റെസ്റ്റോറന്റ് മേഖലയ്ക്ക് ആശ്വാസം: രാജ്യത്ത് വാണിജ്യ പാചക വാതകത്തിന്റെ വില കുറച്ചു

രാജ്യത്ത് പാചക വാതകത്തിന്റെ വില കുറച്ചു. വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയാണ് ഇത്തവണ കുറച്ചത്. പുതുക്കിയ നിരക്കുകൾ അനുസരിച്ച്, വാണിജ്യ സിലിണ്ടറിന് 83 രൂപയാണ് കുറച്ചത്. ഇതോടെ, 19 കിലോ വാണിജ്യ സിലിണ്ടറിന് ഇനി മുതൽ 1,812 രൂപ നൽകിയാൽ മതിയാകും. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില പരിഷ്കരിച്ചിട്ടില്ല.

കഴിഞ്ഞ മാസം ആദ്യം വാണിജ്യ സിലിണ്ടർ വിലയിൽ പെട്രോളിയം, ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ 171.50 രൂപയുടെ കുറവ് വരുത്തിയിരുന്നു. ഏപ്രിൽ മാസത്തിൽ 91.50 രൂപയാണ് കുറച്ചത്. ഇതോടെ, മൂന്ന് മാസത്തിനിടെ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 346.50 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ആഗോള വിപണിയിലെ വിലയിടിവാണ് എൽപിജി വിലയിൽ പ്രതിഫലിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ആഗോള വിപണിയിൽ 6 ശതമാനത്തോളം ഇടിവ് ഉണ്ടായിട്ടുണ്ട്. വാണിജ്യ സിലിണ്ടറുകളെ അമിതമായി ആശ്രയിക്കുന്ന ഹോട്ടലുകൾ, റെസ്റ്റോറന്റ്, ചെറുകിട സംരംഭങ്ങൾ എന്നിവയ്ക്ക് പുതുക്കിയ നിരക്കുകൾ ഏറെ ആശ്വാസമാകും.

Comments are closed.