റണ്‍ മന്ത്രി റണ്‍…; ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ മാധ്യമങ്ങള്‍ പ്രതികരണം തേടി: മൈക്കുകള്‍ക്ക് മുന്നില്‍ നിന്ന് ഓടിരക്ഷപ്പെട്ട് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി

ഡല്‍ഹിയില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുടെ സമരങ്ങളേക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഓടിയൊളിച്ച് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. ഡല്‍ഹിയില്‍ വെച്ച് ഗുസ്തി താരങ്ങളുടെ സമരത്തെക്കുറിച്ചു കേന്ദ്രമന്ത്രിക്ക് എന്താണു പറയാനുള്ളതെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. എന്നാല്‍, ഇതിന് മറുപടി പറയാന്‍ അവര്‍ തയാറായില്ല. തുടര്‍ന്നും ചോദ്യം ചോദിച്ചപ്പോള്‍ അവര്‍ ഓടുകയായിരുന്നു. തുടര്‍ന്ന് അവര്‍ കുറച്ച് ദൂരം ഓടിയശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം കാറിലേക്ക് കയറി പോകുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

https://twitter.com/INCIndia/status/1663609994603016192?s=20

ലൈംഗികാത്രിക്രമ പരാതിയില്‍ പ്രതിയായ ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണു ഗുസ്തി താരങ്ങള്‍ സമരം ചെയ്യുന്നത്. കഴിഞ്ഞ ദിവസത്തെ സംഭവങ്ങളില്‍ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ തുടങ്ങിയവരെ പ്രതി ചേര്‍ത്തു ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് രാജ്യാന്തര മത്സരങ്ങളില്‍ ഉള്‍പ്പെടെ ലഭിച്ച മെഡലുകള്‍ ഗംഗാ നദിയില്‍ ഒഴുക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഹരിദ്വാറില്‍ എത്തിയ ഗുസ്തി താരങ്ങളെ ഇന്നലെ വൈകിട്ട് കര്‍ഷക നേതാക്കള്‍ പിന്തിരിപ്പിച്ചു.
അതേസമയം, തനിക്കെതിരെയുള്ള കുറ്റം തെളിയിക്കുമെങ്കില്‍ തൂങ്ങിമരിക്കാനും തയ്യാറാണെന്ന് ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്. തെളിവുണ്ടെങ്കില്‍ കോടതിയിലോ പൊലീസിലോ ഗുസ്തി താരങ്ങള്‍തെളിവുകള്‍ നല്‍കണം. എന്ത് ശിക്ഷ ഉണ്ടെങ്കിലും അത് ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും ബ്രിജ് ഭൂഷണ്‍ഗുസ്തി താരങ്ങളെ വെല്ലുവിളിച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം ഏഴ് വനിതാ ഗുസ്തിതാരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനെ പ്രതി ചേര്‍ത്തത്. എംപിക്കെതിരായ നടപടികള്‍ വൈകിയതോടെയാണ് പരസ്യ പ്രതിഷേധവുമായി സാക്ഷി മാലിക്കിന്റെ നേതൃത്വത്തില്‍ ഗുസ്തിതാരങ്ങള്‍ രംഗത്ത് വന്നത്.

നാല് മാസമായി അവര്‍ക്കെന്നെ തൂക്കിക്കൊല്ലണം. കേന്ദ്രസര്‍ക്കാര്‍ എന്നെ തൂക്കിക്കൊല്ലുന്നില്ല. അതു കൊണ്ടാണ് അവര്‍ മെഡലുകള്‍ ഗംഗയിലെറിയാന്‍ ഒരുങ്ങിയത്. മെഡലുകള്‍ എറിഞ്ഞതുകൊണ്ട് തന്നെ ആരും തൂക്കിക്കൊല്ലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments are closed.