ബംഗളൂരു: നഗരഹൃദയത്തിലെ കെആർ സർക്കിളിലുള്ള അടിപ്പാതയിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിൽ കാർ മുങ്ങി ഐടി സ്ഥാപനത്തിലെ ജീവനക്കാരി മരിച്ചു. ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളും ഡ്രൈവറുമുൾപ്പെടെ അഞ്ചു പേരെ അഗ്നിരക്ഷാസേന രക്ഷപെടുത്തി. ആന്ധ്രപ്രദേശിലെ വിജയവാഡയിൽ നിന്നു കർണാടക തലസ്ഥാനത്തെത്തിയ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ഇൻഫോസിസ് ജീവനക്കാരി ഭാനുരേഖ (22)യ്ക്കാണു ദാരുണാന്ത്യം.
അടിപ്പാതയിൽ വെള്ളക്കെട്ടു കണ്ടെങ്കിലും കാർ കടന്നുപോകുമെന്ന കണക്കുകൂട്ടലിൽ ഡ്രൈവർ ഇവിടേക്ക് വാഹനം ഇറക്കുകയായിരുന്നു. പകുതി വഴിയെത്തിയപ്പോൾ എൻജിൻ നിന്നു. ഇതിനൊപ്പം വെള്ളം ഇരച്ചുകയറിയതോടെ കാർ മുങ്ങി. സംഭവം കണ്ടു നിന്ന നാട്ടുകാർ സാരിയും കയറും എറിഞ്ഞുകൊടുത്തെങ്കിലും കാറിലുണ്ടായിരുന്നവർക്ക് ഇതിൽ പിടിക്കാനായില്ല. തുടർന്നെത്തിയ അഗ്നിരക്ഷാ സേനയിലെ അംഗങ്ങൾ കാറിനടുത്തേക്കു നീന്തിച്ചെന്നു രണ്ടു പേരെ പുറത്തെത്തിച്ചു. മറ്റുള്ളവരെ കോണി ഉപയോഗിച്ചും പുറത്തേക്കെത്തിച്ചു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഭാനുരേഖ മരണമടയുകയായിരുന്നു.
വിധാൻ സൗധയ്ക്ക് തൊട്ടടുത്തു നടന്ന ദുരന്തത്തെക്കുറിച്ച് അറിഞ്ഞ മുഖ്യമന്ത്രി എസ്. സിദ്ധരാമയ്യ ആശുപത്രിയിലെത്തി. ഭാനുരേഖയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച അദ്ദേഹം പരുക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകുമെന്ന് അറിയിച്ചു. ഇതേ അടിപ്പാതയിൽ ഒരു ഓട്ടൊറിക്ഷയും അപകടത്തിൽപ്പെട്ടുവെങ്കിലും ഇതിലെ യാത്രക്കാരി വാഹനത്തിനു മുകളിലേക്കു ചാടിക്കയറിയതിനാൽ രക്ഷപെട്ടു. ഇവരെ അഗ്നിരക്ഷാസേനയെത്തിയാണ് പുറത്തെത്തിച്ചത്. നഗരത്തിൽ പെയ്ത കനത്ത മഴയിൽ മജെസ്റ്റിക്കിലേതുൾപ്പെടെ അടിപ്പാതകളിൽ നിരവധി വാഹനങ്ങൾ കുടുങ്ങി.
Comments are closed.