽ വിവിധയിടങ്ങളിൽ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. റെസിഡന്റ്‌സ് അസോസിയേഷനുകൾ കേന്ദ്രീകരിച്ച് ഭാരവാഹികളെ ഉൾപ്പെടുത്തി വാട്ട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി അവരുമായി ബന്ധപ്പെട്ട് ലഹരിക്കെതിരെയുള്ള ബോധവത്ക്കരണ പരിപാടികൾ എക്‌സൈസ് വകുപ്പ് ആലോചിക്കുന്നുണ്ട്. വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് ലഹരി വിമുക്തി ക്ലബുകൾ രൂപീകരിച്ച് ബോധവത്കരണ പരിപാടികളും തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ ജിംനേഷ്യവും മറ്റുമൊരുക്കി കായിക-പാഠ്യേതര പരിപാടികളിലേക്ക് കുട്ടികളുടെ ശ്രദ്ധ തിരിക്കാനും ശ്രമങ്ങൾ നടത്തിവരുന്നുണ്ട്.

Comments are closed.