കേരള സ്റ്റോറിക്ക് തമിഴ്നാട്ടിൽ നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് തമിഴ്നാട് സർക്കാർ. കേരള സ്റ്റോറി നിരോധിച്ചിട്ടില്ല, പ്രദർശനം നിർത്തിവയ്ക്കുകയായിരുന്നുവെന്ന് സർക്കാർ സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. തമിഴ്നാട് എഡിജിപി ആണ് സത്യവാങ്മൂലം സമർപ്പിച്ചത്. മോശം അഭിപ്രായത്തെ തുടർന്ന് പ്രദർശനങ്ങൾ അവസാനിപ്പിക്കുന്നതായി സർക്കാർ കോടതിയെ അറിയിച്ചു.
ദി കേരള സ്റ്റോറി സിനിമയുടെ റിലീസിൽ കേരള ഹൈക്കോടതി ഇടപെടാത്തതിനെതിരെ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഡൽഹി നിസാമുദ്ദീൻ ഈസ്റ്റ് സ്വദേശി ഖുർബാൻ അലി സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. ഇന്നലെ ഹർജി ലിസ്റ്റ് ചെയ്‌തിരുന്നെങ്കിലും സമയക്കുറവ് കാരണം വാദം കേട്ടില്ല. സിനിമ വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമാണ് ഹർജിയിലെ ആരോപണം. സിനിമയുടെ റിലീസ് സ്റ്റേ ചെയ്യാൻ കേരള ഹൈക്കോടതി തയ്യാറായിരുന്നില്ല.
അതേസമയം മെയ് അഞ്ചിനാണ് കേരള സ്റ്റോറി റിലീസ് ചെയ്തത്. ഇതുവരെ ഉള്ള കണക്ക് പ്രകാരം അതായത്, ഒൻപത് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ചിത്രം ഇടം പിടിച്ചതായി ട്രേഡ് അനലിസ്റ്റ് ആയ തരൺ ആദർശ് ട്വീറ്റ് ചെയ്യുന്നു. ആദ്യ ആഴ്ചയിൽ മികച്ച പ്രകടനം കാഴ്ച വച്ച ചിത്രം, രണ്ടാം ആഴ്ചയിൽ വെള്ളിയാഴ്ച 12.35 കോടിയും ശനിയാഴ്ച 19.50 കോടിയും നേടി. ഇന്ത്യൻ ബോക്സ് ഓഫീസ് കണക്കാണിത്. ആകെമൊത്തം 112.99 കോടിയാണ് കേരള സ്റ്റോറി സ്വന്തമാക്കിയിരിക്കുന്നത്. സുദീപ്‌തോ സെൻ സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം 7.5 കോടി നേടിയത്.
Comments are closed.